പൊന്നു സാബ് ലേ!
text_fields⊿ ഹീറ്റിലെ പ്രകടനം ആവർത്തിച്ചിരുന്നെങ്കിൽ 3000 മീറ്റർ സ്റ്റീപ്ൾ ചേസിൽ ഇന്ത്യക്ക് സ്വർണം
⊿ സ്വർണ ജേതാവിന്റെത് 8:25.13 മിനിറ്റ് മാത്രം
⊿ 8:31.75 മിനിറ്റിൽ ഫിനിഷ്ചെയ്ത് സാബ് ലേക്ക് 11ാം സ്ഥാനം
യൂജീൻ (യൂജീൻ): ലോക അത്ലറ്റിക് ചമ്പ്യൻഷിപ് പുരുഷ 3000 മീറ്റർ സ്റ്റീപ്ൾ ചേസിൽ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന അവിനാശ് സാബ് ലേക്ക് 11ാം സ്ഥാനം. ഫൈനലിൽ എട്ട് മിനിറ്റ് 31.75 സെക്കൻഡിലാണ്സാബ് ലേ ഫിനിഷ് ചെയ്തത്. സ്വന്തം പേരിലുള്ള ദേശീയ റെക്കോഡായ 8 മിനിറ്റ് 12.48 സെക്കൻഡിന്റെ അടുത്ത് പോലും മഹരാഷ്ട്രക്കാരന് എത്താൻ കഴിഞ്ഞില്ല.
മെഡൽ ജേതാക്കളുടെതും അത്ര മികച്ച സമയമല്ലായിരുന്നു. ഒളിമ്പിക് ചാമ്പ്യൻ മൊറോക്കോയുടെ സുഫിയാനെ എൽ ബെക്കാലിക്കാണ് സ്വർണം (8:25.13). താരത്തിന്റെ മികച്ച സമയം 7:58.28 മിനിറ്റാണ്. ഒളിമ്പിക്സിലെയും കഴിഞ്ഞ ലോക ചാമ്പ്യൻഷിപ്പിലെയും രണ്ടാം സ്ഥാനക്കാരൻ എത്യോപ്യയുടെ ലമേചാ ഗിർബ (8:26.01) വെള്ളിയും നിലവിലെ ചാമ്പ്യൻ കെനിയയുടെ കോൺസെസ് ലസ് കിപ്രൂട്ടോ (8:27.9) വെങ്കലവും നേടി. എട്ട് മിനിറ്റ് 18.75 സെക്കൻഡായിരുന്നു സാബ് ലേയുടെ ഹീറ്റിലെ സമയം. സ്വർണ ജേതാവിന് പോലും ഇതിന്റെയടുത്തെത്താൻ കഴിഞ്ഞില്ല. ഹീറ്റിലെ പ്രകടനം ഫൈനലിലും സാബ് ലേ ആവർത്തിച്ചിരുന്നുവെങ്കിൽ ചരിത്രം പിറന്നേനെ.
15 പേർ പങ്കെടുത്ത ഫൈനലിലെ ആദ്യ 1000 മീറ്റർ 2:59.46 മിനിറ്റിലാണ് സാബ് ലേ പിന്നിട്ടത്. 14ാം സ്ഥാനത്തായിരുന്നു അപ്പോൾ. 2000 പിന്നിടുമ്പോൾ 5:53.72 മിനിറ്റായിരുന്നു സമയം. അതേ സ്ഥാനത്ത് തുടർന്നു. അവസാന ലാപ്പിൽ കുതിച്ച് 12ലേക്കും അവസാന 100 മീറ്ററിലേക്ക് 11ലേക്കും മുന്നേറുകയായിരുന്നു ആർമിയിൽ ഉദ്യോഗസ്ഥനായ താരം. ഒമ്പത് തവണ ദേശീയ റെക്കോഡ് പുതുക്കിയ സാബ് ലേക്ക് ഇത് ലോക ചാമ്പ്യൻഷിപ്പിലെ രണ്ടാം ഫൈനലായിരുന്നു. 2019ൽ ദോഹയിൽ 13ാമതായി. ഇത്തവണ തന്റെ ഹീറ്റിൽ മൂന്നാമതെത്തിയാണ് ഫൈനലിൽ പ്രവേശിച്ചത്.