സമനിലയെങ്കിൽ കിരീടം പങ്കിടും
text_fieldsഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ പരിശീലനത്തിൽ
ലണ്ടൻ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ ജയിക്കുന്നവർ ടെസ്റ്റിലെ രാജാക്കന്മാരാകും. ആസ്ട്രേലിയയും ഇന്ത്യയും ഈ മാസം ഏഴ് മുതൽ ഓവലിൽ ഏറ്റുമുട്ടുമ്പോൾ മത്സരം സമനിലയിലായാൽ എന്തുചെയ്യും? മഴ പെയ്ത് കൂടുതൽ ഓവറുകൾ നഷ്ടമായാലും സമനിലയിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്. സമനിലയാവുകയാണെങ്കിൽ ഇരുടീമുകളും സംയുക്ത ജേതാക്കളാകും.
കഴിഞ്ഞ തവണ ഫൈനലിൽ മഴ കാരണം റിസർവ് ദിനം അനുവദിച്ചിരുന്നു. ഇത്തവണയും റിസർവ് ദിനമുണ്ടെങ്കിലും കാര്യമായ കളിസമയ നഷ്ടമുണ്ടെങ്കിൽ മാത്രമെ അനുവദിക്കുകയുള്ളൂ. ടെസ്റ്റ് മത്സരത്തിൽ ഓരോ ദിവസവും ആറ് മണിക്കൂർ അല്ലെങ്കിൽ 90 ഓവർ എന്ന കണക്കിൽ അഞ്ച് ദിവസമായി 30 മണിക്കൂറാണ് കളി. പ്രതികൂല കാലാവസ്ഥയോ മറ്റ് അപ്രതീക്ഷിത സാഹചര്യങ്ങളോ കാരണം ഏതെങ്കിലും ദിവസത്തിൽ 90 ഓവറുകൾ പൂർത്തിയാക്കാൻ കഴിയുന്നില്ലെങ്കിൽ മാത്രമേ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ റിസർവ് ദിവസം പ്രയോജനപ്പെടുത്തുകയുള്ളൂ. ഫൈനലിൽ ആദ്യ നാല് ദിവസവും മഴയുണ്ടാകില്ലെന്നാണ് വിദഗ്ധർ പറയുന്നത്. അവസാന ദിനം മഴ പെയ്യാൻ 56 ശതമാനം സാധ്യതയുണ്ട്. കഴിഞ്ഞ തവണ മഴ കാരണം ഒരു ദിവസം നീട്ടിയതിനാലാണ് ഇന്ത്യക്കെതിരെ ന്യൂസിലൻഡിന്റെ വിജയം ഉറപ്പാക്കിയത്.
തിരിച്ചുവരവിനൊരുങ്ങി രഹാനെ
രണ്ടു വർഷം മുമ്പ് ആസ്ട്രേലിയക്കെതിരെ ഇന്ത്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയപ്പോൾ നായകൻ അജിൻക്യ രഹാനെയായിരുന്നു. ഏവരും ഈ താരത്തെ വാഴ്ത്തിപ്പാടി. മാസങ്ങൾക്കകം രഹാനെക്ക് ഇന്ത്യൻ ടീമിൽ നിന്ന് പുറത്തേക്കാണ് വഴി തുറന്നത്. ഒന്നര വർഷം ആഭ്യന്തര ക്രിക്കറ്റിൽ ശ്രദ്ധയൂന്നിയ രഹാനെ കഴിഞ്ഞ ഐ.പി.എല്ലിൽ വിമർശകർക്ക് ചുട്ടമറുപടി കൊടുത്തു. മുംബൈ ഇന്ത്യൻസിനെതിരെ 27 പന്തിൽ 61 റൺസ് നേടിയതടക്കമുള്ള പ്രകടനങ്ങൾ കിരീടവഴിയിൽ ചെന്നൈ സൂപ്പർ കിങ്സിന് കരുത്തായി. 82 ടെസ്റ്റുകളുടെ പരിചയമുള്ള രഹാനെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനുള്ള ടീമിലും ഇടംനേടിയിരുന്നു. ഇന്ത്യൻ ടീമിൽ നിന്ന് പുറത്തായതിലും ഒന്നര വർഷം നഷ്ടപ്പെട്ടതിലും ഖേദമില്ലെന്ന് രഹാനെ പറഞ്ഞു. ഐ.പി.എല്ലിൽ കളിച്ച അതേ ഉദ്ദേശ്യത്തോടെ ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിലും ബാറ്റ് വീശുമെന്ന് മുൻ ഇന്ത്യൻ നായകൻ വ്യക്തമാക്കി.
ടീമിൽ നിന്ന് പുറത്തായത് വൈകാരിക നിമിഷങ്ങളാണ് സമ്മാനിച്ചത്. ആ സമയത്ത് വീട്ടുകാർ വലിയ പിന്തുണ നൽകി. ഇന്ത്യക്ക് വേണ്ടി വീണ്ടും കളിക്കുകയെന്ന സ്വപ്നം മാത്രമായിരുന്നു ഉണ്ടായിരുന്നത്. അത് യാഥാർഥ്യമായെന്ന് മുംബൈയുടെ രഞ്ജി താരം പറഞ്ഞു. 2014ൽ ലോർഡ്സിൽ സെഞ്ച്വറി നേടിയ പരിചയവും രഹാനെക്കുണ്ട്. ഇവിടുത്തെ പിച്ചിൽ മാത്രമല്ല, കാലാവസ്ഥയിലും ഒരു കണ്ണ് വേണമെന്നാണ് രഹാനെയുടെ അഭിപ്രായം.
അടുത്ത ജനുവരിയിൽ വിടപറയുമെന്ന് വാർണർ
ജനുവരി വരെ ടെസ്റ്റ് ടീമിൽ തുടരണമെന്ന ആഗ്രഹം പങ്കുവെച്ച് ആസ്ട്രേലിയൻ ഓപണർ ഡേവിഡ് വാർണർ. സ്വന്തം കളിത്തട്ടായ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ജനുവരിയിൽ പാകിസ്താനെതിരായ മത്സരത്തോടെ വിടവാങ്ങാനാണ് ഉദ്ദേശിക്കുന്നതെന്ന് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിന് മുന്നോടിയായി വാർണർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. അതേസമയം, ടീമിൽ സ്ഥിരസാന്നിധ്യമാകാൻ ഈ ബാറ്റർ കഠിന ശ്രമം നടത്തേണ്ടി വരും. സമീപകാലങ്ങളിൽ പ്രകടനം മോശമാണ്. ബോർഡർ- ഗവാസ്കർ ട്രോഫിയിൽ മൂന്ന് കളിയിൽ 26 റൺസ് മാത്രമായിരുന്നു സമ്പാദ്യം. മോശം ഫോമിലാണെങ്കിലും ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിനും ആഷസ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾക്കുമുള്ള ടീമിൽ വാർണർ ഇടം നേടി. മാർക്കസ് ഹാരിസ്, മാറ്റ് റെൻഷോ എന്നീ ഓപണർമാരും ടീമിലുണ്ട്.
കളർഫുൾ പരിശീലനം
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിനുള്ള കഠിന പരിശീലനത്തിലാണ് രോഹിത് ശർമയും സംഘവും. ഫീൽഡിങ്ങിലെ ചെറിയ പിഴവുകൾ പോലും പരിഹരിക്കാനുള്ള ശ്രമത്തിലാണ് ടീം. പോർട്സ്മൗത്തിലെ അരുൺഡേൽ ഗ്രൗണ്ടിൽ വ്യത്യസ്ത നിറങ്ങളിലുള്ള റബർ പന്തുമായാണ് ഫീൽഡിങ് പരിശീലനം. മഞ്ഞയും പച്ചയും നിറങ്ങളിലുള്ള പന്തുകളാണ് ഉപയോഗിക്കുന്നത്. പെട്ടെന്ന് കൈയിൽ ഒതുങ്ങാതെയുള്ള ഇത്തരം ‘റിയാക്ഷൻ പന്തുകൾ’ ഇംഗ്ലണ്ടിലെ സാഹചര്യങ്ങളിൽ ഫീൽഡിങ് മെച്ചപ്പെടുത്താൻ സഹായിക്കുമെന്നാണ് ടീമിന്റെ പ്രതീക്ഷ. തണുത്ത കാറ്റുള്ള അന്തരീക്ഷത്തിൽ ടെസ്റ്റ് മത്സരങ്ങളിലെ പന്തുകൾ വഴുതിപ്പോകാൻ സാധ്യതയുണ്ട്. റബർ പന്തുകളിലെ പരിശീലനം സ്ലിപ് ഫീൽഡർമാർക്കും വിക്കറ്റ് കീപ്പർക്കും സഹായകമായേക്കും. റബർ പന്തുകൾക്ക് ക്രിക്കറ്റ് പന്തുകളെക്കാൾ ഭാരം കുറവായതിനാൽ സാഹചര്യങ്ങളുമായും പൊരുത്തപ്പെടാൻ ഉപകരിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.