വാഷിങ്ടണ്‍: 2040നു മുമ്പായി ചൊവ്വയില്‍ ബഹിരാകാശ യാത്രികര്‍ പഠനത്തിനിറങ്ങുമെന്ന് നാസ. ഫലപ്രദവും ചെലവു കുറഞ്ഞതുമായ രീതിയില്‍ ചൊവ്വയില്‍ മനുഷ്യരെ പഠനത്തിനയക്കാമെന്നാണ് നാസ അവകാശപ്പെടുന്നത്. ചൊവ്വയുടെ ഉപഗ്രഹങ്ങളായ ഫോബോസിലോ ഡെയ്മോസിലോ ഇറങ്ങാന്‍ സജ്ജരായശേഷം മാത്രമേ അവരെ ചൊവ്വയിലിറക്കുന്നത് പരിഗണിക്കാനാകൂവെന്നും നാസ പറയുന്നു. ഇത് ചെലവ് കുറക്കുന്നതിലുപരി യാത്രികരുടെ സുരക്ഷ ഉറപ്പാക്കാനും കൂടിയാണ്.
ബഹിരാകാശ യാത്രികരെ 2033ല്‍ ഫോബോസിലും 2039ല്‍ ചൊവ്വയിലുമത്തെിക്കാന്‍ സാധിക്കുന്നവിധത്തില്‍ ഘട്ടംഘട്ടമായ പദ്ധതിക്ക് നാസയുടെ കാലിഫോര്‍ണിയയിലെ ജെറ്റ് പ്രൊപല്‍ഷന്‍ ലബോറട്ടറിയിലെ ഹോപ്പി പ്രൈസും സംഘവുമാണ് രൂപം നല്‍കിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ ചൊവ്വയുടെ ഉപരിതലത്തില്‍നിന്ന് 6000 കിലോമീറ്റര്‍ അകലെയുള്ള ഫോബോസില്‍ ഒരു കേന്ദ്രം സ്ഥാപിക്കും. നിര്‍മിക്കപ്പെട്ടവയില്‍ ഏറ്റവും ശക്തമായ റോക്കറ്റ് ബൂസ്റ്റര്‍ സ്പേസ് ലോഞ്ച് സിസ്റ്റം (എസ്.എല്‍.എസ്) ഇതിനായി നാലുവട്ടം വിക്ഷേപിക്കേണ്ടിവരും.
2029ലെ ആദ്യ വിക്ഷേപണത്തിലൂടെ ബഹിരാകാശ യാത്രികര്‍ ഫോബോസിലേക്കുള്ള പ്രയാണമാരംഭിക്കും. നാലു വര്‍ഷമെടുത്താണ് യാത്രികര്‍ ഫോബോസിലത്തെുക. രണ്ടാം വിക്ഷേപണത്തില്‍ ഫോബോസ് കേന്ദ്രമാണ് അയക്കുക. മൂന്നാം ഘട്ടത്തില്‍ ഒരു സ്പേസ് സ്റ്റേഷന്‍ ഭൗമഭ്രമണപഥത്തിലേക്ക് പുറപ്പെടും.
അവസാനഘട്ടത്തിലാണ് യാത്രികരെ അയക്കുക. 250ഓളം ദിവസങ്ങളെടുത്താണ് യാത്രികര്‍ ചൊവ്വയുടെ ഭ്രമണപഥത്തിലത്തെുക. 300 ദിവസങ്ങള്‍ക്കുശേഷമാണ് അവര്‍ ഭൂമിയിലേക്ക് മടക്കയാത്ര തുടങ്ങുക. യാത്രികര്‍ മടങ്ങിയാലും ഫോബോസ് സ്പേസ് സ്റ്റേഷന്‍ നിലനിര്‍ത്തും. ചൊവ്വയില്‍ ബഹിരാകാശ യാത്രികരെ എത്തിക്കാനുള്ള പദ്ധതിക്ക് ചെലവ് താരതമ്യേന കുറവാണെന്നാണ് ശാസ്ത്രസംഘം അവകാശപ്പെടുന്നത്.
ചൊവ്വാഗ്രഹത്തിന്‍െറ അന്തര്‍ഭാഗത്തെ കുറിച്ച് പഠനം നടത്തി അവയുടെ ഉല്‍പത്തിയെക്കുറിച്ച് മനസ്സിലാക്കാന്‍ 2016 മാര്‍ച്ചില്‍ നാസ ഇന്‍സൈറ്റ് എന്ന ബഹിരാകാശ വാഹനത്തെ അയക്കും.