പൊലീസ് സ്റ്റേഷനിലേക്ക് പ്രകടനം: ശ്രീലേഖയെ നോട്ടിസ് നൽകി വിളിപ്പിക്കും
text_fieldsതിരുവനന്തപുരം: പൊലീസ് സ്റ്റേഷനിലേക്ക് പ്രകടനം നടത്തുകയും സേനയെ അധിക്ഷേപിക്കുന്ന തരത്തില്‍ ‘പോടാ പുല്ലേ പൊലീസേ’ എന്ന മുദ്യാവാക്യം വിളിക്കുകയും ചെയ്ത സംഭവത്തിൽ മുൻ ഡി.ജി.പിയും വട്ടിയൂർക്കാവിലെ എൻ.ഡി.എ സ്ഥാനാർഥിയുമായ ആർ. ശ്രീലേഖയെ ചോദ്യം ചെയ്യാനായി പൊലീസ് വിളിപ്പിക്കും. ഇക്കാര്യം ചൂണ്ടിക്കാട്ടി തിങ്കളാഴ്ച ശ്രീലേഖക്ക് നോട്ടിസ് നല്കുമെന്നാണറിയുന്നത്. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി സ്റ്റേഷനിൽ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് ശ്രീലേഖ ഉള്‍പ്പെടെ 20 പേര്‍ക്ക് നോട്ടിസ് നല്‍കുമെന്നാണ് വിവരം.
പൊലീസിനെതിരെ മുൻ ഡി.ജി.പിയും ബി.ജെ.പി കൗൺസിലറുമായ ആർ. ശ്രീലേഖ നടത്തിയ വിവാദ പരാമർശത്തിൽ വിമർശനവുമായി സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ. ആർ. ശ്രീലേഖ മുതിർന്ന ഉദ്യോഗസ്ഥയും സഹപ്രവർത്തകയുമാണെന്നും അവർ സേനയോട് അനുഭാവപൂർവം പെരുമാറണമെന്നും റവാഡ ചന്ദ്രശേഖർ പ്രതികരിച്ചു.
വട്ടിയൂർകാവിലെ സംഘർഷത്തിൽ പ്രതിഷേധിച്ച് ബി.ജെ.പിയുടെ സ്റ്റേഷൻ മാർച്ചിലായിരുന്നു പൊലീസിനെതിരായ മുൻ ഡി.ജി.പിയുടെ മുദ്രാവാക്യം. കേരളത്തിലെ ആദ്യ വനിത ഡി.ജി.പി ഇങ്ങനെ പൊലീസിനെ വിളിക്കാമോ എന്നായിരുന്നു ഐ.പി.എസ് അസോസിയേഷനിലെ ചോദ്യം. സംഘർഷത്തിൽ പ്രതിഷേധിച്ച് സംഘപരിവാർ സംഘടനകളുടെ മാർച്ചിൽ മറ്റൊരു മുൻ ഡി.ജി.പി ടി.പി. സെൻകുമാറും പൊലീസിന് മുന്നറിയിപ്പ് നൽകിയിരുന്നു. മുൻ ഡി.ജി.പിമാരുടെ പരാമർശങ്ങളിൽ സേനയിൽ കടുത്ത അമർഷവും പ്രതിഷേധവും ഉയർന്നിട്ടുണ്ട്.
വട്ടിയൂർക്കാവ് പ്രതിഷേധത്തിൽ ആർ. ശ്രീലേഖക്കെതിരെ വിമർശനവുമായി വിവിധ രാഷ്ട്രീയ, പൊലീസ് സംഘടന നേതാക്കൾ രംഗത്തുവന്നിരുന്നു. നിയമത്തിന് മുന്നിൽ ആരും വലുതല്ലെന്ന് തിരുവനന്തപുരം കമീഷ്ണർ പറഞ്ഞു. കേസെടുക്കുന്നതിൽ വീഴ്ച വന്നിട്ടുണ്ടോയെന്ന് അന്വേഷിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ശബരിമല ഹെലികോപ്റ്റർ വിഷയത്തിൽ കേസ് എടുത്തിട്ടുണ്ടെന്നും ഹെലികോപ്റ്ററിന്റെ വ്യോമപാത വ്യതിയാനത്തിൽ അന്വേഷണം നടത്തുമെന്നും ഡി.ജി.പി പറഞ്ഞു. ശ്രീകോവിലിന് മുകളിൽ താഴ്ന്ന് പറന്നതിലും അന്വേഷണം നടത്തും. മുണ്ടത്തിക്കോട് വെടിമരുന്ന് ദുരന്തത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. അപകടത്തിന്റെ കാരണത്തെക്കുറിച്ച് ഏകദേശം രൂപം ലഭിച്ചിട്ടുണ്ട്. ഒരാഴ്ചക്കുള്ളിൽ അപകടകാരണം വ്യക്തമായേക്കുമെന്നും റവാഡ ചന്ദ്രശേഖർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

