കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് രണ്ടാം മെഡൽ; ഭാരോദ്വഹനത്തിൽ ഗുരുരാജ പൂജാരിക്ക് വെങ്കലം
text_fieldsബിർമിങഹാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് രണ്ടാം മെഡൽ. 61 കിലോ ഗ്രാം ഭാരോദ്വഹനത്തിൽ ഗുരുരാജ പൂജാരിയാണ് വെങ്കലം നേടിയത്. 269 കിലോ ഗ്രാം ഭാരം ഉയർത്തിയാണ് ഗുരുരാജ് നേട്ടം സ്വന്തമാക്കിയത്. 285 കിലോ ഗ്രാം ഭാരം ഉയർത്തിയ മലേഷ്യയുടെ അസ്നിൽ ബിൻ ബിദിൻ മുഹമ്മദിനാണ് ഈ ഇനത്തിൽ സ്വർണം. പപ്പുവ ന്യൂഗിനയയുടെ മോറിയ ബാറു വെള്ളിയും നേടി. 273 കിലോ ഗ്രാം ഭാരമാണ് അദ്ദേഹം ഉയർത്തിയത്.
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ആദ്യ മെഡലും ഭാരോദ്വഹനത്തിൽ നിന്നായിരുന്നു. സാങ്കേത് മഹാദേവ് സാർഗറാണ് വെള്ളി നേടിയത്. 55 കിലോ വിഭാഗത്തിലാണ് 21കാരനായ മഹാരാഷ്ട്ര സ്വദേശിയുടെ നേട്ടം.
അവസാന ശ്രമത്തിൽ മലേഷ്യൻ താരം ഒന്നാമതെത്തിയതോടെയാണ് സാങ്കേത് മഹാദേവിന് സ്വർണം നഷ്ടമായത്. അവസാന ഘട്ടത്തിൽ പരിക്കേറ്റതാണ് സാങ്കേതിന് തിരിച്ചടിയായത്. സ്നാച്ച് റൗണ്ടിൽ 113 കിലോ ഭാരം ഉയർത്തി സാങ്കേത് വ്യക്തമായ ലീഡ് നേടി. ക്ലീൻ ആൻഡ് ജെർക് റൗണ്ടിലെ ആദ്യ ശ്രമത്തിലും 135 കിലോ ഉയർത്തി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.
എന്നാൽ, പിന്നീടുള്ള രണ്ടു ശ്രമങ്ങളിലും താരം പരാജയപ്പെട്ടു. 139 കിലോയാണ് ഉയർത്തേണ്ടത്. മൊത്തം 248 കിലോയാണ് സാങ്കേത് ഉയർത്തിയത്. മലേഷ്യയുടെ മുഹമ്മദ് അനീഖിനാണ് സ്വർണം. ക്ലീൻ ആൻഡ് ജെർക് റൗണ്ടിൽ താരം 142 കിലോ ഉയർത്തി.