മകളുമായി സംസാരിച്ചു, അവൾ സന്തോഷവതിയാണ്; മോചിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ പിതാവ്
text_fieldsഇലനോയ്സ്: മകളുമായി സംസാരിച്ചതായും അവൾ സന്തോഷവതിയാണെന്നും ഹമാസ് വെള്ളിയാഴ്ച മോചിപ്പിച്ച പെൺകുട്ടിയുടെ പിതാവ് ഉറി റാനൻ. ചിക്കാഗോ സ്വദേശികളായ ജൂഡിത്ത് തായ് റാനൻ (59), മകൾ നതാലി (17) എന്നിവരെ രണ്ടാഴ്ചക്കു മുമ്പ് ഇസ്രായേൽ ഫലസ്തീൻ സംഘർഷത്തിനിടെ ഹമാസ് ബന്ദികളാക്കുകയായിരുന്നു.
ഇരുവരെയും സുരക്ഷിതമായി മോചിപ്പിച്ചതിൽ കുടുംബം സന്തോഷം രേഖപ്പെടുത്തുന്നതായി നതാലി റാനന്റെ അമ്മാവൻ അവ്‌റഹാം സമീർ പറഞ്ഞു. ഖത്തറിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയെ തുടർന്നാണ് മോചനം സാധ്യമായത്.
വെള്ളിയാഴ്ച ഗസ്സ മുനമ്പിലെ അതിർത്തിയിൽ വെച്ച് ഇവരെ ഇസ്രായേൽ സേനയ്ക്ക് കൈമാറി. ഹമാസിന്റെ സായുധ വിഭാഗമായ ഇസ്സുദ്ദീൻ അൽ-ഖസ്സാം ബ്രിഗേഡിന്റെ വക്താവ് അബു ഉബൈദയാണ് മോചനം പ്രഖ്യാപിച്ചത്, അൽപ്പസമയത്തിന് ശേഷം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇത് സ്ഥിരീകരിച്ചു.
അവധിക്കാലം ആഘോഷിക്കുന്നതിനായി സെപ്റ്റംബറിൽ ആരംഭിച്ച യാത്രയുടെ ഭാഗമായാണ് ഗസ്സ അതിർത്തിയിൽ നിന്ന് ഒരു മൈൽ അകലെയുള്ള കിബ്ബട്സിൽ ഇവർ എത്തിയത്. മോചിക്കപ്പെട്ടവർ ഇസ്രായേലിലെ സൈനിക താവളത്തിലാണുള്ളത്. രണ്ട് പേരെയും ഇന്റർനാഷണൽ കമ്മിറ്റി ഫോർ റെഡ് ക്രോസ് പ്രവർത്തകർക്ക് കൈമാറുന്നതിന്റെ വീഡിയോ ഹമാസ് പുറത്തുവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

