Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightഫുട്ബോള്‍ രാഷ്ട്രീയവും...

ഫുട്ബോള്‍ രാഷ്ട്രീയവും വംശീയതയും

text_fields
bookmark_border
ഫുട്ബോള്‍ രാഷ്ട്രീയവും വംശീയതയും
cancel

ഫുട്ബോളിനെക്കുറിച്ച് അറിയാനും കളിക്കാനും ഇടയായ കാലം മുതല്‍ആരാധന ഒന്നും ഇല്ലെങ്കിലും ബ്രസീല്‍ജയിക്കണം എന്നാണ് ആഗ്രഹിച്ചിട്ടുള്ളത്‌. പെലെയെ കുറിച്ച് ഒരു പാഠം പഠിക്കാന്‍ഉണ്ടായിരുന്നതിനാല്‍അദ്ദേഹത്തിന്റെ ടീം എന്ന ആദരവും സ്നേഹവുമാണ് കുട്ടികളായ ഞങ്ങള്‍ബ്രസീലിനു നല്‍കിയിരുന്നത്. പിന്നീട് അതില്‍ ഒരു രാഷ്ട്രീയം ഉണ്ടായിവന്നു. ലാറ്റിന്‍അമേരിക്കയെ ലോക ഫുട്ബാളില്‍ ഒതുക്കുക എന്നത് യൂറോപ്യൻ ആധിപത്യമുള്ള ഫീഫയുടെ അജണ്ട ആണ് എന്ന തോന്നൽ ശക്തമായി.  കേരളത്തിൽ എൺപതുകളിലെ എന്റെ വിദ്യാര്‍ത്ഥി ജീവിതകാലത്ത് ടി.വി എത്തിയതോടെ ലാറ്റിൻ അമേരിക്കന്‍ശൈലിക്കായിരുന്നു ആരാധകർ കൂടുതൽ ഉണ്ടായിരുന്നത്. അതില്‍തന്നെ സാംബാപടയുടെ താളബദ്ധമായ ചലനങ്ങൾ കാണികളെ ആവേശം കൊള്ളിച്ചിരുന്നു. പൊതുവേ ലാറ്റിൻ അമേരിക്കൻ ടീമുകളോട് കേരളത്തിൽ താല്‍പ്പര്യം ഉണ്ടാവനുള്ള കാരണം അവർ യൂറോപ്യൻ ടീമുകളെ തോല്‍പ്പിക്കുന്ന മൂന്നാം ലോകത്തിന്റെ ശക്തിപ്രതീകങ്ങളാവുന്നു എന്നത് തന്നെയായിരുന്നു. ക്രിക്കറ്റിൽ സി.എല്‍.ആര്‍. ജെയിംസ് കൊണ്ട് വന്ന പ്രതിവായനയുടെ പ്രതിഫലനങ്ങൾ പൊതുവേ സ്പോര്‍ട്സിനെക്കുറിച്ചുള്ള ചിന്തയില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമായി. കളിയുടെ രാഷ്ട്രീയം നിര്‍കോളണീകരണത്തി​​​​​​​െൻറ  പശ്ചാത്തലത്തിൽ വായിക്കുന്ന ശീലം പൊതുവിൽ അംഗീകരിക്കപ്പെട്ടു. എന്നാൽ തൊണ്ണൂറുകൾ ആയപ്പോഴേക്കും ടി.വി കൂടുതൽ വീടുകളിലേക്ക് എത്തി. രാഷ്ട്രീയ നിരപേക്ഷമായ വിലയിരുത്തലുകളും യൂറോപ്യൻ ടീമുകളോട് പുലര്‍ത്തിയിരുന്ന അകല്‍ച്ചയിൽ നിന്ന്​ ഒരു പിന്മാറ്റവും ഉണ്ടായി.  ലാറ്റിൻ അമേരിക്കൻ ടീമുകളോടുള്ള രാഷ്ട്രീയമായ ഐക്യപ്പെടൽ അനുകൂലിക്കുന്നവരിൽ ​േപാലും കാണാതായി. എങ്കിലും ബ്രസീൽ ബഹുഭൂരിപക്ഷത്തിന്റെയും മനസ്സിൽ ഒരു വികാരമായി തുടരുന്നുണ്ടായിരുന്നു.

ബ്രസീലി​​​​​​െൻറ ആരാധകരുടെ ഗാലറി ആവേശം
 
എന്നാൽ, കളിയുടെ രാഷ്ട്രീയത്തെക്കുറിച്ച് ആഴത്തിൽ ആലോചിക്കാൻ ഇടയായത് ഞാൻ വിദേശത്ത് താമസമാക്കിയപ്പോഴായിരുന്നു. സൗത്ത് ഈസ്​റ്റ്​  ഏഷ്യയി​െല പൊതുമണ്ഡലം സൗത്ത് ഏഷ്യൻ അവസ്ഥയിൽ നിന്ന് വളരെ വ്യത്യസ്​തമായിരുന്നു. അതി​​​​​​​െൻറ സവിശേഷതകൾ ഞാന്‍ മനസ്സിലാക്കി വരുന്ന കാലത്താണ്  2002-ലെ ലോക കപ്പു മത്സരങ്ങൾ നടക്കുന്നത്. അക്കാലത്താണ് പോള്‍ഡാര്‍ബിയുടെ (Paul Darby) പ്രസിദ്ധമായ ‘Africa, Football and FIFA: Politics, Colonialism and Resistance’ എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നത്​. ഫുട്​ബാളിലെ യൂറോപ്യൻ വംശീയാധിപത്യത്തിന്റെ ആഫ്രിക്കൻ ചരിത്രവും യൂറോ കേന്ദ്രവാദത്തിന്‍റെ അതിപ്രസരത്തെയും കുറിച്ച് ആ പുസ്തകം ആഴത്തില്‍ചര്‍ച്ച ചെയ്തിരുന്നു. Vic Duke, Liz Crolley എന്നിവർ എഡിറ്റ്‌ചെയ്ത ‘Football, Nationality and the State’ എന്ന പുസ്തകവും ഈ പ്രശ്നങ്ങളെക്കുറിച്ച് പുതിയ ധാരണകൾ നല്‍കുന്നതായിരുന്നു. മാത്രമല്ല, അതില്‍ ‘Women can't play, it's a male ball: her story in football’ എന്ന അവസാന അധ്യായം ഫുട്​ബാളിലെ ലിംഗനീതിയുടെ പ്രശ്നങ്ങൾ ശക്തമായി അവതരിപ്പിക്കുകയും ചെയ്തിരുന്നു. അങ്ങനെ വായനയുടെയും ദക്ഷിണേഷ്യൻ രാഷ്ട്രീയ പശ്ചാത്തലത്തിന്‍റെയും കേരളീയാനുഭവങ്ങളുടെയും അടയാളങ്ങൾ ഉള്ള മനസ്സുമായി 2002ൽ ഒരു ദിവസം ഞാൻ ഹോങ്കോങ്ങിൽ ഒരു റസ്​റ്ററണ്ടിൽ ഇരുന്നു വലിയ സ്ക്രീനിൽ കളി കാണുകയാണ്. ബ്രസീലും ബല്‍ജിയവും തമ്മിലാണ് മത്സരം. കളി തുടങ്ങി കിക്ക് ഓഫ്​ ആയി. എനിക്ക് യാതൊരു സംശയവും ഇല്ലായിരുന്നു- അവിടെ ഇരിക്കുന്ന ‘നമ്മള്‍’ എല്ലാവരും ഏഷ്യക്കാർ എന്ന ഒരുമയിൽ യൂറോപ്പ് വിരുദ്ധ വികാരത്തിന്റെ പേരിൽ ബ്രസീൽ ആരാധകരായിരിക്കും എന്ന കാര്യത്തില്‍.

എനിക്ക് പ്രത്യേകിച്ച് ബ്രസീൽ ആരാധന ഉണ്ടായിട്ടല്ല. കാമറൂൻ ഒന്ന് ഫൈനലിൽ എത്താൻ ഞാൻ എത്ര ആഗ്രഹിച്ചിട്ടുണ്ട്! 1990 ല്‍. അര്‍ജന്റീനയെ ആദ്യ മത്സരത്തിൽ തോല്‍പ്പിച്ചു, കൊളംബിയയെ നോക്ക് ഔട്ട്‌മത്സരത്തിൽ പരാജയപ്പെടുത്തി. ക്വാര്‍ട്ടർ ഫൈനലിൽ എത്തിയ കാമറൂണ്‍. 3-2 ന്​ ഇംഗ്ലണ്ടിനോട് തോറ്റു അവർ പുറത്തായത് അന്ന് സഹിക്കാൻ ആയില്ല. പിന്നെ ഒരിക്കലും കാമറൂൺ വലിയ ജയങ്ങൾ നേടിയില്ല ലോകകപ്പില്‍. നിരവധി ഗോളുകൾ ആ  ബൂട്ടില്‍നിന്ന് പിറന്നിട്ടും റോജര്‍മില്ല എന്ന കാമറൂൺ ക്യാപ്​റ്റൻ വലിയ കളിക്കാരുടെ നിരയിലേക്ക് ഉയര്‍ന്നു വന്നില്ല. നമ്മുടെ രാഷ്ട്രീയത്തിന്റെ ഒരു വ്യാപനം ആയി പോകുന്നു ഇത്തരം ഇഷ്ടാനിഷ്ടങ്ങൾ എന്നേയുള്ളു. ബ്രസീലും പോർച്ചുഗലും തമ്മിൽ കളിച്ചാൽ എന്റെ രാഷ്ട്രീയം ബ്രസീലിനൊപ്പം നില്‍ക്കും. പോര്‍ത്തുഗൽ കൊളോണിയലിസം ബ്രസീലിന്റെ ആദിമ ഭാഷകളെ മുഴുവൻ ഇല്ലാതാക്കി പോര്‍ത്തുഗൽ അവിടുത്തെ ദേശീയ ഭാഷ ആക്കി മാറ്റിയ ഞെട്ടിപ്പിക്കുന്ന സാംസ്കാരിക ചരിത്രം എന്റെ മനസ്സിലേക്ക് കടന്നു വരും. ഇംഗ്ലണ്ടും അര്‍ജൻറീനയും കളിക്കുമ്പോള്‍ 1982-ലെ ആ പഴയ ഫാല്‍ക്കൻ യുദ്ധം എന്റെ മനസ്സില്‍വരും. അര്‍ജന്റീന ജയിക്കാൻ ഞാൻ ആഗ്രഹിക്കും. അതുകൊണ്ട് ലോകക്രമം മാറുന്നില്ല. എങ്കിലും അങ്ങനെയാണ് ചിന്ത പോവുക.

190ലെ ലോക കപ്പിൽ അർജൻറീനക്കെതിരെ ഗോളടിച്ച കാമറൂണി​​​​​​െൻറ റോജർ മില്ലയുടെ വിഖ്യാതമായ നൃത്തം
 

അന്ന് ബ്രസീൽ ബല്‍ജിയം കളി തുടങ്ങി രണ്ടോ മൂന്നോ മിനിറ്റ് കഴിഞ്ഞപ്പോൾ ബ്രസീൽ ബല്‍ജിയം ഗോൾ വലയത്തിനടുത്തേക്ക് പാഞ്ഞു കയറി. ആരവങ്ങൾ പ്രതീക്ഷിച്ച എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവിടെ നമ്മുടെ പഴയ ശ്മശാന മൂകത വന്നങ്ങു നിറഞ്ഞു. ഏതോ ബ്രസീലിയൻ കളിക്കാരൻ ഗോള്‍മുഖത്തേക്ക് പന്ത് പായിക്കുന്നു. അത്ര ശക്തിയുള്ള അടി ആയിരുന്നില്ല. ബല്‍ജിയം ഗോളി പന്ത് കൈക്കലാക്കി. റസ്റ്റോറണ്ടിൽ ഇരുന്നവരിൽ ഞാൻ ഒഴികെ എല്ലാവരും ചാടി എഴുന്നേല്‍ക്കുന്നു. സന്തോഷാരവങ്ങൾ മുഴക്കുന്നു. ഒരു ഞെട്ടലോടെ ഞാനാ സത്യം മനസ്സിലാക്കി - അവിടെ ആരും ബ്രസീൽ ആരാധകരല്ല. പിന്നെ ഓരോ കളിയും ഞാൻ ശ്രദ്ധിച്ചു. യൂറോപ്യൻ ടീമുകളെ മാത്രമേ ആ ഏഷ്യക്കാർ പിന്തുണയ്ക്കുന്നുള്ളൂ. ക്ലാസ്സിൽ ​േലാകബാങ്ക് അപകടം ആണ് എന്ന് പറഞ്ഞപ്പോൾ ഒരു കുട്ടിക്ക് പോലും അത് ശരിയാണ് എന്ന് തോന്നിയില്ല. അവര്‍ക്ക് അമേരിക്ക ആണ് ഏറ്റവും ശരിയായ രാജ്യം. മൂന്നാം ലോകം അവിടെ അവര്‍ക്ക് അന്യമായ അപരമാണ്. യൂറോപ്പിന് അവരെപ്പറ്റി എന്ത് തോന്നിയാലും അവര്‍ക്ക് തിരിച്ചു തോന്നുന്നത് സ്വന്തത്വമാണ്. ഇഷ്ടമില്ലാത്തത് മറ്റു ഏഷ്യക്കാരെ ആണ്. ഇത്രയും ജനറലൈസ് ചെയ്യാമോ എന്ന് സംശയിക്കാം. പക്ഷേ, ഇത് യാഥാര്‍ത്ഥ്യത്തിൽ നിന്ന് വളരെ അകലെ അല്ല. അവിടെ എന്റെ ഒരു സഹപ്രവര്‍ത്തക ഒരു കത്ത് എഴുതി -Letter to Editor- സൗത്ത്​ ചൈനാ മോര്‍ണിംഗ് പോസ്റ്റില്‍. ഇന്ത്യാ വിരുദ്ധതയെക്കുറിച്ച്. അവസാന വരിയില്‍പറഞ്ഞിരുന്നു. ബസ്സില്‍അവളുടെ അടുത്തുള്ള സീറ്റിലാണ് അവസാനമായി ഒരാള്‍വന്നിരിക്കുക- ‘‘The seat next to me is the last one to get filled’’. ഒരു നിവൃത്തി ഉണ്ടെങ്കിൽ ഒരു ഇന്ത്യാക്കാര​​​​​​​െൻറ /ഇന്ത്യാക്കാരിയുടെ അടുത്ത് ആരും ഇരിക്കില്ല. കാമ്പസ് അവിടെയും പുരോഗമനത്തിന്റെ ദ്വീപാണ്. കടുത്ത റേസിസം കാണാന്‍കഴിയില്ല. പുറത്തെ കാര്യമാണ്. അവര്‍അന്ന് ഓരോ കളിയിലും യൂറോപ്യന്‍ടീമുകളെ പിന്താങ്ങി. യൂറോപ്യൻ ടീമുകൾ അന്യോന്യം കളിക്കുമ്പോൾ മാത്രം സ്വന്തം ടീമിന് വേണ്ടി ചിയര്‍വിളിച്ചു. ഹോങ്കോങ്ങ് ഇംഗ്ലണ്ടിന്റെ കോളനി ആയിരുന്നു. അധിനിവേശകരെ ഇത്രയധികം സ്നേഹിച്ച ജനത വേറെ ഇല്ല. ഇപ്പൊഴും അങ്ങനെയാണ്.

ഗാലറികളിൽ ആവേശത്തിമിർപ്പാകുന്ന അർജൻറീന ആരാധകക്കൂട്ടം
 

കഴിഞ്ഞ ദിവസമാണ് ഐൻസ്​റ്റീൻ ചൈനാ യാത്രക്കാലത്ത് എഴുതിയ ഡയറിയിലെ ഞെട്ടിപ്പിക്കുന്ന വംശീയ വിദ്വേഷപരമായ കുറിപ്പുകളെക്കുറിച്ചു ‘ഗാര്‍ഡിയൻ’ പത്രത്തില്‍വന്ന വാര്‍ത്ത ഞാൻ എന്റെ ഫെയ്സ്ബുക്കിൽ പങ്കു വച്ചത്. അവിടെ വന്നു ഐന്‍സ്റ്റീനെ ന്യായീകരിച്ചുകൊണ്ട് സിംഗപ്പൂരിലെ ചൈനീസ് വംശജനായ ഒരു പൂര്‍വ വിദ്യാര്‍ഥി അഭിപ്രായം രേഖപ്പെടുത്തിയപ്പോൾ എന്റെ ക്ലാസ്സുകൾ വിഫലമായി എന്ന  ദുഃഖം ഒഴിച്ചാൽ എനിക്ക് വലിയ അമ്പരപ്പൊന്നും തോന്നിയില്ല എന്നതാണ് സത്യം. കാരണം അത് പരിചിതമായ ഒരു യൂറോപ്യൻ വിധേയത്വമാണ്. എല്ലാവരും അങ്ങനെയല്ല. പക്ഷേ, ആ ധാര വളരെ സജീവമാണ്. 99 വര്‍ഷത്തെ പാട്ടത്തിനു ഇംഗ്ലണ്ട് എടുത്ത സ്ഥലമായിരുന്നു. തൊണ്ണൂറുകളിൽ ചൈനക്ക് കൈമാറേണ്ടി വന്നു. ചൈനക്ക് കൈമാറിയത് ഇപ്പോഴും അവിടെ കലാപങ്ങള്‍ക്ക് കാരണമാകുന്നു. ഇംഗ്ലണ്ട് നല്‍കാത്ത ജനാധിപത്യം ചൈനയോട് ചോദിക്കുന്നു. (രാഷ്ട്രീയമായി മക്കാവുവിന്റെയും ഹോങ്കോങ്ങിന്റെയും സ്വയം നിര്‍ണയനത്തിൽ ആണ് ഞാൻ വിശ്വസിക്കുന്നത്. എന്റെ വിശ്വാസത്തിനു പക്ഷേ, പ്രസക്തി ഇല്ല. അതിപ്പോൾ ടിബറ്റിന്റെ കാര്യത്തിലും തൈവാന്റെ കാര്യത്തിലും കശ്മീരിന്റെ കാര്യത്തിലും എല്ലാം സ്വയം നിര്‍ണയനത്തെ അനുകൂലിക്കുന്ന നിലപാടുണ്ട്. അതിനെ കുറിച്ചല്ല പറയുന്നത്). രാഷ്ട്രീയത്തെ കളിയില്‍നിന്ന് പറിച്ചു മാറ്റാൻ കഴിയാത്തത് ഒരു പാതകമല്ലെന്നു എനിക്ക് മനസ്സിലായത് അവരുടെ യൂറോപ്യൻ പ്രണയം കണ്ടപ്പോഴാണ്. അവര്‍ക്ക് അമേരിക്ക എല്ലാ നന്മയുടെയും മൂര്‍ത്തീഭാവം ആയിരിക്കുന്നത് അറിഞ്ഞപ്പോഴാണ്.

ഉറുഗ്വായ്​ ആരാധകർ
 

അപ്പോൾ 2012 ൽ കൊളംബിയയും ഉറുഗ്വയും കൂടി -സെമി ആണോ ക്വാര്‍ട്ടർ ആണോ എന്ന് ഓർമയില്ല- കളിച്ചപ്പോള്‍എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നേണ്ടതായിരുന്നില്ല. രണ്ടും ലാറ്റിൻ അമേരിക്കൻ രാജ്യങ്ങള്‍. ബ്രസീലിനെ അല്ലാതെ മറ്റൊരു ടീമിനെ കുറിച്ച് എനിക്ക് വിജയ പ്രതീക്ഷയോ ഉദ്വേഗമോ ഉണ്ടാവാറില്ല. സ്കൂൾ മൈതാനത്ത് പന്ത് തട്ടുന്ന കാലം മുതൽ ബ്രസീൽ ആണ് കൂടുതൽ പേരുടെയും പിന്തുണ ലഭിക്കുന്ന ടീം. അങ്ങനെയേ കണ്ടിട്ടുള്ളു കേരളത്തില്‍. ഈ കളിയിൽ ഉറുഗ്വേ ആയിരുന്നു മെച്ചപ്പെട്ട ടീം. അവര്‍ക്കേ ജയിക്കാൻ സാധ്യത കല്‍പ്പിച്ചിരുന്നുള്ളൂ. പക്ഷേ, യാദൃച്ഛികമായി ഞാൻ അന്ന് അവിടെ ആയിരുന്നു. സുഹൃത്തുക്കളായ കൊളംബിയക്കാരോടൊപ്പം അവര്‍ക്ക് ഒരു സാധ്യതയും ഇല്ലാതിരുന്ന ഒരു മത്സരം കാണുക എന്നത് വേദനാ ജനകമായിരുന്നു. എങ്കിലും ആ അത്ഭുതം സംഭവിച്ചു മൂന്ന്​ ഗോളിനോ മറ്റോ കൊളംബിയ ഉറുഗ്വായെ തോല്‍പ്പിച്ചു. എന്തായിരുന്നു അവിടുത്തെ ആനന്ദ വിസ്ഫോടനം എന്നതോര്‍ക്കുമ്പോൾ ഇപ്പോഴും ഹൃദയം ഒന്ന് കടുപ്പിച്ചു സ്പന്ദിക്കും.

റോജർ മില്ല
 

ഇപ്പോൾ കുറെക്കാലമായി കേരളത്തിൽ രാഷ്ട്രീയം ഒന്നും അധികം ആരും ടീമുകള്‍ക്ക് പിന്തുണ നല്‍കുന്നതിൽ കണക്കാക്കാറില്ല എന്ന് തോന്നുന്നു. ഇന്നലെ അര്‍ജന്റീന- ഇസ്രയേൽ മത്സരം വേണ്ടെന്നു വച്ചപ്പോൾ രാഷ്ട്രീയം വീണ്ടും ഒരു മിന്നായം പോലെ കടന്നുവന്നതു പോലെ തോന്നി. കഴിഞ്ഞ രണ്ടു തവണ ആയി മത്സരങ്ങൾ കാണാൻ ഇരിക്കാറില്ല. അവസാനം ബ്രസീൽ ലോക കപ്പു നേടിയോ എന്ന് നോക്കും. ഇല്ലെങ്കിൽ അര്‍ജൻറീനക്കാണോ എന്ന് നോക്കും. മറ്റു ഏഷ്യൻ ആഫ്രിക്കൻ ലാറ്റിൻ അമേരിക്കൻ ടീമുകൾ സാധാരണ വലിയ കടമ്പകൾ കടന്നു ഫൈനലിൽ എത്താറില്ല. ആ പ്രതീക്ഷയ്ക്ക് വലിയ സ്ഥാനമില്ല ഇന്നത്തെ അവസ്ഥയില്‍. ഈ വർഷം  എങ്ങനെയാവും എന്ന് അറിയില്ല. 1950ൽ ഉറുഗ്വേ ആണ്, ബ്രസീലും അര്‍ജൻറീനയും അല്ലാതെ മറ്റൊരു യൂറോപ്പിതര രാജ്യം അവസാന മത്സരത്തിന്​ ഉണ്ടായിട്ടുള്ളത്. ഉന്മാദം പുതിയ ഉച്ചങ്ങള്‍തൊടുന്ന ആവേശമാണ് ലോകത്ത് സോക്കർ ലോകകപ്പു സൃഷ്ടിക്കുന്നത്. അത് ആദ്യന്തം ആസ്വദിച്ചു കളിഭ്രാന്തിന്റെ കേവലാഹ്ലാദങ്ങള്‍ക്കായി കാത്തിരിക്കുന്ന എല്ലാ സുഹൃത്തുക്കള്‍ക്കും അഭിവാദ്യങ്ങള്‍. നിങ്ങളുടെ ടീമുകള്‍ക്ക് വിജയാശംസകള്‍!

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:2018 FIFA World CupBrazil FansArgentina FansRoger Milla
News Summary - politics and racism of football Fifa world cup 2018
Next Story