ബർഷിമിന് ഇന്ന് സ്വർണപ്പോരാട്ടം
text_fieldsമുഅതസ് ബർഷിം
ദോഹ: ഖത്തറിന്റെ സ്വപ്നങ്ങളും പ്രാർഥനകളുമായി സൂപ്പർതാരം മുഅതസ് ബർഷിം ഇന്ന് ഹൈജംപ് പിറ്റിൽ. ഹംഗറിയിലെ ബുഡപെസ്റ്റിൽ നടക്കുന്ന ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ഹൈജംപ് ഫൈനലിൽ ബർഷിം മത്സരിക്കാനിറങ്ങുമ്പോൾ ഖത്തറും ലോകമെങ്ങുമുള്ള ആരാധകരും സ്വപ്നംകാണുന്നത് നാലാം ലോക ചാമ്പ്യൻഷിപ് സ്വർണം.
പ്രാദേശിക സമയം രാത്രി എട്ടു മണിയോടെയാണ് (ഖത്തർ സമയം രാത്രി ഒമ്പത്) മത്സരങ്ങൾക്ക് തുടക്കമാവുന്നത്. ഞായറാഴ്ച നടന്ന യോഗ്യതാറൗണ്ടിൽ 2.28 മീറ്റർ അനായാസം ചാടിയായിരുന്നു ബർഷിം ഫൈനലിൽ കടന്നത്. ഇറ്റലിയുടെ ജിയാൻമാർകോ ടാംബേരി ഉൾപ്പെടെ 13 താരങ്ങൾ മത്സരിക്കുന്നുണ്ട്. 400 മീ. ഹർഡ്ൽസിൽ ഖത്തറിന്റെ ബാസിം ഹമിദയും സെമിയിലേക്ക് യോഗ്യത നേടിയിരുന്നു.

