നാനോ ബനാന മുതൽ വൈബ് കോഡിങ് വരെ!
text_fields1996ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം 'ഇന്ദ്രപ്രസ്ഥം' ഓർമയുണ്ടോ? നാസയ്ക്ക് വേണ്ടി താൻ ഒരു സോഫ്റ്റ്‌വെയർ വികസിപ്പിച്ചിട്ടുണ്ടെന്ന മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ഡയലോഗ് അന്ന് പലർക്കും വലിയ കൗതുകമായിരുന്നു. വിഡിയോയിലെ മുഖം മാറ്റുന്ന മോർഫിങ് സാങ്കേതികവിദ്യയും ചിത്രത്തിലെ കമ്പ്യൂട്ടർ രംഗങ്ങളുമെല്ലാം അന്നത്തെ പ്രേക്ഷകർക്ക് ഏറെ പുതുമയുള്ള കാഴ്ചകളായിരുന്നു. അന്ന് സിനിമയിൽ മാത്രം കണ്ടിരുന്ന പല സാങ്കേതികവിദ്യകളും ഇന്ന് യാഥാർഥ്യമായി നമ്മുടെ കൈകളിലെത്തിയിരിക്കുന്നു. അതിനൊപ്പം പുതിയ ചില വാക്കുകളും നമ്മുടെ സംസാരത്തിലേക്ക് കടന്നുവന്നു. മിക്കവർക്കും അറിയാമെങ്കിലും ഇതേക്കുറിച്ച് ഗ്രാഹ്യമില്ലാത്തവർക്ക് എളുപ്പത്തിൽ മനസ്സിലാകും വിധം നാനോ ബനാന മുതൽ വൈബ് കോഡിങ് വരെ, എ.ഐ കാലത്ത് കൂടുതൽ പരിചിതമായ അഞ്ച് ടെക് വാക്കുകളും അവയുടെ അർഥവും അറിയാം.
1. നാനോ ബനാന
പേരുകേൾക്കുമ്പോൾ ഒരു പഴത്തിന്റെ പേരാണെന്ന് തോന്നുമെങ്കിലും ഗൂഗിളിന്റെ എ.ഐ അധിഷ്ഠിത ചിത്രനിർമാണ, ചിത്ര എഡിറ്റിങ് സാങ്കേതികവിദ്യയുടെ പേരാണ് നാനോ ബനാന. ഒരു സാധാരണ ചിത്രം നൽകി അതിൽ വസ്ത്രം മാറ്റാനോ പശ്ചാത്തലം പുതുക്കാനോ പുതിയ ഘടകങ്ങൾ ചേർക്കാനോ ഇതിലൂടെ കഴിയും. ടെക്സ്റ്റ് നിർദേശങ്ങൾ നൽകിയാൽ അതിനനുസരിച്ച് ചിത്രങ്ങൾ സൃഷ്ടിക്കാനും സാധിക്കും.പഴയ ചിത്രങ്ങൾ പുതുക്കുക, ഒന്നിലധികം ചിത്രങ്ങൾ കൂട്ടിച്ചേർക്കുക, സാങ്കൽപ്പിക ചിത്രങ്ങൾ നിർമിക്കുക തുടങ്ങിയ ആവശ്യങ്ങൾക്കും ഇത് ഉപയോഗിക്കാം. എ.ഐ ഉപയോഗിച്ചുള്ള ചിത്രനിർമാണം സാധാരണക്കാർക്കിടയിൽ കൂടുതൽ ജനകീയമാക്കുന്നതിൽ നാനോ ബനാന വലിയ ശ്രദ്ധ നേടി.
2. പ്രോംപ്റ്റ്
എ.ഐയോട് നമ്മൾ നൽകുന്ന നിർദേശങ്ങൾക്കോ ചോദ്യങ്ങൾക്കോ ആണ് പ്രോംപ്റ്റ് എന്ന് പറയുന്നത്. ഒരു ചിത്രം നിർമിക്കാനോ ലേഖനം എഴുതാനോ വിവരങ്ങൾ കണ്ടെത്താനോ എ.ഐയോട് ആവശ്യപ്പെടുമ്പോൾ നൽകുന്ന വാക്കുകളാണ് പ്രോംപ്റ്റ്.ഉദാഹരണത്തിന്, 'മഴ പെയ്യുന്ന രാത്രിയിൽ കേരളത്തിലെ ഒരു ഗ്രാമത്തിന്റെ ചിത്രം നിർമിക്കുക' എന്ന നിർദേശം നൽകിയാൽ അതിനനുസരിച്ചുള്ള ചിത്രം എ.ഐ തയ്യാറാക്കും. വ്യക്തവും വിശദവുമായ നിർദേശങ്ങൾ നൽകുമ്പോൾ കൂടുതൽ കൃത്യമായ ഫലം ലഭിക്കാനുള്ള സാധ്യതയും വർധിക്കും.
3. ഡീപ്‌ഫേക്ക്
എ.ഐ ഉപയോഗിച്ച് ഒരാളുടെ മുഖമോ ശബ്ദമോ മറ്റൊരാളുടേതുമായി കൃത്രിമമായി മാറ്റുകയോ അനുകരിക്കുകയോ ചെയ്യുന്ന സാങ്കേതികവിദ്യയാണ് ഡീപ്‌ഫേക്ക്. യഥാർഥത്തിൽ ഒരാൾ പറയാത്ത കാര്യങ്ങൾ പറയുന്നതായും ചെയ്യാത്ത പ്രവൃത്തികൾ ചെയ്യുന്നതായും തോന്നിപ്പിക്കുന്ന വിഡിയോകളും ശബ്ദരേഖകളും ഇതിലൂടെ സൃഷ്ടിക്കാം.
സിനിമ, വിനോദം, ക്രിയേറ്റീവ് മേഖലകൾ എന്നിവയിൽ ഇതിന് പ്രയോജനങ്ങളുണ്ടെങ്കിലും വ്യാജവാർത്തകൾ പ്രചരിപ്പിക്കാനും സാമ്പത്തിക തട്ടിപ്പുകൾ നടത്താനും വ്യക്തികളുടെ പ്രതിച്ഛായ തകർക്കാനും ഡീപ്‌ഫേക്ക് ദുരുപയോഗം ചെയ്യപ്പെടാം. അതിനാൽ ഓൺലൈനിൽ കാണുന്ന എല്ലാ വിഡിയോകളും യഥാർഥമാണെന്ന് വിശ്വസിക്കരുത്. മാത്രവുമല്ല, തമാശക്കായി ഇത്തരം രംഗങ്ങൾ ക്രിയേറ്റ് ചെയ്യാതിരിക്കാനും ശ്രദ്ധിക്കണം.
4. വൈബ് കോഡിങ്
പ്രോഗ്രാമിങ് ഭാഷകൾ ആഴത്തിൽ അറിയാതെയും എ.ഐയുടെ സഹായത്തോടെ സോഫ്റ്റ്‌വെയറുകളും വെബ്സൈറ്റുകളും ആപ്പുകളും നിർമിക്കുന്ന രീതിയെയാണ് വൈബ് കോഡിങ് എന്ന് വിളിക്കുന്നത്.ഉദാഹരണത്തിന്, 'ഒരു ഭക്ഷണശാലയ്ക്കായി മെനുവും ഓൺലൈൻ ബുക്കിങ് സംവിധാനവുമുള്ള വെബ്സൈറ്റ് നിർമിക്കുക' എന്ന് എ.ഐയോട് ആവശ്യപ്പെട്ടാൽ അതിനാവശ്യമായ കോഡ് തയ്യാറാക്കാൻ എ.ഐക്ക് കഴിയും. പിന്നീട് ആവശ്യങ്ങൾക്കനുസരിച്ച് മാറ്റങ്ങൾ വരുത്താനും നിർദേശിക്കാം.പ്രോഗ്രാമിങ് പരിജ്ഞാനം കുറവുള്ളവർക്കും സ്വന്തം ആശയങ്ങൾ പരീക്ഷിക്കാനുള്ള അവസരമാണ് ഈ രീതി നൽകുന്നത്. എന്നാൽ എ.ഐ തയ്യാറാക്കുന്ന കോഡിൽ പിഴവുകളോ സുരക്ഷാ പ്രശ്നങ്ങളോ ഉണ്ടാകാം. അതിനാൽ പരിശോധന കൂടാതെ ഉപയോഗിക്കുന്നത് ഉചിതമല്ല.
5. എ.ഐ ഏജന്റ്
ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിൽ മാത്രം ഒതുങ്ങാതെ ഒരു ലക്ഷ്യം പൂർത്തിയാക്കാൻ സ്വയം വിവിധ ഘട്ടങ്ങൾ ആസൂത്രണം ചെയ്ത് പ്രവർത്തിക്കാൻ കഴിയുന്ന എ.ഐ സംവിധാനങ്ങളെയാണ് എ.ഐ ഏജന്റുകൾ എന്ന് വിളിക്കുന്നത്.ഉദാഹരണത്തിന്, ഒരു യാത്ര ആസൂത്രണം ചെയ്യാൻ ആവശ്യപ്പെട്ടാൽ യാത്രാസ്ഥലങ്ങൾ കണ്ടെത്തുക, ഹോട്ടലുകൾ താരതമ്യം ചെയ്യുക, യാത്രാ വിവരങ്ങൾ ക്രമീകരിക്കുക തുടങ്ങിയ ജോലികൾ ചെയ്യാൻ എ.ഐ ഏജന്റിന് കഴിയും. ആവശ്യമായ അനുമതികളും സംവിധാനങ്ങളിലേക്കുള്ള പ്രവേശനവും ലഭ്യമാണെങ്കിൽ ചില നടപടികൾ സ്വയം പൂർത്തിയാക്കാനും സാധിക്കും.സാധാരണ ചാറ്റ്ബോട്ടുകൾ പ്രധാനമായും വിവരങ്ങൾ നൽകുമ്പോൾ എ.ഐ ഏജന്റുകൾക്ക് പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കാനാകും.
സാങ്കേതികവിദ്യയുടെ വളർച്ചയ്ക്കൊപ്പം പുതിയ പദങ്ങളും നമ്മുടെ ദൈനംദിന ജീവിതത്തിലേക്ക് കടന്നുവരികയാണ്. ഒരിക്കൽ വിദഗ്ധർക്കിടയിൽ മാത്രം ചർച്ചയായിരുന്ന പല സാങ്കേതിക ആശയങ്ങളും ഇന്ന് മൊബൈൽ ഫോൺ ഉപയോഗിക്കുന്ന സാധാരണക്കാർക്കും പരിചിതമായിക്കഴിഞ്ഞു.ഇവയുടെ അർഥം മനസ്സിലാക്കുന്നത് പുതിയ സാങ്കേതികവിദ്യകളെ കൂടുതൽ എളുപ്പത്തിൽ തിരിച്ചറിയാനും അവയുടെ സാധ്യതകളും അപകടസാധ്യതകളും മനസ്സിലാക്കാനും സഹായിക്കും.

