താരപ്പടയെത്തി; വേൾഡ് ടെന്നിസ് ലീഗ് ഇന്നു മുതൽ
text_fieldsദുബൈ: നൊവാക് ദ്യോകോവിച് ഉൾപ്പെടെ വമ്പൻമാർ അണിനിരക്കുന്ന വേൾഡ് ടെന്നിസ് ലീഗിന് ഇന്ന് ദുബൈ കൊക്കോ കോള അരീനയിൽ തുടക്കം. ആറ് ദിവസം നീണ്ടു നിൽക്കുന്ന ടൂർണമെന്റിൽ നാല് ടീമുകളായി തിരിഞ്ഞാണ് താരങ്ങൾ ഏറ്റുമുട്ടുന്നത്. ഡി.ജെ ഉൾപ്പെടെയുള്ള സംഗീതനിശകളുടെ അകമ്പടിയോടെയാണ് സൂപ്പർ പോരാട്ടം നടക്കുക. ഡിസംബർ 24നാണ് ഫൈനൽ. പുരുഷ-വനിത വിഭാഗങ്ങൾക്ക് പുറമെ മിക്സഡ് മത്സരവും ഉണ്ടാവും.
ലീഗ് റൗണ്ടിൽ ഏറ്റവും കൂടുതൽ പോയന്റ് സ്വന്തമാക്കുന്ന ടീമുകൾ ഫൈനലിലെത്തും. റൗണ്ട് റോബിൻ മാതൃകയിൽ എല്ലാ ടീമുകളും തമ്മിൽ ഏറ്റുമുട്ടും. 21 തവണ ഗ്രാൻഡ്സ്ലാം നേടിയ ദ്യോകോവിച്ചിന് പുറമെ വനിത ലോക ഒന്നാം നമ്പർ താരം ഐഗ സ്വൈയ്റ്റക്, വിംബിൾഡൺ ഫൈനലിസ്റ്റ് നിക്ക് കിർഗിയോസ്, മുൻ ലോക രണ്ടാം നമ്പർ താരം അലക്സാണ്ടർ സ്വെരേവ്, സാനിയ മിർസ, രോഹൻ ബൊപ്പണ്ണ തുടങ്ങിയവർ കളത്തിലിറങ്ങും.
ദ കൈറ്റ്സ്, ഹോക്സ്, ഫാൽക്കൺസ്, ഈഗിൾസ് എന്നീ ടീമുകളാണ് കളിക്കുന്നത്. ദ്യോകോവിചിന് പുറമെ ഗ്രിഗർ ദ്വിമിത്രോവ്, സബലങ്ക, പൗള ബഡോസ എന്നിവരാണ് ഫാൽക്കൺ ടീമിലുള്ളത്. ഈഗിൾസിൽ നിക്ക് കിർഗിയോസ്, രോഹൻ ബൊപ്പണ്ണ, കരോളിൻ ഗാർഷ്യ, ബിയങ്ക ആൻഡ്രീസ്കു, ആന്ദ്രേസ് സെപ്പി എന്നിവർ അണിനിരക്കുന്നു. ആഗർ അലിയസൈം, ഐഗ സ്വൈറ്റക്, സാനിയ മിർസ, ഗാൽ മൊൻഫിൽസ്, യൂഗിൻ ബൂചാർഡ് എന്നിവരാണ് കൈറ്റ്സിനായി റാക്കറ്റേന്തുന്നത്.
അലക്സാണ്ടർ സ്വരേവ്, ഡൊമിനിക് തീം, എലേന റിബകിന, അനെറ്റ് കൊന്റാവെയ്റ്റ് എന്നിവർ ഹോക്സിനായി കളത്തിലിറങ്ങും. വൈകീട്ട് ആറ് മുതലാണ് മത്സരങ്ങൾ തുടങ്ങുന്നത്. പ്ലാറ്റിനം ലിസ്റ്റിന്റെ വെബ്സൈറ്റ് വഴി ടിക്കറ്റെടുക്കാം.