പ്രിയപ്പെട്ട ഗെയ്​ൽ, നിങ്ങൾ അഴിച്ചുവിട്ട കൊടുങ്കാറ്റുകളോട്​ എങ്ങനെയാണ്​ നന്ദി പറയുക..?

  • ക്രിസ്​ ഗെയ്​ൽ വിടപറയുമ്പോൾ വെസ്​റ്റിൻഡീസ്​ ക്രിക്കറ്റിനെ അടുത്തറിഞ്ഞയാളുടെ കുറിപ്പ്​

കളിക്കളത്തിലെ ആഘോഷമാണ്​ ക്രിസ്​ ഗെയ്​ൽ

ന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും താങ്കൾ വിടപറയുന്നു എന്ന് എല്ലാവരും കരുതുന്ന ഈ വേളയിൽ താങ്കളെക്കുറിച്ച് എന്ത്​ ഓർത്തെടുക്കും എന്ന്​ ആലോചിക്കുകയായിരുന്നു. മൂളിപ്പായുന്ന തീയുണ്ടകളെയും, പമ്പരം കണക്കെ കറങ്ങി കുത്തി തിരിയുന്ന പന്തുകളെയും അനായാസം അതിർത്തിക്ക് മുകളിലൂടെ പറത്തി വിട്ട താങ്കൾ  യഥാർത്ഥത്തിൽ കാലമർത്തി നിന്നത് ക്രിക്കറ്റിനെ പ്രണയിച്ച ലക്ഷങ്ങളുടെ ഹൃദയങ്ങളിലായിരുന്നുവല്ലോ.. അവരോട് താങ്കളെക്കുറിച്ച് ഈ സമയം എന്താണ്​ പറയേണ്ടത്?.

നീളമുള്ള, ബലിഷ്ഠമായ താങ്കളുടെ കൈകളിലുണ്ടായിരുന്ന ബാറ്റിൽ നിന്നും മൂളിപ്പറന്ന സിക്സറുകൾ സമ്മാനിച്ച ആഘോഷങ്ങളുടെ ഉത്സവാന്തരീക്ഷത്തെക്കുറിച്ചോ?..അതോ.. കോപ്പി ബുക്ക് ഷോട്ടുകളെ പ്രണയിച്ച പുതുതലമുറയ്ക്ക് മുന്നിൽ ഇന്നവേറ്റഡ് ഷോട്ടുകളുടെ വിപ്ലവം കൊണ്ടുവന്നതിനെപ്പറ്റിയോ..
കാതുകൾ തുളക്കുന്ന ഹർഷാരവങ്ങൾക്ക് നടുവിൽ കുത്തിയുയർന്നു കുതിച്ചു വരുന്ന തുകൽ പന്തുകളുടെ വേഗവും ദിശയും ക്ഷണേന ഒപ്പിയെടുക്കുന്ന താങ്കളുടെ കണ്ണുകളുടെ കഥയോ?..

 
 

കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ ലോകത്തിൽത്തന്നെ പതിനാറാം സ്ഥാനത്തുള്ള കിംങ്സ്റ്റൺ എന്ന പട്ടണത്തിൽ ക്രിക്കറ്റുമായി ബന്ധമില്ലാത്ത ഒരു  പോലീസ് ഉദ്യോഗസ്ഥന്റെയും ചെറിയ ചെറിയ വീട്ടുസാധനങ്ങൾ വിൽക്കുന്ന വൃത്തിയിലേർപ്പെട്ടിരുന്ന ഒരു സാധാരണക്കാരിയുടെയും ആറു മക്കളിൽ അഞ്ചാമൻ. ഓരോ വർഷവും ക്രിസ്തുമസ് ദിനം ആഗതമാകുമ്പോൾ വയർ നിറയെ ഭക്ഷണം ലഭിക്കുമെന്ന ഒറ്റക്കാരണത്താൽ എല്ലാ ദിനങ്ങളും ക്രിസ്തുമസ് ദിനങ്ങളാകണമെന്ന് ആഗ്രഹിച്ചവൻ. ദുരിതമയമായ ബാല്യത്തിൽ  ചെലവുകൾക്കായി ആക്രി സാധനങ്ങൾ പെറുക്കി വിൽക്കുന്നതിനോടൊപ്പം ചില്ലറ മോഷണവും നടത്തി ആഗ്രഹങ്ങൾ നിവർത്തിച്ചവൻ. എട്ട് അംഗങ്ങളുള്ള രണ്ടു മുറി വീട്ടിലെ ഒറ്റക്കട്ടിലിൽ നാല് സഹോദരന്മാർക്കൊപ്പം ഉറങ്ങിത്തീർത്ത അരക്ഷിത ബാല്യവും യൗവനവും. ജമൈക്കയുടെ ഏതെങ്കിലും ഇരുണ്ട തെരുവിൽ കത്തി തീരുമായിരുന്ന ആ യൗവനത്തെ ഇന്ന് ഒൻപത് കിടപ്പ് മുറികളുള്ള കൊട്ടാരസദ്യശമായ വീട്ടിലെത്തിച്ചതും നമുക്കായി കരുതിവച്ചതും കാലമൊന്നുമാത്രം.

എന്നിട്ടും പഴയതൊന്നും മറക്കാതെ ക്രിസ് ഇവിടെത്തന്നെയുണ്ട്.

ഒരു ലോകോത്തര ക്രിക്കറ്റ് കളിക്കാരൻ ആകുക എന്ന സ്വപ്നമായിരുന്നില്ല, മറിച്ച് ദാരിദ്യത്തിന്റെ രൂക്ഷമായ വലയത്തിൽ നിന്നും മോചനത്തിലേക്കുള്ള യാത്രയിൽ ക്രിസ് ക്രിക്കറ്റിന്റെ കൂടെ  കൂടുകയായിരുന്നു. കിങ്സ്റ്റണിലെ പഴയകാല കളിക്കാരനായ മുത്തച്ഛന്റെ പ്രേരണയും ഒപ്പമുണ്ടായിരുന്നു ..
ദേശീയ ടീമിലിടം നേടിയാൽ ഗവൺമെന്റിൽ നിന്നും സൗജന്യമായി ലഭിക്കുന്ന ഭൂമിയും മറ്റ് ആനുകുല്യങ്ങളും പ്രചോദിപ്പിച്ചുകൊണ്ടിരുന്നു. ചുരുക്കത്തിൽ ക്രിക്കറ്റെന്നാൽ ഗെയിലിന് അഭിശപ്തമായ ജീവിത സാഹചര്യങ്ങളിൽ നിന്നും പുറത്തുകടക്കാനുള്ള ഏകവഴിയായി. അവിടെ അയാൾ സ്വന്തം ആത്മവിശ്വാസത്തിന്റെ കൊടുമുടിയിൽ വലിയ ഒരു സാമ്രാജ്യം തന്നെ പണിഞ്ഞിട്ടു. അവിടെ അശ്വമേധങ്ങളിൽ വിജയിച്ചു വന്ന രാജാവിനെപ്പോലെ ജീവിക്കുന്ന ഗെയിലെന്ന മനുഷ്യനെ പിന്നെ ലോകം അത്ഭുതത്തോടെ നോക്കിയിരുന്നു.

യൂണിവേഴ്​സൽ ബോസ്​....
 

‘യൂണിവേഴ്സ് ബോസ്സ്’ എന്ന് സ്വയം വിളിപ്പേരിട്ട് പിന്നീട് ലോകത്തിനെ കൊണ്ട് അങ്ങനെ വിളിപ്പിച്ചിട്ടുണ്ടെങ്കിൽ അതിനു പിന്നിൽ ഉള്ളത് അപാരമായ ആത്മവിശ്വാസം മാത്രമാണ്. ഒറ്റ നോട്ടത്തിൽ അഹങ്കാരം എന്ന് തോന്നിപ്പിക്കാവുന്ന ആത്മവിശ്വാസം. ഈ കാണുന്ന പ്രപഞ്ചം പോലും എന്നെ ഉൾക്കൊള്ളാൻ വളർന്നിട്ടില്ല എന്ന് വിചാരിക്കുന്നിടം വരെയെത്തുന്ന ആത്മവിശ്വാസത്തിന്റെ ഉത്തുംഗതയിലായിരുന്നു ഗെയിൽ. തിളങ്ങുന്ന വസ്ത്രങ്ങളോട് പുലർത്തുന്ന അസാധാരണമായ കമ്പവും, പുതിയ നോട്ടുകെട്ടുകൾ കിട്ടിയാൽ അതിന്റെ ഗന്ധം ആസ്വദിക്കുന്ന സ്വഭാവവും ഗെയിലിന്റെ രീതികൾ !..

വളരെ ദുരിതപൂർണ്ണമായ ഒരു ബാല്യത്തിലൂടെ കടന്നു പോയത് കൊണ്ടായിരിക്കാം തികച്ചും പ്രവചനാതീതമാകുന്നു പല  പ്രവർത്തികളും. വളരെ ആവേശത്തോടെ സംസാരിക്കുന്ന ആ മനുഷ്യൻ ചിലപ്പോൾ ഒരു നിമിഷം കൊണ്ട് നിശ്ശബ്ദനാകും. ചിലപ്പോൾ ആരുടെയെങ്കിലും സാമീപ്യം കൊണ്ടാകാം.
അല്ലെങ്കിൽ മറ്റേതെങ്കിലുംചിന്തകളാകാം. പക്ഷെ ഒരിക്കലും പ്രതീക്ഷിക്കാത്ത ചില വേദികളിൽ ചിലപ്പോൾ പ്രതീക്ഷിക്കുന്നതിനും അപ്പുറം സംസാരിക്കുന്നതും കാണാം. വളരെ പെട്ടെന്ന് അസ്വസ്ഥനാകുകയും, അതേ വേഗതയിൽ പഴയ അവസ്ഥയിലേക്ക് വേഗത്തിൽ മടങ്ങുകയും ചെയ്യുന്നവൻ.

കരീബീയൻ പ്രീമിയർ ലീഗിനിടയിലെ ഒരു മത്സരത്തിൽ വെച്ചാണ് ഗെയിലിനെ ഞാൻ പരിചയപ്പെടുന്നത്. ക്രിക്കറ്റ് കളിക്കാരനോ, കളിക്കാരുമായി സൗഹൃദം സ്ഥാപിക്കാൻ സാധ്യമായ സാമ്പത്തിക സ്ഥിതിയോ ഉള്ള ഒരാളായിരുന്നില്ല ഞാൻ. എങ്കിലും, ഒരിക്കൽ പോലും അതോർമിക്കാതെയുള്ള പെരുമാറ്റ രീതി.
സെന്റ് ലൂസിയയിൽ എന്ന് വന്നാലും മകനെ കൊണ്ടുകാണിക്കണം എന്നിങ്ങോട്ടു എന്നോടു പറയാൻ മടി കാണിക്കാത്ത ഗെയിൽ കുട്ടികളോട് മനസ്സിൽ അഗാധമായ സ്നേഹം സൂക്ഷിക്കുന്നു.

2012 ൽ താൻ പറത്തി വിട്ട സിക്സർ അതിർത്തി കടന്നപ്പോൾ  പന്തുകൊണ്ട് മൂക്കിന്റെ പാലത്തിനു പരിക്ക് പറ്റിയ പെൺകുട്ടിയെ ആശുപത്രിയിൽ ഗെയിൽ സന്ദർശിച്ചു. അടുത്ത ദിവസത്തെ കളിക്ക് ആ കുട്ടിയ്ക്കും കുടുംബത്തിനും വി.ഐ.പി സീറ്റിൽ ഇരുന്ന് കളി കാണാനുള്ള ടിക്കറ്റും നൽകി ആശ്വസിപ്പിച്ചിട്ട് മാത്രമാണ് ഗെയിൽ ആശുപത്രി വിട്ടത്​.

2005 ൽ ഓസ്ട്രേലിയയിൽ  നടത്തിയ ഹൃദയ ശസ്ത്രക്രിയയാണ് ഗെയിലിൻെറ ജീവിതഗതി മാറ്റി മറിച്ചത്. വെസ്റ്റ് ഇൻഡീസിന്റെ ഓസ്ട്രേലിയൻ പര്യടനത്തിനിടയിൽ ഹൃദയമിടിപ്പിൻെറ വേഗതയിൽ ഉണ്ടായ വ്യത്യാസത്തെ തുടർന്ന് അവശനായ ഗെയിലിനെ മെൽബണിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങൾ എന്നാണു ഗെയ്ൽ അതിനെ കുറിച്ച് ഓർമിച്ചത്​.

മെൽബണിലെ ആശുപത്രി കിടക്കയിൽ ഗെയ്​ൽ
 

എന്താണ് സംഭവിക്കുന്നത്​ എന്ന് മാതാപിതാക്കളടക്കം ആർക്കും ഒരു ധാരണയും ഉണ്ടായിരുന്നില്ല. ജീവിതം മാറ്റിമറിച്ച സംഭവം എന്നാണു ഗെയ്ൽ ഈ സർജറിയെ വിശേഷിപ്പിച്ചത്​. ആ സർജറിയോടുകൂടി ജീവിതത്തോടുള്ള ഗെയിലിന്റെ കാഴ്ചപ്പാട് തന്നെ മാറുകയായിരുന്നു.
‘ഈ ദിവസം മുതൽ ഞാൻ അനന്തമായി എന്റെ ജീവിതം ആസ്വദിക്കാൻ പോകുന്നു. ദൈവഹിതത്താൽ ഞാൻ മെച്ചപ്പെടും. ഞാൻ ഇനി എല്ലാം പരമാവധി ചെയ്യാൻ പോകുന്നു’.
മെൽബണിൽ നിന്നും തിരിച്ചു ജമൈക്കയിലെത്തിയ ഗെയ്ൽ അന്ന് രാത്രി തന്നെ ക്ലബ്ബിൽ പോയി. അതിന്റെ അടുത്ത ദിവസവും.
പിന്നീടുള്ള ദിവസങ്ങളിലും. മനസ്സിൽ പതിഞ്ഞു പോയ ഇ.സി.ജി. യന്ത്രത്തിലെ ഹൃദയമിടിപ്പിന്റെ ഗ്രാഫിനെക്കാൾ പാർട്ടികളുടെ  ഗ്രാഫ് കൂട്ടിയിട്ട ഗെയിൽ ജീവിതം വ്യസനിച്ച് തീർക്കാനുള്ളതല്ല എന്നുറക്കെ തന്നെ പറഞ്ഞു, കാണിച്ചു തന്നു. അല്ലെങ്കിൽ തന്നെ ജീവിതം ആസ്വദിക്കുന്നതിൽ നിന്നും രാത്രിയും  പ്രഭാതവും ഒന്നും എന്നെ തടയില്ല എന്ന് പ്രഖ്യാപിച്ച മനുഷ്യന് സർജറി ഒരു വിഷയമേ അല്ലായിരുന്നു..
വിജയകരമായ ഹൃദയ ശാസ്ത്രക്രിയയോട് കൂടി ഗെയിലിന്റെ പ്രിയപ്പെട്ട സ്ഥലമായി ഓസ്ട്രേലിയ മാറുകയായിരുന്നു... ഗെയിലിനു ഏറ്റവും കൂടുതൽ തിരിച്ചടികൾ നേരിട്ടതും അതെ ഓസ്​ട്രേലിയയിൽ നിന്ന് തന്നെയായിരുന്നുവെന്നതും സത്യം .

എന്താണ് ബാറ്റിങ്ന്റെ രഹസ്യം എന്ന് ചോദിക്കുന്നവരോടെല്ലാം ഗെയ്​ലിന് മറുപടി ഒന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂ.
 ‘വിശ്രമം...’
അതായത് കളി കഴിഞ്ഞായാലും, പാർട്ടി കഴിഞ്ഞായാലും മിനിമം ഏഴു മണിക്കൂറിൽ കുറയാതെയുള്ള ഉറക്കം. പക്ഷേ, അത് രാത്രി തന്നെ ആവണമെന്ന് നിർബന്ധവുമില്ല. കളിയില്ലാത്ത സമയത്താണെങ്കിൽ വൈകിയ ഉച്ചഭക്ഷണത്തോടു കൂടി ആരംഭിക്കുന്ന ദിവസം അവസാനിക്കുന്നത് പുലർച്ചെ ആയിരിക്കും.
അതുകൊണ്ട് തന്നെ ഗെയ്​ലിൻെറ ഹോട്ടൽ ബില്ലുകളിലൊന്നും പ്രഭാത ഭക്ഷണം ഉണ്ടാകാറില്ല.

മൈതാനത്തിന്​ ആവേശമായിരുന്നു ക്രിസ്​ ഗെയ്​ലിൻെറ നൃത്തങ്ങൾ
 

പലരും ചോദിച്ചിട്ടുണ്ട് എന്തായിരിക്കും ഗെയ്​ലിന്റെ വിജയരഹസ്യം..?
ശാസ്ത്രീയമായി വിശദീകരിക്കാൻ അറിയില്ലെങ്കിലും വാഹനങ്ങളിൽ ഒരുമിച്ചു യാത്ര ചെയ്ത അനുഭവത്തിൽ പറയട്ടെ, നമ്മുടെ തൊട്ടുമുന്നിൽ നടക്കുന്ന ചലനങ്ങൾ ഏറ്റവും വേഗത്തിൽ മനസ്സിലാക്കുന്നത് ഗെയ്ൽ ആയിരിക്കും. ഒരു വാഹനത്തിൽ എത്ര പേർ ഇരുന്നാലും, തൊട്ടുമുന്നിൽ പോകുന്ന വാഹനത്തിന്റെ സ്പീഡ് കുറഞ്ഞാലോ, ദിശ മാറിയാലോ..മുന്നിൽ അസ്വാഭാവികമായി എന്ത് നടന്നാലും  കൂട്ടത്തിൽ ആദ്യം അത് മനസ്സിലാക്കുന്നതു ഗെയ്​ൽ ആയിരിക്കും. ഒരുപക്ഷേ, ആ കഴിവ് ആയിരിക്കും തന്റെ മുന്നിൽ എത്തുന്ന പന്തുകളുടെ ചലന - ദിശാഗതികൾ മനസ്സിലാക്കാനും അതിനനുസരിച്ചു പ്രതികരിക്കാനും അദ്ദേഹത്തെ പ്രാപ്തനാക്കുന്ന ഘടകം.

അശാന്തവും അരക്ഷിതവുമായ ബാല്യ- കൗമാര - യൗവ്വനങ്ങളിൽ ഒരു ജന്മദിനം പോലും ആഘോഷിക്കാതെ, ജന്മദിനത്തിന് ഒരു കേക്ക് പോലും മുറിക്കാതെ, ഒരു ജന്മദിന സന്ദേശം പോലും ലഭിക്കാതെ വളർന്നവന് ഇന്ന് ജന്മദിനങ്ങളിൽ ക്രിക്കറ്റ്​ ലോകത്തെ  ലക്ഷോപലക്ഷം ആരാധകർ ആശംസകൾ കൊണ്ട് പൊതിയുമ്പോൾ ഗെയ്​ലിലെ ആ പഴയ യുവാവ് ചിരിക്കുന്നുണ്ടാകാം.

ക്രിസ്​ ഗെയ്​ലിനൊപ്പം ലേഖകൻ
 

പ്രിയപ്പെട്ട ക്രിസ് ഗെയിൽ...
താങ്കൾ കളിക്കളങ്ങളോട് വിട പറഞ്ഞേക്കാം.
what ever Happens, the game will move on.
അതേ.... കാലം തന്റെ ഓവറുകൾ ഒരിക്കലും പിഴയ്ക്കാത്ത കൃത്യതയോടെ എറിഞ്ഞു കൊണ്ടേയിരിക്കും.. ക്രിക്കറ്റിൽ ഇനിയും പുതിയ താരോദയങ്ങളുമുണ്ടാകും... അവർ നമ്മെ വിസ്മയിപ്പിച്ചു കൊണ്ടേയിരിക്കും... പുതിയ വിജയേതിഹാസങ്ങൾ രചിക്കും ..
പക്ഷേ... ഉയർച്ച താഴ്ചകളുടെ ഗ്രാഫിൽ താങ്കൾ വരച്ചിട്ട ജീവിതവും കളിക്കളങ്ങളിൽ താങ്കളഴിച്ചുവിട്ട സ്ഫോടനാത്മകങ്ങളായ പ്രകടനങ്ങളും ‘ക്രിസ്റ്റഫർ ഹെൻട്രി ഗെയ്​ൽ’ എന്ന പേരും ക്രിക്കറ്റ് നിലനിൽക്കുന്ന കാലത്തോളം ഞങ്ങളുടെ മനസ്സുകളിലുണ്ടാവും

(ലേഖകൻ 15 വർഷമായി വെസ്​റ്റിൻഡീസിലെ സ​​െൻറ്​ ലൂസിയയിൽ താമസിക്കുന്നു)

Loading...
COMMENTS