രാജ്യത്ത് 6ജി പരീക്ഷണം വിജയകരം; റെക്കോഡ് വേഗത
text_fieldsദുബൈ: മിഡിൽ ഈസ്റ്റിൽ ആദ്യമായി 6ജി പരീക്ഷിച്ച് വലിയ നേട്ടം കൈവരിച്ച് യു.എ.ഇ. ടെലിഫോൺ സേവന ദാതാക്കളായ ഇ ആൻഡും ന്യൂയോർക് യൂനിവേഴ്സിറ്റി അബൂദബിയും ചേർന്നാണ് 6ജി നെറ്റ്വർക്ക് വിജയകരമായി പരീക്ഷിച്ചത്. സെക്കൻഡിൽ 145 ജിഗാബൈറ്റ്സാണ് 6ജിയുടെ വേഗം. നിലവിലുള്ള എല്ലാ സംവിധാനങ്ങളെയും കവച്ചുവെക്കുന്ന ബുദ്ധിപരവും ആഴത്തിലുള്ളതും സുസ്ഥിരവുമായ കണക്ടിവിറ്റിയാണ് പുതിയ സംവിധാനത്തിലൂടെ സാധ്യമാവുക.
ആശയവിനിമയ, സാങ്കേതിക രംഗങ്ങളിൽ യു.എ.ഇയുടെ വലിയ മുന്നേറ്റത്തിന് സുപ്രധാന ചുവടുവെപ്പായി 6ജി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.വ്യവസായ മേഖലക്കും യു.എ.ഇക്കും ഒരു വഴിത്തിരിവാണ് നേട്ടമെന്ന് ഇ ആൻഡ് യു.എ.ഇയിലെ ആക്ടിങ് ചീഫ് ടെക്നോളജി ആൻഡ് ഇൻഫർമേഷൻ ഓഫിസർ മർവാൻ ബിൻ ശാക്കിർ പ്രസ്താവിച്ചു. കണക്ടിവിറ്റിയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ അക്കാദമിക, വ്യവസായ സഹകരണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
‘ശൃംഖലകളുടെ ശൃംഖല’ സൃഷ്ടിക്കാൻ സാധിക്കുന്ന പുതിയ സംവിധാനം വഴി മരുഭൂമികളിലും കടൽപ്പാതകളിലും വ്യോമമേഖലയിലും കണക്ടിവിറ്റി ഉറപ്പാക്കാൻ സഹായിക്കുന്നതാണ്.പൈലറ്റ് പദ്ധതി മേഖലക്ക് ഒരു പ്രധാന നാഴികക്കല്ലാണെന്നും വയർലെസ് സാങ്കേതികവിദ്യയിൽ സംയുക്ത സഹകരണം എങ്ങനെ പുതിയ അതിർത്തികൾ തുറക്കുമെന്ന് ഇതു തെളിയിക്കുന്നുവെന്നും ന്യൂയോർക് യൂനിവേഴ്സിറ്റി അബൂദബിയിലെ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് മാനേജിങ് ഡയറക്ടർ സിഹാമുദ്ദീൻ ഗലാദാരി പറഞ്ഞു. അക്കാദമിക് മികവും യഥാർഥ ഓപറേറ്റർ വൈദഗ്ധ്യവും സംയോജിപ്പിച്ചുകൊണ്ട് യു.എ.ഇ 6ജി യുഗത്തിന്റെ സഹനിർമാതാവായി സ്വയം സ്ഥാനം നേടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

