പ്രകാശ മലിനീകരണം അളക്കാന്‍ ബഹിരാകാശ ചിത്രങ്ങള്‍ ഉപയോഗിക്കുന്നു
text_fieldsടൊറന്‍േറാ: അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തില്‍നിന്ന് പകര്‍ത്തുന്ന ഭൂമിയുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് രാത്രി പ്രകാശമലിനീകരണത്തിന്‍െറ തോത് നിര്‍ണയിക്കാനുള്ള പുതിയ പദ്ധതിയിലാണ് ശാസ്ത്രലോകം. തെരുവു വിളക്കുകളും മറ്റും ഉല്‍പാദിപ്പിക്കുന്ന ഭൂമിയിലെ അധികപ്രകാശം അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തില്‍നിന്നുള്ള നക്ഷത്ര നിരീക്ഷണവും മറ്റ് ബഹിരാകാശ പര്യവേക്ഷണങ്ങളും വരെ തടസ്സപ്പെടുത്താറുണ്ടത്രെ. ഒപ്പം ഭൂമിയിലെ ആവാസവ്യവസ്ഥക്കും ഇത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നുണ്ട്. സ്പെയിനിലെ മഡ്രിഡ് സര്‍വകലാശാലയുടെ നേതൃത്വത്തിലാണ് ബഹിരാകാശ ചിത്രങ്ങളുപയോഗിച്ച് പ്രകാശ മലിനീകരണത്തിന്‍െറ തോത് നിര്‍ണയിക്കാനുള്ള ഗവേഷണങ്ങള്‍ പുരോഗമിക്കുന്നത്.
തെരുവുവിളക്കുകളില്‍നിന്നും കെട്ടിടങ്ങളില്‍നിന്നുമുള്ള വെളിച്ചത്തിന്‍െറ അളവ് പരിശോധിക്കുന്നതാണ് പദ്ധതി. അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലിരുന്ന് ഡിജിറ്റല്‍ കാമറകള്‍ ഉപയോഗിച്ച് ഭൂമിയുടെ എല്ലാ ഭാഗത്തിന്‍െറയും ചിത്രങ്ങളെടുക്കുന്നതാണ് ‘സിറ്റീസ് അറ്റ് നൈറ്റ്’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ലക്ഷ്യം. ഇതിനായി 1.3 ലക്ഷത്തോളം ചിത്രങ്ങള്‍ ശേഖരിക്കേണ്ടിവരുമെന്നാണ് കരുതുന്നത്. പിന്നീട് ഇവ ലോക ഭൂപടത്തിനോടും ഓരോ പ്രദേശത്തിന്‍െറയും നക്ഷത്രനിബിഡമായ ആകാശത്തോടും സംയോജിപ്പിക്കും. ഇതുപരിശോധിച്ച് ഓരോ പ്രദേശത്തെയും മലിനീകരണത്തിന്‍െറ തോത് കൃത്യമായി നിര്‍ണയിക്കാന്‍ കഴിയുമെന്ന് ബഹിരാകാശ ഗവേഷകര്‍ പറയുന്നു. ഹവായില്‍ നടന്ന ഈ വര്‍ഷത്തെ ഇന്‍റര്‍നാഷനല്‍ ആസ്ട്രോണമിക്കല്‍ യൂനിയന്‍ ജനറല്‍ അസംബ്ളിയിലാണ് പദ്ധതി അവതരിപ്പിച്ചത്. പ്രത്യേക ഉപകരണങ്ങള്‍ ഉപയോഗിച്ച് ഭൂമിയില്‍നിന്നുതന്നെ പ്രകാശത്തിന്‍െറ തീവ്രത അളക്കുന്ന രീതിയാണ് ഇപ്പോള്‍ ഉപയോഗിച്ചുവരുന്നത്.