ഉപയോഗിച്ച് കളയുന്നതും അല്ലാത്തതുമായ സാദാ ഷേവിങ് സെറ്റുകള്‍ ഉപയോഗിക്കുമ്പോള്‍ മുറിവും അലര്‍ജിയും കൂടപ്പിറപ്പാണ്. ബ്ളേഡുകളും മറ്റ് പ്ളാസ്റ്റിക് വസ്തുക്കളും വലിച്ചെറിയുന്നതുമൂലമുണ്ടാവുന്ന പരിസ്ഥിതി മലിനീകരണം പറയുകയും വേണ്ട. ഇനി ലോഹ ബ്ളേഡുള്ള റേസറിന് പകരം ലേസര്‍ രശ്മി ഉപയോഗിച്ച് ഷേവ് ചെയ്യാവുന്ന ഷേവിങ് സെറ്റ് വിപണില്‍ എത്താന്‍ സമയംനോക്കുകയാണ്. പണം സ്വരൂപിച്ച് പുതിയ കണ്ടുപിടിത്തങ്ങള്‍ നടത്തുന്ന കിക്സ്റ്റാര്‍ട്ടര്‍ പദ്ധതിയില്‍ സ്കാര്‍പ് എന്ന കമ്പനിയാണ് ഈ ലേസര്‍ റേസര്‍ യാഥ്യാര്‍ഥ്യമാക്കുന്നത്. സ്കാര്‍പ് ലേസര്‍ റേസര്‍ (Skarp Laser Razor) എന്നാണ് പേര്. 6061 അലൂമിനിയം ഉപയോഗിച്ച് സാധാരണ ഷേവിങ് സെറ്റുകളുടെ രൂപത്തിലാണ് പ്രാഥമിക രൂപം നിര്‍മിച്ചിരിക്കുന്നത്.
ഈ റേസര്‍ ഉപയോഗിച്ച് ഷേവ് ചെയ്യാന്‍ വെള്ളവും വേണ്ട. വെള്ളത്തിലും ഉപയോഗിക്കാവുന്ന നിര്‍മിതി ആയതിനാല്‍ കുളിക്കുമ്പോഴും ഷേവ് ചെയ്യാം. ലേസര്‍ ഉപയോഗിച്ച് രോമങ്ങള്‍ നീക്കുന്ന സാങ്കേതികവിദ്യ തന്നെയാണ് ഷേവിങ്ങിനും ഉപയോഗിക്കുന്നത്. ശരീരത്തിന് ദോഷകരമല്ലാത്ത ഊര്‍ജം കുറഞ്ഞ ഇന്‍റന്‍സ് പള്‍സ്ഡ് ലൈറ്റ് (അതിതീവ്ര തരംഗത്തിലുള്ള പ്രകാശം) ആണ് ഷേവിങ്ങില്‍ രോമം നീക്കുന്നത്. രോമം ഉരുക്കുന്നതിന് പകരം മണമോ പൊള്ളലോയില്ലാതെ മുറിച്ചുകളയുകയാണ് ഇവിടെ. മുഖക്കുരുവവുള്ള, സെന്‍സിറ്റീവായ ത്വക്കുള്ളവര്‍ക്കും ഉപയോഗിക്കാം. ഈ ലേസര്‍ രശ്മി നേരിട്ട് കണ്ണില്‍ പതിച്ചാലും കുഴപ്പമില്ളെന്ന് സ്കാര്‍പ് കമ്പനി പറയുന്നു. 50,000 മണിക്കൂറാണ് ഈ ലേസര്‍ റേസറിന്‍െറ ആയുസ്. ഒരു AAA സൈസ് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. ഇത് ഒരു മാസത്തെ ഉപയോഗത്തിന് ധാരാളമാണ്. ഇതുവരെ ഈ പദ്ധതി ഒരു കോടി രൂപ സമാഹരിച്ചു. ഒക്ടോബര്‍ 19 വരെയാണ് ഫണ്ട് സമാഹരണം. 200 ഡോളര്‍ അഥവാ 12,000 രൂപയോളമാണ് വില പ്രതീക്ഷിക്കുന്നത്. നിര്‍മാണവും ക്ളിനിക്കല്‍ ടെസ്റ്റിങ്ങും കൃത്യ സമയത്ത് നടന്നാല്‍ 2016 മാര്‍ച്ചില്‍ വിപണിയിലത്തെിക്കാനാണ് ലക്ഷ്യമിടുന്നത്.