ഇനി സങ്കരയിനം ബുദ്ധിയും!
text_fieldsലണ്ടന്‍: ബുദ്ധി അത്ര പോര എന്ന് തോന്നുന്നുണ്ടോ? പരിഹാരമായി തലച്ചോറിനൊപ്പം കൃത്രിമബുദ്ധികൂടി ചേര്‍ത്താലോ! അമ്പരക്കേണ്ട; 2030ഓടെ ഇത് സാധ്യമാകുമെന്നാണ് ഇപ്പോഴത്തെ നിരീക്ഷണം. ഗൂഗിളിലെ എന്‍ജിനീയറിങ് വിഭാഗം ഡയറക്ടറായ റേ കുര്‍സ്വീലാണ് ഈ ആശയം മുന്നോട്ടുവെക്കുന്നത്. ഭാവിയില്‍ മനുഷ്യന്‍െറ തലച്ചോറിനെ ഓണ്‍ലൈന്‍ കൃത്രിമ ബുദ്ധിയോട് കൂട്ടിച്ചേര്‍ത്ത് സങ്കരബുദ്ധി ഉണ്ടാകുമെന്നാണ് ഇദ്ദേഹം പറയുന്നത്. പറയുന്ന ആള്‍ ചില്ലറക്കാരനുമല്ല. കൃത്രിമ ബുദ്ധിയെക്കുറിച്ച് ചിന്തിക്കുന്നവരില്‍ മുന്‍പന്തിയിലുള്ളയാളാണ് കക്ഷി.
ഡി.എന്‍.എയുടെ സൂക്ഷ്മ തന്തുക്കളുപയോഗിച്ച് നിര്‍മിക്കുന്ന കുഞ്ഞന്‍ നാനോ ബോട്ടുകളാണ് നമ്മുടെ തലച്ചോറിനെ ഇന്‍റര്‍നെറ്റുമായി ബന്ധിപ്പിക്കുക. ഇതുവഴി നമ്മുടെ ബുദ്ധിയെ കൃത്രിമബുദ്ധിയുമായി കൂട്ടിച്ചേര്‍ക്കാനാകും. 2030 അവസാനമോ 2040 തുടക്കത്തിലോ ആയിരിക്കും ഇത് സാധിക്കുകയെന്നും കുര്‍സ്വീല്‍ പറയുന്നു. അപ്പോഴേക്കും കൃത്രിമബുദ്ധി മുനഷ്യബുദ്ധിയെക്കാള്‍ ശക്തമായിരിക്കുമത്രെ. പിന്നീട് സങ്കരബുദ്ധിയാണുണ്ടാവുക.
ഒരുപാട് വിവരങ്ങള്‍ തലച്ചോറില്‍ സൂക്ഷിച്ചുവെച്ച് ബുദ്ധിമുട്ടുകയും വേണ്ട! തലച്ചോറിലെ വിവരങ്ങള്‍ ഓണ്‍ലൈനിലേക്ക് മാറ്റിസൂക്ഷിക്കുന്നതിനും സാധിക്കുമെന്നാണ് ഇദ്ദേഹം അഭിപ്രായപ്പെടുന്നത്. 2029ല്‍ കമ്പ്യൂട്ടറുകളുടെയും മറ്റും കൃത്രിമബുദ്ധി മനുഷ്യബുദ്ധിയെ മറടികടക്കുമെന്നാണ് അദ്ദേഹത്തിന്‍െറ അഭിപ്രായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
