സന്തോഷം ഫ്രം ക്യാപ്റ്റന്‍

rahul-parents
ജന്മനാട്ടിലെ സ്വീകരണ പരിപാടിയിൽ കേരള ടീം ക്യാപ്റ്റൻ രാഹുൽ വി. രാജ് മാതാപിതാക്കൾക്കൊപ്പം

2018 ഏപ്രിൽ ഒന്നി​െൻറ വൈകുന്നേരം കേരളത്തിന് അത്രപെട്ടെന്നൊന്നും മറക്കാനാവില്ല. മുക്കാൽ നൂറ്റാണ്ട് പഴക്കമുള്ള സന്തോഷ് ട്രോഫി നേർച്ചയാക്കി കടന്നുപോയവർ നിരവധി. കൊൽക്കത്ത സാൾട്ട് ലേക്ക് മൈതാനത്ത് കാറ്റുനിറച്ച പന്തിനുപിന്നാലെ രാഹുൽ വി. രാജും സംഘവും ഓടുമ്പോൾ നെഞ്ചിനുള്ളിൽ നീറ്റലുമായി കാത്തിരുന്നു മൂന്നരക്കോടി ജനങ്ങൾ. നിശ്ചിത സമയവും അധികസമയവും കടന്ന് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട പിരിമുറുക്കങ്ങൾ. ഒടുവിൽ ബംഗാളി താരങ്ങളുടെ കിക്കുകൾ തടുത്തിട്ട് വി. മിഥുനെന്ന ഗോൾ കീപ്പർ ഫലം തീർച്ചയാക്കിയപ്പോൾ, ലോകത്തി​െൻറ വിവിധ കോണുകളിലിരുന്ന് കളി കണ്ട മലയാളി ആവേശത്തോടെ വിളിച്ചുപറഞ്ഞു, ‘‘കുർറാ... കുർറാ...’’

സന്തോഷ് ട്രോഫി ഫുട്ബാൾ കിരീടം കേരളത്തിന് സമ്മാനിച്ച നായകരുടെ എണ്ണം ഒരു കൈയി​​െൻറ വിരലുകൾക്കത്രയേ ഉള്ളൂ. ആറാമനായി ഇവർക്കൊപ്പം ചേർന്നിരിക്കുകയാണ് തൃശൂർ തൃത്തല്ലൂർ സ്വദേശി രാഹുൽ വി. രാജ്. സ്വപ്നനേട്ടത്തി​െൻറ 15ാം നാൾ പടികടന്നെത്തുന്ന വിഷുദിനം പതിവിൽ കവിഞ്ഞ ആഘോഷംകൊണ്ട് അവിസ്മരണീ‍യമാക്കാനുള്ള പുറപ്പാടിലാണ് ക്യാപ്റ്റനും അച്ഛനും അമ്മയും മുത്തശ്ശിയും. 

സന്തോഷ് ട്രോഫി കിരീടധാരണത്തി​െൻറ സ്വീകരണ പരിപാടികൾ ഇനിയും അവസാനിച്ചിട്ടില്ല. നാല് വർഷമായി എസ്.ബി.ഐ തിരുവനന്തപുരം ശാന്തിനഗർ ബ്രാഞ്ചിൽ ഉദ്യോഗസ്ഥനായ രാഹുൽ എല്ലാ വർഷവും വിഷു ആഘോഷിക്കാൻ വീട്ടിലെത്താറുണ്ട്. ദുബൈയിൽ ഡ്രൈവറാണ് അച്ഛൻ രാജേന്ദ്രൻ. ഏപ്രിൽ രണ്ടിന് രാവിലെ നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയ ഇദ്ദേഹം ഉച്ചകഴിഞ്ഞിട്ടും വീട്ടിൽപ്പോവാതെ എയർപോർട്ടിൽ കാത്തിരുന്നു, സന്തോഷ് ട്രോഫിയുമായി കൊൽക്കത്തയിൽ നിന്നെത്തുന്ന പൊന്നുമോനെ സ്വീകരിക്കാൻ. രാജേന്ദ്ര​​െൻറയും ഷീജയുടെയും ഏക മകനാണ് രാഹുൽ. 

പഠനത്തേക്കാൾ മുൻഗണന പന്തുകളിക്ക് നൽകിയ രാഹുലിനെ അവർ ഇഷ്​ടത്തിന് വിട്ടു. സ്കൂൾ വിട്ട് വീട്ടിലെത്തിയ ഉടനെ സൈക്കിളി​​െൻറ കാരിയറിൽ പന്തുവെച്ച് ഗ്രൗണ്ടിലേക്ക് വെച്ചുപിടിച്ചിരുന്ന രാഹുൽ നാടറിയുന്ന താരമായി വളർന്നു. നാലാം തവണ സന്തോഷ് ട്രോഫി ടീമിലെത്തിയത് നായകനെന്ന നിയോഗത്തോടെ. ഇക്കുറി കൂട്ടുകാർക്കും ബന്ധുക്കൾക്കും കൈനീട്ടമായി രാഹുലിന് നൽകാനുള്ളത് കിരീടനേട്ടമാണ്. 

കണികാണാൻ വെളുപ്പിന് അമ്മ വന്നു വിളിക്കും. പിന്നെ കുടുംബക്ഷേത്രത്തിൽ പോയി തൊഴുത് കൂട്ടുകാർക്കിടയിലേക്ക്. തുടർന്ന് ബന്ധുവീടുകളിൽ. വെറുതെയിരിക്കാൻ നേരമില്ലാത്ത വൈകുന്നേരം.  ആഘോഷങ്ങൾ അതിരുവിടാത്ത പ്രകൃതക്കാരനായ രാഹുലി​​െൻറ മുഖത്തെ ആനന്ദം കാണുന്നവരുടെ മനസ്സിലും ആയിരം കണിക്കൊന്നകൾ പൂക്കും. വിദൂരദേശത്തെ കിനാവി​​െൻറ കളിമുറ്റങ്ങൾ ഇനിയും ആർത്തിരമ്പട്ടെയെന്ന് അവർ ആശീർവദിക്കും. ഏറിയ സന്തോഷത്തോടെ വരും വർഷങ്ങളിലും വിഷു കൂടാൻ കാലമിനിയുമുരുളും. 

Loading...
COMMENTS