ജെന മനു നീരജ ജയഹേ...
text_fieldsബുഡാപെസ്റ്റ്: ലോക അത് ലറ്റിക് ചാമ്പ്യൻഷിപ് സമാപന നാളായ ഞായറാഴ്ച ചരിത്രത്തിലെ ആദ്യ സ്വർണം കൈപ്പിടിയിലൊതുക്കാമെന്ന പ്രതീക്ഷയിൽ ഇന്ത്യ. ഇന്ത്യൻ സമയം രാത്രി 11.45ന് ആരംഭിക്കുന്ന പുരുഷ ജാവലിൻ ത്രോ മത്സരത്തിൽ രാജ്യത്തെ പ്രതിനിധാനംചെയ്യുന്നത് മൂന്ന് താരങ്ങളാണ്.
ഒളിമ്പിക് ചാമ്പ്യനും കഴിഞ്ഞ വർഷത്തെ ലോക അത് ലറ്റിക് ചാമ്പ്യൻഷിപ് വെള്ളി മെഡൽ ജേതാവുമായ നീരജ് ചോപ്ര സ്വർണത്തിലേക്ക് ജാവലിൻ എറിയുന്നത് സ്വപ്നം കാണുകയാണ് 140 കോടി ജനങ്ങൾ. സഹതാരങ്ങളായ ഡി.പി മനുവും കിഷോർ ജെനയും നീരജിനൊപ്പം ഫൈനലിൽ മത്സരിക്കുന്നുണ്ട്. ലോക ചാമ്പ്യൻഷിപ് ഫൈനലിലെ ഒരു ഇനത്തിൽ മൂന്ന് ഇന്ത്യക്കാർ മെഡൽപ്പോരാട്ടത്തിന് ഇറങ്ങുന്നതും ചരിത്രമാണ്.
യോഗ്യത റൗണ്ടിൽ സീസൺ ബെസ്റ്റ് പ്രകടനവുമായി 88.77 മീറ്റർ എറിഞ്ഞ് ഒന്നാമനായാണ് നീരജ് കടന്നത്. പാകിസ്താന്റെ അർഷദ് നദീം 86.79 മീറ്ററിൽ രണ്ടാമനും. ഇന്ന് നീരജിന് ശക്തമായ വെല്ലുവിളി ഉയർത്താൻ സാധ്യതയുള്ളവരിലൊരാളാണ് നദീം. ലോക ഒന്നാം നമ്പർ ചെക് റിപ്പബ്ലിക്കിന്റെ ജാകൂബ് വാദ് ലെജ് 83.50 മീറ്റർ മാത്രമേ എറിഞ്ഞുള്ളൂവെങ്കിലും ഫൈനലിൽ കാര്യങ്ങൾ മാറിയേക്കാം. 81.31ൽ മനു ആറാമനും ജെന (80.55) ഒമ്പതാമനുമായിരുന്നു. 12 താരങ്ങളാണ് ഫൈനലിൽ മത്സരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

