ലോകകപ്പ് യോഗ്യത: വീണ്ടും ജോറായി ജോർഡൻ; ഒമാൻ വീണു
text_fieldsസുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ നടന്ന ഒമാൻ-ജോർഡൻ മത്സരത്തിൽനിന്ന്
മസ്കത്ത്: ലോകകപ്പ് യോഗ്യത മത്സരത്തിലെ നിർണായക കളിയിൽ ഒമാന് തോൽവി. സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ജോർഡൻ എതിരില്ലാത്ത മൂന്നു ഗോളിനാണ് സുൽത്താനേറ്റിനെ പരാജയപ്പെടുത്തിയത്. ഇതോടെ ഗ്രൂപ്പിൽ നിന്ന് നേരിട്ട് ലോകകപ്പ് നേടാമെന്നുള്ള ഒമാന്റെ സ്വപ്നവും പൊലിഞ്ഞു.
ഗ്രൂപ് ബിയിൽ ഒരു കളി മാത്രം ശേഷിക്കെ ഒമ്പതു മത്സരത്തിനിന്ന് 16 പോയന്റുമായി ജോർഡൻ രണ്ടാം സ്ഥാനത്താണുള്ളത്. 12പോയന്റുമായി ഇറാഖ് മൂന്നും പത്തു പോയന്റുമായി ഒമാൻ നാലാം സ്ഥാനത്തുമാണുള്ളത്. ഗ്രൂപ്പിൽനിന്ന് ഇതിനകം ദക്ഷിണ കൊറിയ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാരാണ് നേരിട്ട് ലോകകപ്പിന് യോഗ്യത നേടുക.
മൂന്നും നാലും സ്ഥാനക്കാർ യോഗ്യത മത്സരങ്ങളുടെ നാലാം റൗണ്ടിൽ പ്രവേശിക്കും. ഒമാന് മുമ്പിൽ ഇനി പ്ലേഓഫ് സാധ്യതകളാണുള്ളത്. ജൂൺ പത്തിന് ഫലസ്തീനെതിരെ നടക്കുന്ന മത്സരമാകും ഒമാന്റെ മുന്നോട്ടുള്ള പോക്ക് നിർണയിക്കുക.
കഴിഞ്ഞ ദിവസം നടന്ന കളിയിൽ ജോർഡന്റെ സ്റ്റാർ സ്ട്രൈക്കർ അലി ഒൽവാന്റെ ഹാട്രിക്ക് പ്രകടനമാണ് സന്ദർശകർക്ക് മിന്നും വിജയമൊരുക്കിയത്. പന്തടക്കത്തിൽ മുന്നിട്ടുനിന്നെങ്കിലും ജോർഡന്റെ പ്രതിരോധ മതിൽ ഭേദിക്കാനാകത്തതാണ് തിരിച്ചടിയായത്. തുടക്കത്തിൽ പതിയെ ആയിരുന്നു ഇരുടീമുകും തുടങ്ങിയിരുന്നത്. പ്രതിരോധത്തിന് ഊന്നൽ നൽകിയതിനാൽ ആദ്യ മിനിറ്റുകളിൽ കളി വിരസതയാണ് സമ്മാനിച്ചത്.
ഇതിനിടെ 11ാ മിനിറ്റിൽ ജോർഡന്റെ മന്നേറ്റതാരം മൂസ അൽ തമാരി വല കുലുക്കിയെങ്കിലും റഫറി ഓഫ്സൈഡ് വിസിൽ വിളിച്ചു. തൊട്ടടുത്ത നിമിഷത്തിൽ കൗണ്ടർ അറ്റാക്കിലൂടെ ഒമാൻ മികച്ച അവസരം സൃഷ്ടിച്ചു. അബ്ദുൽ റഹ്മാൻ അൽ മുഷൈഫ്രിയുടെ ശക്തമായ ഷോട്ട് ഇടതു പോസ്റ്റിൽനിന്ന് നേരിയ വ്യത്യാസത്തിലാണ് ഒഴിഞ്ഞു പോയത്. ഒടുവിൽ ആദ്യ പകുതിയുടെ അധിക സമയത്ത് പെനാൽറ്റിയിലൂടെ അലി ഒൽവാൻ ജോർഡനെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയിൽ സമനില പിടിക്കാനുള്ള ലക്ഷ്യവുമായിട്ടാണ് റെഡ്വാരിയേഴ്സ് ഇറങ്ങിയത്.
ഇടതു വലതുവിങ്ങുകളിലൂടെ മികച്ച മുന്നേറ്റം നടത്തിയെങ്കിലും ഗോൾ മാത്രം അകന്നുനിന്നു. 52-ാം മിനിറ്റിൽ, യാസാൻ അൽ നൈമത്തിന്റെ അസിസ്റ്റിൽ ഒൽവാൻ ടീമിന്റെ ലീഡ് ഇരട്ടിയാക്കുകയും ചെയ്തു. 12 മിനിറ്റുകൾക്ക് ശേഷം മൂസ അൽ തമാരിയുടെ മനോഹരമായ പാസിൽനിന്ന് ക്ലോസ് റേഞ്ചി ഷോട്ടിലൂടെ ഒൽവാൻ ഹാട്രിക്കും സ്വന്തമാക്കി. തിരിച്ചടിക്കാൻ ഒമാൻ ശ്രമം നടത്തിയെങ്കിലും ലക്ഷ്യം കാണാതെപോകുകയായിരുന്നു.
പെരുന്നാൾ തലേദിവസം നടന്ന കളികാണാനായി നൂറുകണക്കിന് ഒമാൻ ആരാധകരാണ് ബൗഷർ സ്റ്റേഡിയത്തിലേക്ക് എത്തിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

