പ്രീമിയർ ലീഗിൽ ചെന്നായ്ക്കളുടെ വേട്ട

കഴിഞ്ഞ കുറച്ചു സീസണുകളായിട്ട് ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ അതികായൻമാരുടെ ഉറക്കം കെടുത്തുന്നത് ചെന്നായ്ക്കളും കുറുക്കന്മാരുമാണ്. പാത്തും പതുങ്ങിയും നിന്ന് അവസരം നോക്കി അവർ ഇരയെ ആക്രമിക്കുകയാണ്. ഇര പുലിയാണോ ആനയാണോ സിംഹമാണോ എന്നൊന്നും അവർക്ക് വിഷയമല്ല, ഇരയുടെ മടയിൽ ചെന്നയാലും അവർ നിഷ്കരുണം വേട്ടയാടുന്നു. ഇത് ഇങ്ങനെ തുടർന്നാൽ ഇത്തിരി കുഞ്ഞൻമാരുമായ ചെന്നായയുടെയും പരുന്തിൻെറയും കടന്നലിൻെറയും എല്ലാം വിഹാര കേന്ദ്രമായി പ്രീമിയർ ലീഗ് മാറാഞ്ഞാണ് സാധ്യത.....! പറഞ്ഞു വരുന്നത് മറ്റാരെയും കുറിച്ചല്ല.'വോൾവ്സ്' എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്ന വോൾവർ ഹാംപ്ടൺ വാൻഡേഴ്‌സ് എഫ്. സി യാണ് ഈ പുതിയ ചെന്നായ്ക്കൾ. 

2015- 2016 സീസണിൽ ക്ലോഡിയോ റെനേരിയുടെ നീലകുറക്കന്മാരാണ് പ്രീമിയർ ലീഗിൽ ചരിത്രം കുറിച്ചെങ്കിൽ,  ഇത്തവണ നുനോ സാന്റോയുടെ സ്വർണചെന്നായ്ക്കളാണ് താരങ്ങൾ. ഇവർ തകർത്തെറിയുന്നത് ചിലറക്കാരെയല്ല, ലിവർപൂൾ,മാഞ്ചസ്റ്റർ യുണൈറ്റഡ്, സിറ്റി, ടോട്ടൻഹാം, ചെൽസി  തുടങ്ങിയ അതികയാന്മാരെല്ലാം ചെന്നായ ആക്രമണത്തിൽ അടിപതറി. അടുത്തടുത്ത രണ്ടു മത്സരങ്ങളിലായി മാഞ്ചസ്റ്ററിനെ അവർ അടിയറവ് പറയിച്ചു.  ലിവർപൂളിനെയും മാഞ്ചസ്റ്ററിനെയും ആഴ്സനലിനെയും ടോട്ടൻഹാമിനെയും സ്വന്തം തട്ടകങ്ങളിൽ പോലും നാണം കെടുത്തി.


ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ സ്ഥാപക ക്ലബുകളിൽ ഒന്നാണ് വോൾവെസ്, 142 വർഷത്തെ പരമ്പര്യമുണ്ട് ക്ലബിന്. 'നാടോടികൾ', 'ചെന്നായ്ക്കൾ' എന്നീ പേരുകളിൽ എല്ലാം അറിയപ്പെടുന്നു. എന്നാൽ പ്രീമിയർ ലീഗിൽ പലപ്പോഴും അപ്രതീക്ഷിതമായി വരുന്ന അതിഥികൾ മാത്രമായിരുന്നു അവർ. 1950കളുടെ കാലഘട്ടത്തിൽ മൂന്നു തവണ അവർ ലീഗ് ചാമ്പ്യന്മാരുമായിട്ടുണ്ട്. 2011-12 സീസണിൽ ഇതിനു മുമ്പ് അവസാനമായി ഇവർ ലീഗിൽ മുഖം കാണിച്ചത്. എന്നാൽ ആറു വർഷത്തിന് ശേഷമുള്ള ഇപ്പോഴുള്ള വരവ്  ചൈനീസ്  പുത്തൻ പണത്തിൻെറ ബലത്തിലാണ്. ഫോസൺ ഇന്റർനാഷണൽ എന്ന ചൈനീസ് ഇൻവെസ്റ്റ്മ​​​​​െൻറ് കമ്പനി  ക്ലബ്ബ് ഓഹരികൾ 2016 മെയ് മാസത്തിൽ സ്വന്തമാക്കി. മുൻ എഫ്. സി പോർട്ടോ കോച്ച് നുനോ സാൻറോയെ മുഖ്യ പരിശീലകനായി നിയമിച്ചും പുത്തൻ താരങ്ങളെ കൊണ്ടുവന്നും രണ്ടാം ഡിവിഷനിൽ കിടന്നിരുന്ന ക്ലബ്ബിന്നെ ജീവൻ വെപ്പിച്ചു. 

പോർച്ചുഗീസ്, ഇംഗ്ലീഷ് ദേശീയ ടീമുകളിലെ രണ്ടാം നിര താരങ്ങളാണ് ഇപ്പോൾ ക്ലബ്ബിൻെറ പ്രധാന കരുത്ത്. പോർച്ചുഗീസ് ഇൻറനാഷണൽ റൂയി പെട്രീഷ്യയാണ് വോൾവ്സിൻറെ വല കാക്കുന്നത്. ഇംഗ്ലീഷുകാരൻ ക്യാപ്റ്റൻ കോഡി മോർഗൻ നയിക്കുന്ന പ്രതിരോധത്തിൽ മാറ്റ് ഡോഹർട്ടി, വില്ലി ബോളി,റയാൻ ബെന്നറ്റ് എന്നിവർ ചേരുമ്പോൾ കൂടുതൽ ശക്തരാകുന്നു. മധ്യ നിരയിൽ പ്ലേമേക്കറായ ഡിയാഗോ ജോട്ടയുടെ കൂടെ റൂബൻ നവസ്, ഗിബ്സ് വൈറ്റ്, പെഡ്രോ ഗോണ്സാല്വസ്  ജഹോ മൗടിനോ എന്നിവരും അണി നിരക്കുന്നു. മെക്സിക്കൻ സ്‌ട്രൈക്കർ റൗൾ ജെമിനെസാണ് ടീമിൻെറ പ്രധാന മുന്നേറ്റ നിരക്കാരൻ. ഒപ്പം പോർച്ചുഗീസ് താരങ്ങളായ ഇവാൻ കാവേലിരോ, ഹെൽഡർ കോസ്റ്റ എന്നിവരും ചേരുമ്പോൾ മുന്നേറ്റ നിര  സന്തുലിതമാകുന്നു.


സ്ഥിരതയാർന്ന പ്രതിരോധവും ഒത്തിണക്കത്തോടെ കളിക്കുന്ന മധ്യനിരയും അർദ്ധ അവസരങ്ങൾ പോലും ഗോളാക്കാനുള്ള മുന്നേറ്റ നിരയുടെ കഴിവാണ് വോൾവിസ്‌നെ വ്യത്യസ്തരാക്കുന്നത്. മുന്നേറ്റ നിരക്കാരൻ റൗൾ ജെമിനസ് ഇപ്പോൾ തന്നെ ലീഗിലെ താരമായിക്കഴിഞ്ഞു. 7 അസിസ്റ്റുകളും 12 ഗോളുകളുമായി ടീമിൻെറ നെടും തൂണാണ് ഈ മെക്സിക്കോകാരൻ. പോർച്ചുഗീസ് മിഡിൽഫീൽഡർ ഡീഗോ ജോട്ടയും ടീമിൻെറ പ്രധാന കരുത്താണ്. 2016ൽ കേരളാ ബ്ളാസ്റ്റേഴ്സ് താരമായിരുന്ന ഹെയ്തി താരമായ ഡക്ൺസ് നാസോൺ കേരളം വിട്ടതിനു ശേഷം വോൾവിസിൽ ചേർന്നിരുന്നു. എന്നാൽ, പ്രധാന മത്സരങ്ങളിൽ അദ്ദേഹം വോൾവ്സിനെ പ്രതിനീധികരിച്ചിരുന്നില്ല.

നീല കുറുക്കന്മാർ നടന്ന വഴിയെ...... 
2015-16 ഇംഗ്ലീഷ് പ്രീമിയർ സീസൺ ചരിത്രത്തിൽ രേഖപ്പെടുത്തുന്നത് ലോക ഫുട്ബോൾ അന്നേവരെ  കണ്ട ഏറ്റവും വലിയ അട്ടിമറി വിജയത്തിന്റെ പേരിലായിരിക്കും. അന്ന് സെക്കൻഡ് ഡിവിഷനിൽ നിന്നും സ്ഥാന കയറ്റം ലഭിച്ചുവന്ന ക്ലോളോഡിയോ റെനേരിയുടെ നീല കുറുക്കന്മാർ (ലെസ്റ്റർ സിറ്റി) കിരീടം ചൂടിയപ്പോൾ ലോകം അത്ഭുതം കൂറി നിന്നു. ഇന്ന് സാൻറോയുടെ സ്വർണ്ണ ചെന്നായ്ക്കളും ആ ഒരു ലക്ഷ്യത്തിൻെറ പാതയിലാണ്. ഇവരുടെ ഇപ്പോഴുള്ള പ്രകടനം പരിഗണിച്ചാൽ പ്രീമിയർ ലീഗ് കിരീടം എന്ന മുന്തിരി വരും സീസണുകളിലെങ്കിലും കിട്ടാകനിയാവില്ല. ചെൽസിയും മാഞ്ചസ്റ്റർ സിറ്റിയും ലെസ്റ്ററുമെല്ലാം വളർന്ന പോലെ വിദേശ പണത്തിൻെറ കരുത്തിൽ തന്നെയാണ് വോൾവ്സും വളരുന്നത്. കടന്നൽ കൂട്ടം എന്ന പേരിൽ അറിയപ്പെടുന്ന വാറ്റ്ഫോർഡും പരുന്തുകൾ എന്നറിയപ്പെടുന്ന ക്രിസ്റ്റൽ പാലസും ഇത്തവണ പ്രീമിയർ ലീഗിൽ ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെക്കുന്നത്.


എന്തു തന്നെയായാലും ഇത്തരം ടീമുകളുടെ കടന്നു വരവോടുകൂടി പ്രീമിയർ ലീഗ് കൂടുതൽ ആവേശകരമായിട്ടുണ്ട്. പോയിന്റ് പട്ടികയിൽ ആർക്കും കൃത്യമായി മേധാവിത്വം പുലർത്താൻ കഴിഞ്ഞിട്ടില്ല. സിറ്റിയും ലിവർപൂളും തമ്മിൽ കിരീടത്തിനുള്ള പോരാട്ടം കൂടുതൽ കടുപ്പിച്ചിട്ടുണ്ട്. ലിവർപൂളിന് വോൾവ്സിനെ പോലുള്ള ടീമുകളോടേറ്റ പരാജയമാണ് ഇനിയുള്ള മത്സരങ്ങൾ കൂടുതൽ നിർണായകമാക്കിയത്. അതേസമയം ചാമ്പ്യൻസ് ലീഗിലേക്കുള്ള പ്രവേശനത്തിനായി ആഴ്‌സനൽ, യുണൈറ്റഡ്, ചെൽസി, ടോട്ടൻഹാം ടീമുകൾക്കും പൊരുതേണ്ടി വന്നതിന് കാരണവും വോൾവ്സും വാറ്റ് ഫോർഡുമെല്ലാം തന്നെയാണ്. 

ലീഗ് അവസാന ഘട്ടമായതോടെ ഓരോ മത്സരങ്ങളും മുഴുവൻ ടീമുകൾക്കും ഒരുപോലെ നിർണ്ണായകമായ സാഹചര്യത്തിൽ, വമ്പന്മാരെല്ലാം ഒരേ സ്വരത്തിൽ പറഞ്ഞുകൊണ്ടേയിരിക്കുന്നത് ഇതാണ് 'ചെന്നായ് മോഷ്ടിക്കരുത്'.

Loading...
COMMENTS