പെണ്ണുങ്ങൾക്കൊപ്പം ഇനി പെണ്ണുങ്ങൾ മാത്രം മത്സരിച്ചാൽ മതി...
text_fieldsലണ്ടൻ: അത്‍ലറ്റിക്സ് വനിതാ വിഭാഗം മത്സരങ്ങളിലെ ജെൻഡർ തട്ടിപ്പുകൾക്ക് പൂട്ടിട്ട് വേൾഡ് അത്ലറ്റിക്സ്. ലോക അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പ് ഉൾപ്പെടെ അന്താരാഷ്ട്ര തലത്തിലെ പ്രധാന മത്സരങ്ങളിൽ പങ്കെടുക്കുന്ന വനിതാ അത്‍ലറ്റുകൾക്ക് ജനിതക പരിശോധന നിർബന്ധമാക്കാൻ വേൾഡ് അത്‍ലറ്റിക്സ് തീരുമാനം. സെപ്റ്റംബർ ഒന്ന് മുതൽ പുതിയ നിയമം പ്രാബല്ല്യത്തിൽ വരും. സെപ്റ്റംബർ 13ന് ആരംഭിക്കുന്ന ടോക്യോ ലോക അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്ന വനിതാ കായിക താരങ്ങൾ സെപ്റ്റംബർ ഒന്നിന് മുമ്പായി വേൾഡ് അത്‍ലറ്റിക്സ് ബോഡി നിർദേശിക്കുന്ന ജനിതക പരിശോധന പൂർത്തിയാക്കണം.
കവിളിൽ നിന്ന് ശേഖരിക്കുന്ന ഉമിനീർ, അല്ലെങ്കിൽ രക്ത സാമ്പിളുകൾ വഴിയാവും ജനിതക പരിശോധന പൂർത്തിയാക്കുക. ഈ ടെസ്റ്റിൽ വിജയിക്കുന്നവർക്കു മാത്രമേ അന്താരാഷ്ട്ര റാങ്കിങ് വനിതാ വിഭാഗം, ട്രാക്ക്-ഫീൽഡ് ഇനങ്ങളിൽ മത്സരിക്കാൻ കഴിയൂ.
പുരുഷ ജെൻഡർ നിർണയിക്കുന്ന ‘വൈ’ ക്രോമസോം സാന്നിധ്യമാവും പരിശോധിക്കുന്നത്. പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കിൽ വനിതാ വിഭാഗത്തിൽ മത്സരിക്കാൻ യോഗ്യരാവും. അതേസമയം, പോസിറ്റീവ് ആയാൽ അയോഗ്യരാവും. കരിയറിൽ ഒരു തവണ മാത്രം ഈ പരിശോധനക്ക് വിധേയരായാൽ മതിയാകും.
ജൈവികമായി സ്ത്രീയാണെങ്കിൽ മാത്രമേ എലൈറ്റ് അത്ലറ്റിക് മീറ്റുകളിൽ വനിതാ വിഭാഗത്തിൽ പങ്കെടുക്കാൻ കഴിയൂ എന്നാണ് ഇതുവഴി ഉറപ്പാക്കുന്നതെന്ന് വേൾഡ് അത്‍ലറ്റിക്സ് പ്രസിഡന്റ് സെബാസ്റ്റ്യൻ കോ പറഞ്ഞു.
ലോക അത്‍ലറ്റിക്സിനെ പിടിച്ചുലച്ച ദക്ഷിണാഫ്രിക്കൻ ഒളിമ്പിക്സ് ജേതാവ് കാസ്റ്റർ സെമന്യയുടേത് പോലെ വിവാദങ്ങൾ ആവർത്തിക്കാതിരിക്കാനാണ് ഈ നീക്കം.
2012 , 2016 ഒളിമ്പിക്സ് 800 മീറ്ററിൽ സ്വർണം നേടിയ കാസ്റ്റർ സെമന്യയെ, ശരീരത്തിൽ പുരുഷ ഹോർമോൺ അളവ് കൂടുതലായതിന്റെ പേരിൽ 2019ൽ ട്രാക്കിൽ വിലക്കേർപ്പെടുത്തിയിരുന്നു. ഇതിന്റെ പേരിൽ സെമന്യയും ഫെഡറേഷനും തമ്മിലുള്ള നിയമയുദ്ധം വർഷങ്ങൾ നീണ്ടു. അത്‍ലറ്റിക്സിലെ ലിംഗ നിർണയം ഉറപ്പുവരുത്താൻ കൃത്യമായ നിയമം നിലവിലില്ലാത്തത് കോടതിയിൽ ഫെഡറേഷന് തിരിച്ചടിയാകുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വനിതാ മത്സരങ്ങളിൽ സുതാര്യത ഉറപ്പുവരുത്താൻ ജനിതക പരിശോധന നിർബന്ധമാക്കുന്നത്.
ട്രാൻസ്ജെൻഡർ അത്‍ലറ്റുകൾക്ക് വനിതാ വിഭാഗത്തിൽ മത്സരിക്കുന്നതിന് രണ്ടു വർഷം മുമ്പ് നിയമം വഴി വേൾഡ് അത്‍ലറ്റിക്സ് വിലക്കേർപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

