Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
aishwarya
cancel

േകാഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തുനിൽക്കുകയാണ് ഒരു 23കാരി. കൂട്ടിന് തക്ക്സ് എന്ന് സ്നേഹത്തോടെ വിളിക്കുന്ന സൈക്കിൾ. കൈയിലാകെട്ട ഒരു രൂപയും 30 പൈസയും. മുന്നിലുള്ളത് വലിയ ഒരു യാത്ര. പക്ഷെ, പിന്മാറാൻ അവൾക്ക് കഴിയില്ല. മനസ്സി​​​െൻറ ട്രാക്ക് തെറ്റിക്കുന്ന വിഷാദം പറിച്ചെറിയണം. ജീവിതത്തിൽ കൈവിട്ടവരോടും മോ​​ട്ടോക്രോസ്​ റേസിങിൽ കളിയാക്കിയവരോടും തെളിയിക്കണം -'അടങ്ങാത്ത ആഗ്രഹവും നിശ്ചയദാർഢ്യവുമുണ്ടോ, എങ്ങിൽ സ്വപ്നം കണ്ടെതെല്ലാം കൈപിടിയിൽ ഒതുക്കാമെന്ന സത്യം'. ഇത് െഎശ്വര്യയാണ്. മാതാപിതാക്കൾ വേർപിരിഞ്ഞതോടെ വീട്ടിൽനിന്ന് തെരുവിലിറങ്ങേണ്ടി വന്ന പെൺകുട്ടി. എന്നിട്ടും ആഗ്രഹിച്ചെതല്ലാം സ്വന്തമാക്കി തീ പോലെ ജ്വലിക്കുന്ന റിയൽ ഡ്രീം റൈഡർ.

മലയാളം പേശും തമിഴ്പെണ്ണ്
കുംഭകോണത്താണ് ഐശ്വര്യയുടെ ജനനം. മാതാപിതാക്കൾ തമിഴ്നാട്ടുകാർ. വളർന്നത് എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ. അതുകൊണ്ട് തന്നെ മലയാളിയെന്ന് പറയാൻ തന്നെ െഎശ്വര്യക്ക് ഇഷ്​ടം. ചെറുപ്പം മുതൽ പാഠപുസ്തകങ്ങളേക്കാൾ ചെലവഴിച്ചത് ഗ്രൗണ്ടിലാണ്. ഒന്നാംക്ലാസിൽ അത്ലറ്റിക്സി​​​െൻറ ട്രാക്കിലെത്തി.

എട്ടാംക്ലാസിൽ പഠിക്കുേമ്പാൾ അന്തർദേശീയ മീറ്റിൽ 100 മീറ്റർ, ഹർഡിൽസ്, ട്രിപ്പിൾ ജംപ്, ലോങ്ജംപ് മത്സരങ്ങളിൽ പ​െങ്കടുത്തു. പത്ത്, പ്ലസ്ടു പഠനകാലത്ത് കബഡിയിൽ ജില്ല താരമാണ്​. സംസ്ഥാന ടീമിൽ പെങ്കടുക്കാൻ അവസരം ലഭിച്ചെങ്കിലും പണം വില്ലനായതോടെ പിന്മാറി. ഇതിനിടെ ഇൻറർ സ്കൂൾ ചെസ് ചാമ്പ്യൻഷിപ്പും കരസ്ഥമാക്കി. തൃക്കാക്കര ഭാരത്മാത കോളജിലെ പഠനകാലത്ത് ബാഡ്മിൻറണിലെ മിന്നുംതാരം. പിന്നീട് എത്തിച്ചേർന്നത് പെൺകുട്ടികൾ അധികം വാഴാത്ത മോ​​ട്ടോക്രോസ് റേസിങ്ങിലേക്കും.

ഐശ്വര്യ മോട്ടോക്രോസ് റേസിങ്ങിനിടെ
വിഷാദം പടികടത്തിയ മനസ്സ്

അത്ര െഎശ്വര്യപൂർണമായിരുന്നില്ല കുട്ടിക്കാലം. മാതാപിതാക്കൾ തമ്മിൽ നിരന്തര വഴക്ക്. സ്നേഹവും കരുതലുമെന്നും ലഭിക്കാത്ത നാളുകൾ. െഎശ്വര്യക്ക് 17 വയസ്സാകുേമ്പാൾ അച്ഛനും അമ്മയും വേർപിരിഞ്ഞു. പിന്നീട് കുറച്ചുകാലം അമ്മയുടെയും അനിയത്തിയുടെയും കൂടെ വാടകവീട്ടിൽ. എന്നാൽ, 19ാം വയസ്സിൽ അമ്മ ദുബൈയിൽ പോയതോടെ ഇവർ ഒറ്റക്കായി. അനിയത്തി ബന്ധുവി​​​െൻറ വീട്ടിലേക്ക് മാറി. െഎശ്വര്യ ആദ്യനാളുകളിൽ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയുമെല്ലാം വീട്ടിൽ കഴിഞ്ഞു. അതിനുശേഷം കോളജ് ഹോസ്റ്റലിലേക്ക് താമസം മാറ്റി.

കുത്തുവാക്കുകൾ മാത്രമാണ് ചുറ്റും നിന്നുയർന്നത്. പെൺകുട്ടികൾ സ്വതന്ത്രമായി നടന്നാൽ വഴിപിഴച്ച് പോകുമെന്നായിരുന്നു ഉപദേശം. എന്നാൽ, സ്വന്തം വഴി െഎശ്വര്യക്ക് അറിയാമായിരുന്നു. തന്നെ തള്ളിപ്പറഞ്ഞവർക്ക് മുന്നിൽ ജീവിച്ചുകാണിക്കണമെന്ന അടങ്ങാത്ത വാശി. പിന്നീടങ്ങോട്ട് കഠിനാധ്വാനത്തി​​​െൻറ നാളുകൾ. പഠനത്തോടൊപ്പം പാർട്ട്ടൈം ജോലി ചെയ്ത് വരുമാനം കണ്ടെത്തി. പക്ഷെ, വിധി വിഷാദത്തി​​​െൻറ രൂപത്തിൽ വീണ്ടും വില്ലൻ വേഷമണിഞ്ഞു. ഉറക്കം പോലുമില്ലാത്ത രാത്രികൾ. മരുന്ന് കഴിച്ചും യാത്ര ചെയ്തും മോേട്ടാർക്രോസ് റേസിങ്ങിൽ പ​െങ്കടുത്തുമെല്ലാമാണ് അതിനെ മറികടക്കുന്നത്. പിന്നെ, സുഹൃത്തുക്കളുടെ പിന്തുണയും.

സാഹസികതയുടെ ട്രാക്കിൽ
ജീവിതത്തിൽ എല്ലാ സാഹസികതയും അനുഭവിക്കണമെന്നാണ് െഎശ്വര്യയുടെ ആഗ്രഹം. മരിക്കുന്ന സമയത്ത് എന്തെങ്കിലും നേടിയില്ല എന്ന നിരാശയുണ്ടാകരുത്. അങ്ങനെയാണ് സുഹൃത്ത് മോ​​ട്ടോക്രോസ് റേസിങ്ങിനെക്കുറിച്ച് പറയുേമ്പാൾ ധൈര്യത്തോടെ സമ്മതം മൂളിയത്. എന്താണ് സംഭവമെന്നുപോലും അറിയില്ലായിരുന്നു. 2016ലാണ് റേസിങ്ങിലേക്ക് വരുന്നത്. ഹോണ്ട ഡിയോ, ആർ.എക്സ് 100, അപ്പാച്ചെ ആർ.ടി.ആർ എന്നിവയായിരുന്നു തുടക്കകാലത്തെ വാഹനങ്ങൾ. കൊച്ചിയിലാണ് പരിശീലനം. ഇതിനിടയിൽ അപകടം പറ്റി കുറച്ചുകാലം മാറിനിന്നു. 2018ൽ
മോ​​ട്ടോക്രോസ്
റേസിങ് കാണാൻ പോയപ്പോൾ വനിത വിഭാഗത്തിൽ മത്സരിക്കാൻ ആളില്ലാത്തതിനാൽ െഎശ്വര്യയോടും ട്രാക്കിൽ കയറാൻ പറഞ്ഞു. അവിടെനിന്ന് ലഭിച്ച വണ്ടിയാണ് ഒാടിച്ചത്. മുന്നൊരുക്കമില്ലാത്താതിനാൽ മത്സരത്തിനിടെ ഒരുപാട് തവണ വീണു. ഏറെ ബുദ്ധിമുട്ടിയാണെങ്കിലും റേസിങ് പൂർത്തിയാക്കി. തിരിച്ചുകയറിയ അവരെ കാണികൾ കൂകിയാണ് വരവേറ്റത്. ഉയരം കുറവായതിനാൽ തനിക്ക് പറ്റുന്ന പണിയല്ലെന്ന് പലരും അധിക്ഷേപിച്ചു.

എന്നാൽ, ആ കൂവൽ ഒരു വെല്ലുവിളിയായിരുന്നു െഎശ്വര്യക്ക്. സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ഇൗ മേഖലയിൽ താൽപ്പര്യമുള്ളവർക്ക് മികച്ച പരിശീലനം നൽകണമെന്ന് ആവശ്യപ്പെട്ടു. കൂടാതെ റേസിങ്ങിന് ആവശ്യമായ ധൈര്യവും ശാരീരികക്ഷമതയും തെളിയിക്കാൻ ഒറ്റക്ക് സൈക്കിളിൽ യാത്രപോകുമെന്നും വിഡിയോയിൽ പറഞ്ഞു.

aishwarya2
ഐശ്വര്യ മോ​ട്ടോക്രോസ്​ റേസിങ്ങിനിടെ
വിഡിയോ വൈറലായതോടെ തൃശൂർ ചാവക്കാെട്ട ടീം ടോർക്ക് റൈഡേഴ്സി​​​െൻറ ലീഡർ അഫ്സൽ െഎശ്വര്യയെ പരിശീലനത്തിന് സ്വാഗതം ചെയ്തു. അങ്ങനെ ജീവിതത്തിൽ പുതിയൊരു ട്രാക്ക് വെട്ടിത്തുറന്നു. ഹീറോയുടെ ഇംപൾസ് ബൈക്കാണ് അവർ നൽകിയത്. ഉയരം കുറഞ്ഞവർക്ക് അനുയോജ്യമായ ബൈക്കല്ലായിരുന്നു അത്. എണീറ്റുനിന്ന് വേണം ആ വണ്ടിയോടിക്കാൻ. അടങ്ങാത്ത ആഗ്രഹമാണെങ്കിൽ അതൊന്നും പ്രശ്നമാവില്ലെന്നായിരുന്നു അഫ്സലി​​​െൻറ ഉപദേശം. അങ്ങനെ, സുരക്ഷ ഉപകരണങ്ങൾ ധരിച്ച് െഎശ്വര്യ പ്രഫഷനൽ പരിശീലനം തുടങ്ങി. തൃശൂരിലെ വയലുകളിലും പറമ്പുകളിലുമെല്ലാം ആ ഇംപൾസ് പാഞ്ഞു.

വീഴ്ചകളിൽ തളരാതെ
ഏറെ ബുദ്ധിമുട്ടിയായിരുന്നു പരിശീലനം. പണം തന്നെ പ്രശ്നം. ബൈക്ക് റൈസറാണെങ്കിലും സ്വന്തമായി വണ്ടിയോ മറ്റു സുരക്ഷ ഗാർഡുകളോ െഎശ്വര്യക്കില്ല. എന്തിന് ഹെൽമെറ്റ് പോലും. ഇവയെല്ലാം പലരിൽനിന്നും കടംവാങ്ങാറാണ് പതിവ്. പെട്രോളിനും വാഹനത്തി​​​െൻറ പരിചരണത്തിനും ചെലവെല്ലാം ടീം ടോർക്ക് റൈഡേഴ്സ് തന്നെ വഹിച്ചു. റേസിങ്ങിനോടുള്ള ആത്മാർഥത മാത്രം കണ്ടാണ് ചെലവുകൾ വഹിക്കാൻ അവർ തയാറായത്. കാലൊടിഞ്ഞ് സ്​റ്റിക്കി​​​െൻറ സഹായത്തോടെ നടക്കുേമ്പാഴും അഫ്സൽ മത്സരസമയത്ത് പൂർണ പിന്തുണയുമായി കൂടെ വന്നു. ടീമിലുള്ള സൻസാറി​​​െൻറ പരിശീലനവും ഏറെ സഹായകരമായി.

പരിശീലനത്തിനും മത്സരത്തിനുമിടയിലുമെല്ലാം നിരവധി തവണ വീണിട്ടുണ്ട്. എന്നാൽ ജീവിതം എത്രയോ തവണ വീഴ്ത്തിയിരുന്നു. അതി​​​െൻറ അത്രക്കൊന്നും വരില്ല ഇത്. എത്ര വീണാലും മത്സരം പൂർത്തിയാക്കാതെ പിന്മാറില്ല. 2019 സീസണിൽ ദേശീയതല മത്സരങ്ങളിൽ ജേതാവായി. ഇനി റാലി നാഷനൽ ചാമ്പ്യൻഷിപ്പിലും അന്തർദേശീയ മത്സരങ്ങളിലും കിരീടംചൂടണമെന്നാണ് സ്വപ്നം.

വേണം സ്പോൺസറെ
2016ൽ െഎശ്വര്യ ട്രാക്കിലേക്ക്​ കടന്നുവരു​േമ്പാൾ വരുേമ്പാൾ പാലക്കാട്ടുകാരിയും ദേശീയ ജേതാവുമായ ഫസീല മാത്രമാണ് ഇൗ മേഖലയിലുണ്ടായിരുന്ന മലയാളി വനിത. ഇപ്പോൾ ഏതാനും വനിതകൾ കൂടി റേസിങ്ങിലേക്ക് കടന്നിട്ടുണ്ട്. മുന്നോട്ടുള്ള വഴിയിൽ കാശ് ട്രാക്ക്തെറ്റിക്കുെമന്ന പേടിയാണ് െഎശ്വര്യക്ക്. നല്ലൊരു സ്പോൺസറെ കിട്ടിയില്ലെങ്കിൽ കാര്യങ്ങൾ കൈവിടും. പണമില്ലാതെ നിൽക്കാൻ ഏറെ ബുദ്ധിമുട്ടാണ്. റേസിങ്ങിൽ പ​െങ്കടുക്കുന്നത് മുതൽ വണ്ടിയുടെ പരിപാലനത്തിന് വരെ ഏറെ ചെലവാണ്. ലോക്ഡൗൺ കാരണം എല്ലാ ടീമുകളും താളംതെറ്റി നിൽക്കുന്നു. ഇത്രയും കാലം ത​​​​െൻറ സ്വപ്നങ്ങൾക്ക് വഴികാട്ടിയ വിധി ഇവിടെയും രക്ഷക്കെത്തുമെന്ന് തന്നെയാണ് െഎശ്വര്യയുടെ വിശ്വാസം.

aishwarya4
കോച്ച്​ അഫ്​സൽ ഐശ്വര്യക്ക്​ ആവശ്യമായ നിർദേശങ്ങൾ നൽകുന്നു
സോളോ സൈക്കിൾ യാത്ര

2019ലെ മോ​ട്ടോർക്രോസ് സീസൺ അവസാനിച്ചതോടെയാണ് സോളോ സൈക്കിൾ യാത്രയെക്കുറിച്ച് ചിന്തിക്കുന്നത്. അതിന് പണമുണ്ടാക്കാൻ മാസങ്ങളോളം കഠിനാധ്വാനം ചെയ്തു. ശാരീരിക ക്ഷമത വർധിപ്പിക്കാൻ സൂംബ ഡാൻസ് ക്ലാസിന് പോയി. അവിടെ ട്രെയിനറായും ജോലിചെയ്തു. ഫ്ലാറ്റുകളിൽ പോയി കുട്ടികൾക്ക് ഡാൻസ് ക്ലാസെടുത്ത് നൽകി. ഇതിന് പുറമെ ഒാൺലൈൻ ഫഡ്​ ഡെലിവറിയുമുണ്ടായിരുന്നു. അങ്ങനെ യാത്രക്കും സൈക്കിൾ വാങ്ങാനുമായി നല്ല തുക സമ്പാദിച്ചു.

എന്നാൽ, ഇതിനിടയിൽ അനിയത്തിയുടെ കല്യാണം വന്നു. താൻ സ്വരുക്കൂട്ടിയ സമ്പാദ്യമെല്ലാം അവളുടെ സന്തോഷത്തിനായി നൽകി. 2019 നവംബർ മൂന്നിനായിരുന്നു കല്യാണം. രണ്ട് ദിവസം കഴിഞ്ഞ് യാത്ര തുടങ്ങാൻ ടിക്കറ്റെടുത്തിട്ടുണ്ട്. യാത്രാ വിവരമറിഞ്ഞ് കാലിക്കറ്റ് റൈഡേഴ്സ് ഫാമിലി വഴി മലപ്പുറം മഞ്ചേരിയിലെ ടാൻഡം സൈക്കിൾസ് സൈക്കിൾ സ്പോൺസർ ചെയ്തു. അങ്ങനെ സൈക്കിളുമായി കോഴിക്കോട് റെയിൽവേ സ്​റ്റേഷനിലെത്തി. വസ്ത്രങ്ങൾക്ക് പുറമെ ട​​​െൻറ്, സ്ളീപിങ് ബാഗ്, വാട്ടർബോട്ടിൽ എന്നിവയാണ് കൈയിലുണ്ടായിരുന്നത്. സുരക്ഷക്കായി പെപ്പെർ സ്പ്രേയും കരുതി. ജീവിതത്തിലെ തിക്താനുഭവങ്ങളിൽനിന്ന് ലഭിച്ച ഉൗർജമായിരുന്നു പിന്നെ കൂട്ടിന്. ബാക്കിയെല്ലാം വരുന്നയിടത്തുവെച്ച് നേരിടാമെന്ന് ഉറപ്പിച്ചു. ഒരു രൂപയും 36 പൈസയും മാത്രമാണ് അക്കൗണ്ടിലുണ്ടായിരുന്നത്. യാത്രയാക്കാൻ വന്ന സുഹൃത്ത് 300 രൂപയും നൽകി.

പാൻട്രിക്കാർ ഉൗട്ടുകാരായി
യാത്രക്കിടെ വിശന്നപ്പോൾ ടി.ടി.ആറിനോട് കാര്യങ്ങൾ പറഞ്ഞു. യാത്രാപദ്ധതികൾ കേട്ട് അദ്ദേഹം ആവേശംകൊണ്ടു. പാൻട്രിയിൽ പോയി ആവശ്യമുള്ളത് കഴിക്കാൻ പറഞ്ഞു. അവിടത്തെ ജീവനക്കാരും പൂർണ പിന്തുണയായിരുന്നു. ജമ്മുതവിയിൽ ട്രെയിൻ ഇറങ്ങുന്നത് വരെ സൗജന്യമായി അവർ ഭക്ഷണം നൽകി.

aishwarya5
സോളോ സൈക്കിൾ റെയ്​ഡിനിടെ
കശ്മീരിലെത്തി സൈക്കിൾ റെയ്ഡ് തുടങ്ങുേമ്പാഴേക്കും ഒരു സ്പോൺസർ ൈപസ തരാമെന്ന് അറിയിച്ചിരുന്നു. പക്ഷെ, അവർ അതിൽനിന്ന് പിൻമാറി. ഇതോടെ പണം വീണ്ടും ചോദ്യചിഹ്നമായി. പൈസയില്ലാതെയാണ് ത​​​​െൻറ യാത്രയെന്ന് അറിഞ്ഞ ഒരാൾ ഇൻസ്റ്റാഗ്രാമിൽ ചോദ്യംചെയ്തു. പൈസയില്ലാതെ എങ്ങനെ പോകുമെന്നായിരുന്നു അദ്ദേഹത്തി​​​െൻറ ചോദ്യം. അയാൾക്ക് മറുപടിയായി അക്കൗണ്ടി​​​െൻറ സ്ക്രീൻ ഷോർട്ട് നൽകി. ഇതുകണ്ട നിരവധി പേർ അവരുടെ അക്കൗണ്ടിലേക്ക് പൈസയിട്ട് നൽകി. ആരായിരുന്നു അവരെന്ന് ഇന്നും െഎശ്വര്യക്ക് അറിയില്ല.

നാല് രാജ്യങ്ങൾ പിന്നിട്ട്
െഎശ്വര്യ പ്ലാൻ ചെയ്ത പോലെയല്ല യാത്ര നടന്നത്. ലഡാഖിലെ ഖർദുങ്​ ​ലായിൽനിന്ന് കന്യാകുമാരി വരെ നീളുന്ന റെയ്ഡായിരുന്നു പ്ലാൻ. എന്നാൽ, മഞ്ഞുവീഴ്ചയും രാഷ്​ട്രീയ പ്രശ്നങ്ങളും കാരണം കശ്മീരിലൂടെ യാത്ര തുടരാനായില്ല. തുടർന്ന് പഞ്ചാബിലെ പത്താൻകോട്ടിലെത്തി. അവിടെനിന്ന് ഹിമാചൽ പ്രദേശിലേക്ക്. മണാലിയും സ്പിതി വാലിയിലെ മഞ്ഞുവീഴചയുമെല്ലാം കണ്ട് സൈക്കിൾ ചവിട്ടി.

aishwarya8
ഐശ്വര്യ ഹിമാചൽ പ്രദേശിലെ മഞ്ഞുമലയിൽ
തിരിച്ച് ഛണ്ഡീഗഡ്, ഡൽഹി, ഉത്തർപ്രദേശ്, ബീഹാർ വഴി വെസ്​റ്റ്​ ബംഗാളിലെത്തി. പിന്നീട് മേച്ചിനഗറിൽനിന്ന് നേപ്പാളിലേക്ക് കയറി. തലസ്ഥാനമായ കാഠ്മണ്ഡുവിലെ സുഹൃത്തി​​​െൻറ വീട്ടിൽ ഒരാഴ്ച താമസിച്ചു. തിരിച്ച് ബംഗാളിലെ സിലിഗുരിയിൽനിന്ന് ജയ്ഗാഒാൻ വഴി ഭൂട്ടാനിൽ കാലുകുത്തി. അടുത്തത് ബംഗ്ലാദേശി​​​െൻറ അതിർത്തിയിലേക്കായിരുന്നു. അവിടെ മലയാളിയായ പട്ടാള ഉദ്യോഗസ്​ഥ​​​​െൻറ സഹായത്തോടെ അതിർത്തികടക്കാനായി. കുറച്ചുനേരം അവിടെ ചെലവഴിച്ചശേഷം മാതൃരാജ്യത്തി​​​െൻറ മണ്ണിൽ തിരിച്ചെത്തി. അപ്പോഴേക്കും ഇന്ത്യയിൽ പൗരത്വ പ്രക്ഷോഭം കൊടുമ്പിരികൊണ്ടിരുന്നു.

റോഡ് മാർഗം യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥ. പിന്നെ സിലിഗുരിയിൽനിന്ന് വിമാനം കയറി ഡൽഹിയിലെത്തി. തുടർന്ന് നാട്ടിലേക്ക് പോകാൻ കഴിയാത്തതിനാൽ ഹിമാചലിലെ കസോളിലേക്ക് പോയി. അവിടെ കുറച്ചുനാൾ കഴിഞ്ഞശേഷം ഡൽഹിയിലേക്ക് തിരിച്ചു. തുടർന്ന് സൈക്കിളിൽ ഗോവ, ബംഗളൂരു വഴി കന്യാകുമാരിയിലെത്തി. ഇന്ത്യയുടെ തെക്കെ അറ്റത്തുനിന്ന് ട്രെയിൻ കയറി എറണാകുളത്തേക്ക്​. അപ്പോഴേക്കും എൺപതിലേറെ ദിവസങ്ങൾ പിന്നിട്ടിരുന്നു. 50 മുതൽ 100 കിലോമീറ്റർ വരെയാണ് പലദിവസങ്ങളിലും ചവിട്ടിയത്.

aishwarya6
സോളോ സൈക്കിൾ റെയ്​ഡിനിടെ കണ്ടുമുട്ടിയ കൂട്ടുകാർക്കൊപ്പം
ബസ്​സ്​റ്റോപ്പിൽ കിടന്നുറങ്ങിയ രാത്രികൾ

യാത്രക്കിടെ സൈക്കിളിന് വന്ന പ്രശ്നങ്ങൾ സ്വയം തന്നെയാണ് നന്നാക്കിയത്. ഒരുതവണ മാത്രമാണ് കടയിൽ കാണിക്കേണ്ടി വന്നത്. താമസം മിക്കപ്പോഴും പാതയോരത്തും പെട്രോൾ പമ്പുകളിലുമെല്ലാം ട​​​െൻറടിച്ച്. പിന്നെ ബസ്​സ്​റ്റോപ്പുകളിലും സ്​റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും അന്തിയുറങ്ങി. ആർത്തവ നാളുകളിൽ റൂം എടുക്കേണ്ടി വന്നു.

മാതാപിതാക്കൾ പിരിഞ്ഞ് തനിച്ചായ കാലത്ത് ബസ്​സ്​റ്റോപ്പിൽ ഉറങ്ങിയതും പട്ടിണി കിടന്നതുമെല്ലാം യാത്രയിൽ മുതൽകൂട്ടായെന്നു പറയാം. ബജറ്റ് ട്രിപ്പായതിനാൽ ബ്രഡ്ഡ്, ജാം, ഒാംലെറ്റ്, പഴങ്ങൾ എന്നിവയെല്ലാമായിരുന്നു ഭക്ഷണം. പിന്നെ ആളുകൾ സ്നേഹത്തോടെ വാങ്ങിത്തന്ന ആലൂപറാത്തയും. കാര്യമായ ബുദ്ധിമുട്ടുകളൊന്നും യാത്രക്കിടെ ഉണ്ടായിട്ടില്ല. മലയാളത്തിന് പുറമെ ഹിന്ദി, ഇംഗ്ലീഷ്, തമിഴ് ഭാഷകളും വശമുള്ളത് എളുപ്പമാക്കി.

aishwarya7
സോളോ സൈക്കിൾ റെയ്​ഡിനിടെ കന്യാകുമാരിയിൽ
ഒന്നുപേടിച്ചു, എത്തി ദൈവദൂതർ

നേപ്പാൾ അതിർത്തിയിൽവെച്ച് മാത്രമാണ് പേടിപ്പെടുത്തുന്ന സംഭവമുണ്ടായത്. ബസ്​സ്​റ്റോപ്പിൽ രാത്രി ഉറങ്ങാമെന്ന് കരുതിയതായിരുന്നു. ആ സമയത്ത് അവിടെ ഒരുപാട് േലാറിക്കാരും യുവാക്കളും വന്നു. ഇതോടെ ആകെ പേടിച്ചു. ഇൗ സമയത്താണ് ദൈവദൂതരെപ്പോലെ ഒരു പയ്യനും അച്ഛനും വന്നത്. അവർ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ഭക്ഷണവും താമസവുമെല്ലാം നൽകി.

യാത്രയിൽ ഇടക്ക് വിഷാദം സങ്കടത്തി​​​െൻറ രൂപത്തിൽ മനസ്സിൽ കുടിയേറി. ജീവിതത്തിൽ ആരുമില്ലെന്ന് തിരിച്ചറിയുേമ്പാൾ കണ്ണുകൾ നിറയും. പലപ്പോഴും കരഞ്ഞുകൊണ്ടാണ് സൈക്കിൾ ചവിട്ടിയിരുന്നത്. തക്ക്സ് എന്ന് സ്നേഹത്തോടെ വിളിച്ചിരുന്ന സൈക്കിളിനോടായിരുന്നു സങ്കടങ്ങൾ പറഞ്ഞത്. വിഷാദത്തിൽനിന്ന് മറികടക്കാൻ സഹായിച്ച സുഹൃത്തി​​​െൻറ പേര് തന്നെയാണ് സൈക്കിളിനും നൽകിയത്. നാട്ടിലെത്തി സൈക്കിൾ സ്പോൺസർമാരെ തിരിച്ചേൽപ്പിക്കുേമ്പാൾ ഹൃദയം തകർന്ന വേദനയായിരുന്നു. സ്വന്തം കൂടെപ്പിറപ്പിനെ നഷ്ടപ്പെട്ട ദുഃഖം.

aishwarya9
കോളജ്​ പഠനകാലത്താണ്​ ഐശ്വര്യ ഫോേട്ടാഗ്രാഫിയിലെത്തുന്നത്​
സ്വപ്നത്തിലെ വാൻലൈഫ്

മോട്ടോക്രോസ് റേസിങ്ങിനെ പുറമെ ട്രാവൽ ഏജൻറ്, ഫോേട്ടാഗ്രാഫർ എന്നീ നിലകളിലും െഎശ്വര്യയുണ്ട്. ഗോബിയോണ്ട് എന്ന പേരിൽ രണ്ട് വർഷം മുമ്പാണ് ട്രാവൽ ഏജൻസി തുടങ്ങുന്നത്. ഇന്ന് അതിന് പാർട്ട്ണർമാരുമുണ്ട്. കോളജ് കാലത്ത് ഫോേട്ടാഗ്രാഫിയിലെത്തി. കോളജിൽ പഠിക്കാത്തതി​​​െൻറ പേരിൽ ഒരുപാട് പഴികേട്ടിട്ടുണ്ട്. ജീവിതത്തിൽ ഒറ്റക്ക് ഒാടിത്തളർന്നപ്പോൾ പലപ്പോഴും കോളജിലെ മരത്തണലിൽ വന്നിരുന്നു. അപ്പോഴെല്ലാം ശൂന്യത മാത്രമായിരുന്നു മുന്നിൽ. എന്നാൽ, സൈക്കിൾ റെയ്ഡ് കഴിഞ്ഞ് വന്നപ്പോൾ അതേ കോളജിൽ സ്പോർട്സ് ദിനത്തിൽ പ്രത്യേക അതിഥിയായി ക്ഷണിച്ച അഭിമാനനിമിഷവും െഎശ്വര്യക്ക് പറയാനുണ്ട്. ഇതിനെല്ലാം പുറമെ വാർത്തചാനലിന് വേണ്ടി വിഡിയോഗ്രാഫാറായും പ്രവർത്തിച്ചു.

അന്താരാഷ്ട്ര മോട്ടോക്രോസ് മത്സരങ്ങളിൽ കിരീടമുയർത്തുക, ഇന്ത്യയെ അടുത്തറിയാനൊരു ഹിച്ച്ഹൈക്കിങ്, വാൻലൈഫുമായി ലോകരാജ്യങ്ങൾ ചുറ്റുക, വയനാട്ടിലോ മൂന്നാറിലോ ഭൂമി വാങ്ങി കൊച്ചുവീടുണ്ടാക്കുക... ഇങ്ങനെ ഒരുകൂട്ടം സ്വപ്നങ്ങളുണ്ട് െഎശ്വര്യക്ക്. ആ സ്വപ്നങ്ങൾ തന്നെയാണ് ജീവിതത്തെ മുന്നോട്ടുനയിക്കുന്നതും. ഒപ്പം കഴിയുന്നകാലത്തോളം, ഒറ്റപ്പെടൽ അനുഭവിക്കുന്നവർക്ക് സ്വപ്നങ്ങളുടെ പിറകെ പോകാൻ പ്രചോദനമേകണം. വിഷാദം കീഴടക്കിയവരെ ജീവിതത്തിലേക്ക് കൈപിടിച്ച് തിരികെ കൊണ്ടുവരികയും വേണം.


എന്താണ് മോ​ട്ടോക്രോസ്​​?
അടച്ചിട്ട ഓഫ്റോഡ് സർക്യൂട്ടുകളിൽ നടക്കുന്ന സാഹസിക മോട്ടോർസൈക്കിൾ റേസിങ്ങാണ് മോ​േട്ടാക്രോസ്. കല്ലും മണ്ണും ചളിയും പുല്ലും മണലുമെല്ലാം നിറഞ്ഞ ട്രാക്കുകൾ. ശാരീരികമായി വളരെ ക്ഷമത ആവശ്യപ്പെടുന്ന കായിക ഇനം. റേസിങ്ങിനിടെ എല്ലാ പേശികളും ഒരുപോലെ നിയന്ത്രിച്ച് സന്തുലിതമാക്കണം. അപകടംപിടിച്ച ഇനമായതിനാൽ ശരീര സുരക്ഷക്കായി അപ്പർ, ലോവർ, ബൂട്ട്സ്, ഗ്ലൗസ്, ഹെൽമെറ്റ്സ്, ഗോഗൾസ് പോലുള്ള വസ്തുക്കൾ നിർബന്ധമാണ്.


ബ്രിട്ടനിൽ ഒരു നൂറ്റാണ്ട് മുമ്പ് ആരംഭിച്ച മോട്ടോർ സൈക്കിൾ ട്രയൽസ് മത്സരങ്ങളിൽ നിന്നാണ് മോ​ട്ടോക്രോസ് രൂപപ്പെടുന്നത്. െഫഡറേഷൻ ഒാഫ് ഇൻറർനാഷനൽ േമാേട്ടാർ സൈക്കിളിസത്തി​​​െൻറ നേതൃത്വത്തിലെ മോ​ട്ടോർക്രോസ് വേൾഡ് ചാമ്പ്യൻഷിപ്പ്, അമേരിക്കയിലെ എ.എം.എ മോ​ട്ടോർക്രോസ് ചാമ്പ്യൻഷിപ്പ്, മോ​ട്ടോർക്രോസ് ഒാഫ് നാഷൻസ്, ബ്രിട്ടീഷ് മോ​ട്ടോർക്രോസ് ചാമ്പ്യൻഷിപ്പ് തുടങ്ങിയവയാണ് ഇതിലെ പ്രധാന അന്താരാഷ്​ട്ര മത്സരങ്ങൾ. ഇതിൽ പലതും മാസങ്ങൾ നീളുന്ന ടൂർണമ​​​െൻറുകളാണ്. ലോകത്തെ മുൻനിര കമ്പനികളെല്ലാം മോ​ട്ടോക്രോസ് റേസിങ്ങിനാവശ്യമായ പ്രത്യേക ബൈക്കുകൾ നിർമിക്കുന്നുണ്ട്.


ഫ്രീസ്റ്റൈൽ, സൂപ്പർമോ​ട്ടോ, ക്വാഡ് മോ​ട്ടോക്രോസ്, സൂപ്പർക്രോസ്, സൈഡ്കാർക്രേസ്, പിറ്റ്ബൈക്ക്സ് ആൻഡ് മിനി മോ​ട്ടോക്രോസ് തുടങ്ങിയവയാണ് ഇതിലെ പ്രധാന മത്സര വിഭാഗങ്ങൾ. ഇന്ത്യയിൽ പ്രധാനമായും നടക്കുന്നത് സൂപ്പർ ക്രോസ് മത്സരങ്ങളും റാലി നാഷനൽ ചാമ്പ്യൻഷിപ്പുകളുമാണ്. കിലോമീറ്ററുകൾ നീളുന്ന ട്രാക്കിലാണ് റാലി നാഷനൽ ചാമ്പ്യൻഷിപ്പുകൾ നടക്കാറ്. ഫെഡറേഷൻ ഒാഫ് മോ​ട്ടോക്രോസ് ആണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
aishwarya10
ഐശ്വര്യ മോ​ട്ടോക്രോസ്​ റേസിങ്​ ട്രാക്കിൽ

പുരുഷൻമാർക്കും വനിതകൾക്കും പ്രത്യേകമായാണ് മത്സരങ്ങൾ. വനിത വിഭാഗത്തിൽ മൂന്നുപേരാണ് ഇൗ മേഖലയിലെ താരങ്ങൾ. പാലക്കാട്ടുകാരി ഫസീല, ബംഗളൂരുവിലെ െഎശ്വര്യ പിസെ, തമിഴ്നാട്ടിൽനിന്നുള്ള രഹാന റെയ എന്നിവർ. കേരളത്തിൽ മോ​ട്ടോർക്രോസ് മത്സരങ്ങൾ കുറവാണ്. തൃശൂർ, കൊച്ചി ഭാഗത്താണ് മത്സരങ്ങൾ. വിവിധ മോ​ട്ടോക്രോസ് റേസിങ് ടീമുകളാണ് ഇവ സംഘടിപ്പിക്കുന്നത്.


നാട്ടുകാരെ, ഞങ്ങളെ അടിച്ചോടിക്കരുത്
ബാംഗ്ലൂർ ഡേയ്സ് എന്ന സിനിമയാണ് പലർക്കും മോ​ട്ടോക്രോസ് എന്നത് സ്പോർട്സ് ഇനാമാണെന്ന് പരിചയപ്പെടുത്തുന്നത്. ഫഹദ് ഫാസിലും ദുൽഖർ സൽമാനും ട്രാക്കിലൂടെ ബൈക്കുമായി പറക്കുേമ്പാൾ കൈയടിച്ചവരാണ് മലയാളികൾ. എന്നാൽ, ആ കൈയടികൾ ഇൗ മേഖലയിൽ വളർന്നുവരുന്ന തലമുറക്ക് നൽകാൻ അവർ മടിക്കുന്നു. മറ്റുള്ള സ്പോർട്സ് ഇനങ്ങൾക്ക് നൽകുന്ന പിന്തുണ അധികൃതരോ നാട്ടുകാരോ നൽകുന്നില്ല. മാത്രമല്ല, പൊടിയും ശബ്ദശല്യവും പറഞ്ഞ് നാട്ടുകാർ പരിശീലനത്തിന് അനുവദിക്കാത്ത സംഭവങ്ങളും പൊലീസ് വന്ന് ആട്ടിയോടിപ്പിക്കലുമെല്ലാം അരങ്ങേറുന്നു.


നല്ല ഹെൽമെറ്റ് വെച്ച് പോകുന്നവരെയെല്ലാം പിടിച്ചുപറിക്കാരായാണ് സമൂഹം പലപ്പോഴും കാണുന്നത്. മാത്രമല്ല, അപകടങ്ങളുടെ പേര് പറഞ്ഞ് ഇതിൽനിന്ന് പിന്തിരിപ്പിക്കുന്നു. എന്നാൽ, റോഡിൽ നടക്കുന്ന അപകടങ്ങളുടെ അത്രപോലും ട്രാക്കിലുണ്ടാകുന്നില്ല എന്നതാണ് സത്യം. വീഴ്ച സംഭവിച്ചാൽ പോലും അതിനെ മറികടക്കാനുള്ള സുരക്ഷഗാർഡുകൾ അണിഞ്ഞിട്ടുണ്ടാകും. ട്രാക്കിൽ മാത്രമേ ഇവർ കസർത്ത്​ കാണിക്കാറുള്ളൂ. റോഡിൽ നല്ലകുട്ടികളാണ്. പലർക്കും മോ​ട്ടോക്രോസിലേക്ക് കടന്നുവരാൻ ആഗ്രഹമുണ്ട്. പക്ഷെ, പണച്ചെലവ് പോലുള്ള കാര്യങ്ങൾ പിന്നോട്ടടുപ്പിക്കുന്നു. കാശുള്ളവർക്ക് മാത്രം സ്പോർട്സിൽ മുന്നേറാൻ കഴിയുന്ന അവസ്ഥയാണ്. ഇത് മാറിയാൽ മാത്രമേ എല്ലാവർക്കും മുന്നോട്ടുവരാൻ കഴിയൂ. അടങ്ങാത്ത പാഷൻ കാരണമാണ് പലരും ഇതിൽ പിടിച്ചുനിൽക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sportsRacingtravelAishwarya
Next Story