Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightമനുഷ്യ റോബോട്ടുകളുടെ ...

മനുഷ്യ റോബോട്ടുകളുടെ വര്‍ത്തമാനം

text_fields
bookmark_border
മനുഷ്യ റോബോട്ടുകളുടെ വര്‍ത്തമാനം
cancel

അതീവ ബുദ്ധിശാലികളായ റോബോട്ടുകള്‍ മനുഷ്യനെ കീഴടക്കുന്ന കാലം അത്ര വിദൂരമല്ളെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. ‘സ്വയം ബുദ്ധി’യുള്ള റോബോട്ടുകളെ ശാസ്ത്രലോകം വികസിപ്പിച്ചുകഴിഞ്ഞാല്‍, അത് ഏറ്റവുമധികം ഭീഷണിയായി തീരുക മനുഷ്യവംശത്തിനുതന്നെയായിരിക്കുമത്രെ. അതുകൊണ്ടുതന്നെ, ഈ മേഖലയില്‍ നടക്കുന്ന ഗവേഷണങ്ങളെ പലരും ആശങ്കയോടെയും ഭയത്തോടെയുമൊക്കെ നോക്കിക്കാണുന്നു. 


യഥാര്‍ഥത്തില്‍, നാം കരുതുന്നതുപോലെ, റോബോട്ടുകള്‍ അത്ര ബുദ്ധിശാലികളൊന്നുമല്ല. വേണമെങ്കില്‍ അവയെ ‘പമ്പര വിഡ്ഢി’കളെന്നു വിശേഷിപ്പിക്കുകയുമാവാം. പ്രോഗ്രാമര്‍മാര്‍ മുന്‍കൂട്ടി നല്‍കിയ നിര്‍ദേശങ്ങള്‍ക്കനുസരിച്ചു മാത്രമാണ് അവക്ക് പ്രവര്‍ത്തിക്കാനാവുക. പ്രോഗ്രാം കോഡുകളിലെ ചെറിയ മാറ്റംപോലും അവ നിശ്ചലമാക്കുകയും ചെയ്യും. മറ്റൊരര്‍ഥത്തില്‍, ചുറ്റുപാടുകളും സാഹചര്യങ്ങളും മനസ്സിലാക്കി സ്വയം തീരുമാനമെടുത്ത് കാര്യങ്ങള്‍ ചെയ്യാനുള്ള ശേഷി റോബോട്ടുകള്‍ക്കില്ല. എന്നുവെച്ച് ആദ്യം പറഞ്ഞ ആശങ്ക അസ്ഥാനത്തൊന്നുമല്ല. കാരണം, മനുഷ്യബുദ്ധിയോട് മത്സരിക്കാന്‍ പ്രാപ്തിയുള്ള പുതുതലമുറ റോബോട്ടുകളെ (ഹ്യൂമനോയിഡ് റോബോട്ടുകള്‍)വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഗവേഷകര്‍. 


സംഗീതം, സ്പോര്‍ട്സ് തുടങ്ങിയ മേഖലകളില്‍ നടക്കുന്നതുപോലെ റോബോട്ടിക്സിലും ഇപ്പോള്‍ റിയാലിറ്റിഷോകള്‍ നടക്കുന്നുണ്ട്. അത്തരത്തിലുള്ള റോബോട്ടിക് ചാലഞ്ച് മത്സരത്തെക്കുറിച്ച് പറയാനാണിവിടെ ഉദ്ദേശിക്കുന്നത്. അതിനുമുമ്പായി, എന്തുകൊണ്ട് ഹ്യൂമനോയിഡ് റോബോട്ടുകള്‍ എന്ന ചോദ്യത്തിന് ഉത്തരം നല്‍കേണ്ടതുണ്ട്. പുത്തന്‍ സാങ്കേതികവിദ്യയുടെ കാലത്ത് പലരംഗത്തും നമുക്ക് ‘മനുഷ്യ റോബോട്ടുകളെ’ ആവശ്യമായിവരും. അമേരിക്കയിലെ ഫ്ളോറിഡ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ ആന്‍ഡ് മെഷീന്‍ കോഗ്നിഷന്‍ (ഐ.എച്ച്.എം.സി) എന്ന ഗവേഷണ സ്ഥാപനത്തിന്‍െറ പ്രവര്‍ത്തനങ്ങള്‍ തന്നെയെടുക്കുക. ആരോഗ്യരംഗത്ത് ഈ സാങ്കേതികവിദ്യയെ ഉപയോഗപ്പെടുത്തുകയാണിവര്‍. ശരീരഭാഗങ്ങള്‍ തളര്‍ന്ന ആളുകള്‍ക്ക് സാധാരണയായി കൃത്രിമ അവയവങ്ങള്‍ വെച്ചുപിടിപ്പിക്കുകയാണല്ളോ ചെയ്യാറുള്ളത്. കൃത്രിമ അവയവങ്ങള്‍ അതിന് പൂര്‍ണ പരിഹാരമാവില്ളെന്ന് നമുക്കറിയാം. അപ്പോഴും രോഗിക്ക് പരസഹായം വേണ്ടിവരും. ഇവിടെ, രോഗിയുടെ ഇച്ഛക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന റോബോട്ടിക് അവയവങ്ങളെ വികസിപ്പിക്കാനാണ് ഐ.എച്ച്.എം.സി ശ്രമിക്കുന്നത്. 


പല മേഖലകളിലും മനുഷ്യന്‍െറ ഇടപെടലുകള്‍ക്ക് പരിമിതികളുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഉദാഹരണത്തിന്, എത്രതന്നെ സുരക്ഷാകവചങ്ങളുണ്ടെങ്കിലും ആണവദുരന്ത മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ മനുഷ്യന് സാധിക്കണമെന്നില്ല. ജീവന്‍ അപകടത്തിലാകുമെന്നതാണ് അതിനുകാരണം. ഇങ്ങനെ മനുഷ്യന് എത്തിപ്പെടാന്‍ സാധിക്കാത്ത (ഭൂഗര്‍ഭം മുതല്‍ ശൂന്യാകാശം വരെയുള്ള വിശാലമായ ഇടം) ഒട്ടേറെ മേഖലകളുണ്ട്. ഇവിടേക്കെല്ലാമുള്ള ഒരു പകരക്കാരനെയാണ് റോബോട്ടുകളിലൂടെ ശാസ്ത്രലോകം ലക്ഷ്യമിടുന്നത്. ചൊവ്വാഗ്രഹത്തില്‍ നാം റോബോട്ടിക് വാഹനത്തെ (ക്യൂരിയോസിറ്റി) ഇറക്കിയത് അതിന്‍െറ ഭാഗമായാണ്. എന്നാല്‍, നേരത്തേ സൂചിപ്പിച്ചതുപോലെ ക്യൂരിയോസിറ്റി മുന്‍കൂട്ടി നിശ്ചയിച്ചതിനനുസരിച്ച് പ്രവര്‍ത്തിക്കുന്ന ‘ബുദ്ധിയില്ലാത്ത’ റോബോട്ടാണ്. ക്യൂരിയോസിറ്റിക്ക് പകരം ഒരു ഹ്യൂമനോയിഡ് റോബോട്ടാണ് അവിടെയത്തെിയിരുന്നതെങ്കില്‍ കൂടുതല്‍ മികച്ച ഫലം കിട്ടിയേനെ. അത്തരം ശ്രമങ്ങളാണ് ഹ്യൂമനോയിഡ് റോബോട്ടിക്സ് മുന്നോട്ടുവെക്കുന്നത്.
ഇനി നമുക്ക് റോബോട്ടിക് ചലഞ്ച് മത്സരത്തിലേക്ക് വരാം. അമേരിക്കയിലെ പ്രതിരോധവകുപ്പിന്‍െറ കീഴിലുള്ള സ്ഥാപനമായ ‘ഡാര്‍പ’യാണ് (ഡിഫന്‍സ് അഡ്വാന്‍സ്ഡ് റിസര്‍ച് പ്രോജക്ട്സ് ഏജന്‍സി) റോബോട്ടിക് ചലഞ്ച് എന്നപേരില്‍ 2012ല്‍ റിയാലിറ്റിഷോ സംഘടിപ്പിച്ചത്. മൂന്നുവര്‍ഷം പിന്നിട്ട മത്സരത്തിന്‍െറ ഫൈനല്‍ കഴിഞ്ഞയാഴ്ചയായിരുന്നു. സൈന്യത്തിനും മറ്റും ഉപയോഗിക്കാവുന്ന പുത്തന്‍ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുകയാണ് ഡാര്‍പയുടെ ദൗത്യം. റോബോട്ടിക്സ് മേഖലയില്‍ പുതിയ കണ്ടത്തെലുകളെ അറിയാനും അതിന് ഫണ്ട് നല്‍കാനുമൊക്കെയാണ് അവര്‍ റോബോട്ടിക് ചലഞ്ച് സംഘടിപ്പിച്ചത്. 


ദുരന്തമേഖലകളില്‍ ചെന്ന് രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിയുന്ന ഏറ്റവും മികച്ച ഹ്യൂമനോയിഡ് റോബോട്ടുകള്‍ നിര്‍മിക്കുന്ന  സ്ഥാപനങ്ങള്‍ക്കാണ് അവാര്‍ഡ് നല്‍കുക. ആദ്യ റൗണ്ടില്‍ 16 ടീമുകള്‍ പങ്കെടുത്തു. മസാചൂസറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, നാസ തുടങ്ങിയ സ്ഥാപനങ്ങളും മത്സരത്തിനത്തെിയിരുന്നു. വാഹനം ഓടിക്കുക, ഏണിയില്‍ കയറുക, ചുമര് തുളക്കുക, അതീവ ദുഷ്കരമായ പാതയിലൂടെ സഞ്ചരിക്കുക തുടങ്ങി എട്ട് ജോലികളാണ് റോബോട്ടുകള്‍ക്ക് നല്‍കുക. ഇവ എളുപ്പത്തിലും കൃത്യമായും ചെയ്യുന്ന റോബോട്ടുകള്‍ വിജയിക്കും. ഒരു റോബോട്ടിന് ജോലിനിര്‍വഹിക്കാന്‍ 30 മിനിറ്റ് നല്‍കും. 


ആദ്യ റൗണ്ട് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ പോയന്‍റ് നേടിയത് ടോക്യോ സര്‍വകലാശാലയിലെ ഗവേഷകര്‍ വികസിപ്പിച്ച ഷാഫ്റ്റ് എന്ന റോബോട്ടായിരുന്നു. ഷാഫ്റ്റിന്‍െറ പ്രകടനംകണ്ട് അദ്ഭുതപ്പെട്ട ഗൂഗ്ള്‍ അധികൃതര്‍ അതിനെ വിലക്കെടുത്തു. അതോടെ, ഷാഫ്റ്റ് മത്സരത്തില്‍നിന്ന് പിന്മാറി. റോബോട്ടിക് ചലഞ്ചില്‍നിന്ന് ലഭിക്കാവുന്നതിനും ഇരട്ടിയിലധികം തുക സ്വന്തമാക്കിയാണ് ടോക്യോ സര്‍വകലാശാല അധികൃതര്‍ അതിനെ ഗൂഗ്ളിന് വിട്ടുകൊടുത്തത്. ഈ കൈമാറ്റം  ആ സമയങ്ങളില്‍ വലിയ വിവാദത്തിന് ഇടവരുത്തിയിരുന്നു. യുദ്ധ മേഖലയിലും മറ്റും പ്രവര്‍ത്തിപ്പിക്കാവുന്ന ഒരു റോബോട്ടിക് സംവിധാനത്തെ എന്തിനായിരിക്കും ഗൂഗ്ള്‍ സ്വന്തമാക്കിയത്? ഭാവിയില്‍ ഗൂഗ്ളിന് പ്രതിരോധ മേഖലയിലും നിലയുറപ്പിക്കാന്‍ പദ്ധതിയുണ്ടോ? ഈ ചോദ്യങ്ങളൊക്കെ അങ്ങനെതന്നെ അവശേഷിക്കുന്നു. 


ഷാഫ്റ്റ് മത്സരരംഗത്തുനിന്ന് പിന്‍വാങ്ങിയതോടെ പിന്നെ റോബോട്ടിക് ചലഞ്ചിന്‍െറ ശ്രദ്ധാകേന്ദ്രമായി മാറിയത് പ്രധാനമായും മൂന്ന് റോബോട്ടുകളാണ്. ബോസ്റ്റണ്‍ ഡൈനാമിക്സിന്‍െറ അറ്റ്ലസ്, ഐ.എച്ച്.എം.സിയുടെ റണ്ണിങ് മാന്‍, ദക്ഷിണ കൊറിയയുടെ ഹ്യൂബോ ഹ്യൂമനോയിഡ് എന്നിവയായിരുന്നു അവ. പാചകവാതക പ്ളാന്‍റുകളിലും മറ്റും അപകടമുണ്ടാകുമ്പോള്‍ അവിടെ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് ഏറ്റവും അനുയോജ്യമായ വിധത്തിലായിരുന്നു അറ്റ്ലസിന്‍െറ നിര്‍മാണം. പ്ളാന്‍റില്‍ ചോര്‍ച്ചയുണ്ടാകുകയാണെങ്കില്‍ സ്വന്തംനിലയില്‍തന്നെ വാല്‍വുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും  പ്ളാന്‍റിലെ ആളുകളെ ഒഴിപ്പിക്കുന്നതിനും മറ്റും ആറടിയുള്ള ഈ റോബോട്ടിന് സാധിക്കും. ഐ.എച്ച്.എം.സിയുടെ റണ്ണിങ് മാന്‍ സ്വയം വാഹനമോടിച്ചും അഗ്നിബാധയുണ്ടായ കെട്ടിടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയുമാണ് ശാസ്ത്രലോകത്തെ അദ്ഭുതപ്പെടുത്തിയത്. 2011ല്‍ ജപ്പാനിലെ ഫുകുഷിമയിലെ ആണവ നിലയത്തിലുണ്ടായ അപകടത്തിന് സാമാന സംഭവങ്ങളുണ്ടായാല്‍ അവിടെ പ്രവര്‍ത്തിപ്പിക്കാവുന്ന സംവിധാനങ്ങളാണ് ഹ്യൂബോ ഹ്യൂമനോയിഡിന്‍െറ സവിശേഷത. ഇതില്‍ ഹ്യൂബോ ഹ്യൂമനോയിഡ് ഒന്നാംസ്ഥാനം നേടി. റണ്ണിങ്മാനായിരുന്നു റണ്ണറപ്പ്. കാലിഫോര്‍ണിയയിലെ പൊമോനയില്‍ നടന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ ഹ്യൂബോയുടെ നിര്‍മാതാക്കളായ ടീം കെയ്സ്റ്റ് സമ്മാനത്തുകയായ 20 ലക്ഷം ഡോളര്‍ ഏറ്റുവാങ്ങി. രണ്ടാംസ്ഥാനക്കാര്‍ക്ക് 10 ലക്ഷം ഡോളറായിരുന്നു സമ്മാനം. 


ഇവിടെ ഒരുകാര്യം പ്രത്യേകം ശ്രദ്ധേയമാണ്. പരീക്ഷണാടിസ്ഥാനത്തില്‍ വികസിപ്പിച്ചെടുത്ത ഈ റോബോട്ടുകളത്രയും മനുഷ്യന് ഇടപെടാനാകാത്ത മേഖലയില്‍ പ്രവര്‍ത്തിക്കുന്നതാണ് എന്ന കാര്യമാണത്. അഥവാ, ഇനി ശാസ്ത്ര-സാങ്കേതിക മേഖലയില്‍ മനുഷ്യന്‍െറ മുന്നേറ്റം സാധ്യമാകണമെങ്കില്‍ അതിന് ഇത്തരം ഹ്യൂമനോയിഡ് റോബോട്ടുകളുടെ സഹായംകൂടി വേണ്ടി വരും. അതാണ് ഇതുപോലുള്ള റോബോട്ടിക് ചലഞ്ച് മത്സരങ്ങള്‍ നമ്മെ ഓര്‍മിപ്പിക്കുന്നത്. ‘റോബോ സാപിയന്‍സി’ന്‍െറ പുതിയ കാലത്തേക്കാണോ നാം കടക്കുന്നത്? റോബോ സാപിയന്‍സ് എന്ന പ്രയോഗത്തിന് പ്രശസ്ത ശാസ്ത്രകാരനായ ഗ്രേ ബ്രാഡ്സ്കിയോട് കടപ്പാട്. 

 

അമേരിക്കയിലെ പ്രശസ്ത ശാസ്ത്ര 
പത്രപ്രവര്‍ത്തകനാണ് ലേഖകന്‍

Show Full Article
TAGS:
Next Story