ചെസ് വനിതാ ലോകകപ്പ്; ഇന്ത്യക്കൊരു ദിവ്യാത്ഭുതം
text_fieldsകൊനേരു ഹംപിക്കെതിരെ ദിവ്യ ദേശ് മുഖിെന്റ വിജയനിമിഷം
ഫൈനൽ ടൈ ബ്രേക്കറിലെ ആദ്യ റാപ്പിഡ് ഗെയിം കിങ് പോൺ ഓപണിങ്ങിൽ തുടങ്ങിയ ദിവ്യ ദേശ്മുഖിനെതിരെ പെട്രോഫ് പ്രതിരോധം ആണ് കൊനേരു ഹംപി പുറത്തെടുത്തത്. 27 നീക്കങ്ങൾ വരെ ബലാബലത്തിൽ നിന്നപ്പോൾ 28ാം നീക്കത്തിൽ ദിവ്യ തന്റെ ക്വീനിനെ പരസ്പരം വെട്ടി മാറാതെ മാറ്റി നടത്തിയ നീക്കം ഹംപിക്ക് മികച്ച മുൻതൂക്കം ലഭിക്കാൻ ഇടയാക്കി. ഹംപി വീണ്ടും ക്വീനുകളെ വെട്ടിമാറ്റാൻ ശ്രമിക്കുന്നതാണ് കാണാൻ സാധിച്ചത്. എന്നാൽ, കളത്തിലെ ഏറ്റവും മികച്ച നീക്കം കണ്ടെത്താൻ ഹംപിക്ക് സാധിച്ചില്ല. അതുപോലെത്തന്നെ 36ാം നീക്കത്തിൽ ഹംപി നടത്തിയ മോശം നീക്കം മുതലെടുക്കാൻ ദിവ്യക്കും സാധിച്ചില്ല. 38 നീക്കങ്ങൾ ആയപ്പോഴേക്കും ഉറപ്പായ സമനില 81ാം നീക്കത്തിലാണ് സംഭവിച്ചത്.
രണ്ടാമത്തെ കളിയിൽ കാറ്റലൻ ഓപണിങ്ങിൽ ആണ് ഹംപി തുടങ്ങിയത്. ആദ്യ 20 നീക്കങ്ങൾ കഴിഞ്ഞപ്പോൾ സമനിലയിലേക്കാണെന്നു തോന്നിച്ചു. 40ാം നീക്കത്തിൽ ഹംപി ഒരു കാലാളിനെ ബലി നടത്തിയ നീക്കത്തിലെ കണക്കുകൂട്ടൽ തെറ്റിപ്പോയി. തൊട്ടടുത്തതിലും ഹംപി മോശം നീക്കം നടത്തിയപ്പോൾ ദിവ്യക്ക് മികച്ച പൊസിഷൻ. എന്നാൽ, ദിവ്യ അവസരം കളഞ്ഞുകുളിക്കുന്നതാണ് കണ്ടത്. 47ാം നീക്കത്തിൽ ക്വീനുകൾ കളത്തിന് പുറത്തുപോയപ്പോൾ സമനില തോന്നിച്ചു.
54ാം നീക്കത്തിൽ വീണ്ടും ഹംപിയുടെ ഭാഗത്തുനിന്ന് പാളിച്ച ഉണ്ടായി. ദിവ്യയുടെ f4 കളത്തിലെ കാലാളിനെ റൂഖ് കൊണ്ട് വെട്ടിമാറ്റിയതാണ് വിനയായത്. പിന്നീട് നടന്ന 10 നീക്കങ്ങളിൽ ദിവ്യ അനായാസ ജയത്തിലേക്കെന്നു തോന്നിച്ചു. 65ാം നീക്കത്തിൽ ദിവ്യക്ക് കണക്കുകൂട്ടലുകൾ തെറ്റി. 67ാം നീക്കത്തിൽ ഹംപി നടത്തിയ h6 എന്ന നീക്കത്തിനു പകരം തന്റെ രാജാവിനെ d5 എന്ന കളത്തിലേക്കു വെച്ചിരുന്നെങ്കിൽ കളി സമനിലയിൽ കലാശിച്ചേനെ. എന്നാൽ, 68ാം നീക്കത്തിൽ ദിവ്യ ഒരവസരം കൂടി വെച്ചുനീട്ടി തന്റെ രാജാവിനെ e4 കളത്തിലേക്കു വെക്കുന്നതിനു പകരം കാലാളിനെ മുന്നോട്ടു നീക്കുകയായിരുന്നു.
68ാം നീക്കം കൃത്യമായി നടത്തിയെങ്കിലും 69ാം നീക്കത്തിൽ ഹംപിക്ക് കൃത്യത നഷ്ടപ്പെട്ടു. ഹംപി തന്റെ h6ലെ കാലാളിനെ മുന്നോട്ടു നീക്കിയതോടെ കളി സമനിലയിൽ ആക്കാൻ ഉള്ള അവസാന അവസരവും നഷ്ടപ്പെടുത്തി. 75ാം നീക്കത്തിൽ ദിവ്യ കളിയും കിരീടവും പിടിച്ചെടുത്തു. രണ്ടു കളിക്കാരുടെയും ഭാഗത്തു നിന്നും പിഴവുകൾ സംഭവിച്ചു. എന്തായാലും കാൻഡിഡേറ്റ് ടൂർണമെന്റിൽ ഇവരിൽ ആരെങ്കിലും വിജയിച്ചു ലോക ചാമ്പ്യൻ പദവിയിലേക്ക് എത്താൻ സാധിക്കട്ടെ എന്ന് നമുക്ക് ആശിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

