ഒടുവില്‍ റോബോട്ടുകളും വിവാഹിതരായി
text_fieldsലോകത്തെ ആദ്യത്തെ റോബോട്ട് വിവാഹത്തിന് വേദിയൊരുക്കി ജപ്പാന്‍
ടോക്യോ: അങ്ങനെ പെണ്‍ റോബോട്ടും ആണ്‍ റോബോട്ടും ചരിത്രത്തിലാദ്യമായി മിന്നുകെട്ടി. പ്രൗഢസദസ്സിനെ സാക്ഷിയാക്കി നടന്ന ആദ്യ റോബോ മംഗല്യത്തിന് വേദിയായത് ജപ്പാനിലെ ടോക്യോ നഗരം. താലികെട്ടലും കേക്കുമുറിക്കലും സ്നേഹചുംബനവും ആട്ടവും പാട്ടും എല്ലാം ചേര്‍ന്നുള്ള റോബോ ദമ്പതികളുടെ വിവാഹം കാണാന്‍ നൂറിലധികം പേരാണ് ടിക്കറ്റെടുത്ത് ടോക്യോയിലെ ആയോമാ കേ കണ്‍വെന്‍ഷന്‍ സെന്‍ററിലത്തെിയത്.
മായ്വാ ഡെന്‍കി കമ്പനി നിര്‍മിച്ച ഫ്രോയിസ് എന്ന റോബോട്ടായിരുന്നു വരന്‍. ജപ്പാനിലെ പോപ് ഐഡോള്‍ ഗ്രൂപ്പിലെ ഗായിക യുകി കാഷ്വാഗിയുടെ രൂപത്തിന് നിര്‍മിച്ച യന്ത്രമനുഷ്യ വധുവും. ജാപ്പനീസ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായ തകായുകി ടുഡോയാണ് യുകിരന്‍ എന്ന പേരുള്ള റോബോ വധുവിനെ വികസിപ്പിച്ചത്.
ചുവപ്പും വെള്ളി നിറവും കലര്‍ന്ന മസില്‍മാന്‍ രൂപത്തിലുള്ള ഫ്രോയിസ് കല്യാണം പ്രമാണിച്ച് കഴുത്തില്‍ ഒരു ബോ ടൈ അണിഞ്ഞാണ് വേദിയിലത്തെിയത്. പരമ്പരാഗത വെള്ള ഗൗണും അണിഞ്ഞ് സുന്ദരിയായി വധുവുമത്തെി. കൈയടികളോടെ ഇരുവരെയും വേദിയിലേക്ക് ആനയിക്കപ്പെട്ടു. കല്യാണത്തില്‍ പങ്കെടുക്കാന്‍ അതിഥികളായി മനുഷ്യരും ഒപ്പം റോബോ സുഹൃത്തുക്കളും എത്തിയിരുന്നു. ആല്‍ഡെബാരന്‍ വികസിപ്പിച്ച പെപ്പര്‍ എന്ന റോബോട്ടായിരുന്നു കല്യാണത്തിന് നേതൃത്വം നല്‍കിയത്. വിവാഹത്തിനുശേഷം വധുവിന് ഫ്രോയിസ് റോബോ സ്നേഹചുംബനവും നല്‍കി. തുടര്‍ന്ന് കേക്ക് കട്ടിങ്ങും നടത്തി. റോബോട്ടിക് ബാന്‍ഡ് അവതരിപ്പിച്ച സംഗീതപരിപാടിയോടെയാണ് കല്യാണച്ചടങ്ങുകള്‍ പൂര്‍ത്തിയായത്. കല്യാണത്തിന് മുന്നോടിയായി കല്യാണക്കുറിയും സംഘാടകര്‍ അടിച്ചിറക്കിയിരുന്നു. 81 യു.എസ് ഡോളര്‍ മുടക്കിയാണ് അതിഥികള്‍ കല്യാണത്തില്‍ പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
