ലോകകപ്പ്; എസ്.എസ്.ഒ.സി മെഡിക്കൽ കേന്ദ്രം സജ്ജം
text_fieldsസേഫ്റ്റി ഓപറേഷൻസ് കമ്മിറ്റി ഏകീകൃത മെഡിക്കൽ കേന്ദ്രം ലെഖ് വിയ ഫോഴ്സ് ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്തശേഷം
മേജർ ജനറൽ അബ്ദുൽ അസീസ് ബിൻ ഫൈസൽ ആൽഥാനി
സന്ദർശിക്കുന്നു
ദോഹ: ഫിഫ ലോകകപ്പ് ഖത്തർ 2022 സെക്യൂരിറ്റി, സേഫ്റ്റി ഓപറേഷൻസ് കമ്മിറ്റി ഏകീകൃത മെഡിക്കൽ കേന്ദ്രം ലെഖ് വിയ ഫോഴ്സ് ആസ്ഥാനത്ത് ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറിയും കമാൻഡറുമായ മേജർ ജനറൽ അബ്ദുൽ അസീസ് ബിൻ ഫൈസൽ ആൽഥാനി ഉദ്ഘാടനം ചെയ്തു. അഞ്ച് ഔട്ട്പേഷ്യൻറ് ക്ലിനിക്കുകൾ, ഗുരുതര കേസുകൾ ഹമദ് ജനറൽ ആശുപത്രിയിലേക്ക് മാറ്റുന്നതിന് ആംബുലൻസ് സർവിസ് എന്നിവയുൾപ്പെടുന്നതാണ് എസ്.എസ്.ഒ.സി ഏകീകൃത മെഡിക്കൽ കേന്ദ്രം. സർക്കാർ ഏജൻസികൾ, ആഭ്യന്തര മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, ലഖ്വിയ ഫോഴ്സ് എന്നിവിടങ്ങളിൽനിന്നുള്ള ഉദ്യോഗസ്ഥർക്കും മറ്റു രാജ്യങ്ങളിൽനിന്നും ലോകകപ്പിന്റെ സുരക്ഷക്കായെത്തുന്ന സേനാഗംങ്ങൾക്കും പ്രാഥമികാരോഗ്യ ചികിത്സ എസ്.എസ്.ഒ.സി മെഡിക്കൽ കേന്ദ്രത്തിൽ ലഭിക്കും.
എസ്.എസ്.ഒ.സിക്ക് കീഴിലുള്ളവർക്കായി മികച്ച മെഡിക്കൽ പരിരക്ഷ ഉറപ്പാക്കുന്നതിനായി പരിശ്രമിച്ചവർക്കെല്ലാം നന്ദി അറിയിക്കുന്നുവെന്നും ടൂർണമെൻറിനിടയിൽ ഉന്നത നിലവാരത്തിൽ ആരോഗ്യ സേവനം ഉറപ്പാക്കുന്നതിൽ ഇരട്ടി പ്രയത്നം അനിവാര്യമാണെന്നും വാർത്താക്കുറിപ്പിൽ ലഖ്വിയ കമാൻഡർ മേജർ ജനറൽ അബ്ദുൽ അസീസ് ഫൈസൽ ആൽഥാനി പറഞ്ഞു.
ഖത്തരി സായുധസേന മെഡിക്കൽ സർവിസ് കമാൻഡർ മേജർ ജനറൽ ഡോ. അസ്അദ് അഹ്മദ് ഖലീൽ, എസ്.എസ്.ഒ.സി മാൻപവർ യൂനിറ്റ് മേധാവി കേണൽ ഡോ. മുഹമ്മദ് ഹമദ് അൽ ഗയാതിൻ, ആഭ്യന്തര മന്ത്രാലയം മെഡിക്കൽ സർവിസ് വിഭാഗം മേധാവി കേണൽ സാലിം സഈദ് അൽ റാഷിദ്, യൂണിഫൈഡ് മെഡിക്കൽ സെൻറർ മെഡിക്കൽ ടീം ഓപറേറ്റിങ് തലവൻ ലെഫ്. കേണൽ ഡോ. റാമി അൽ ഖാതമി തുടങ്ങിയ മുതിർന്ന ഉദ്യോഗസ്ഥർ എസ്.എസ്.ഒ.സി യൂണിഫൈഡ് മെഡിക്കൽ സെൻറർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
ഡെൻറൽ, ഒഫ്താൽമോളജി, സർജറി, ഓർത്തോപീഡിക്സ്, ഇ.എൻ.ടി ക്ലിനിക്കുകൾ, ഗൈനക്കോളജി, യൂറോളജി, ഡെർമറ്റോളജി, ജനറൽ ആൻഡ് എമർജൻസി മെഡിക്കൽ സേവനങ്ങൾ എന്നിവയെല്ലാം മെഡിക്കൽ കേന്ദ്രത്തിൽ ലഭ്യമാണെന്ന് കേന്ദ്രത്തിലെ മെഡിക്കൽ അഫയേഴ്സ് വിഭാഗം മേധാവി ലെഫ്. കേണൽ ഡോ. ഖുലൂദ് അൽ സുബൈഈ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.