ആയിരം തികച്ച് റോണോയും മെസ്സിയും; ഇതിഹാസങ്ങൾ മിന്നിയ രാവ്
text_fieldsടുറിൻ: സമകാലിക ഫുട്ബാളിലെ അതികായരായ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും കരിയറിൽ പുതിയ നാഴികക്കല് ല് കുറിച്ച രാവാണ് കൊഴിഞ്ഞുവീണത്. ഇറ്റാലിയൻ സിരി എയിൽ സ്പാലിനെതിരെ യുവൻറസിനായി റോണോ ബൂട്ട് കെട്ടിയത് തെൻറ 1000ാം മത്സരത്തിനായിരുന്നു. മത്സരത്തിൽ ഗോൾ നേടി റോണോ തെൻറ 1000ാം മത്സരം ഗംഭീരമാക്കി.

മറുവശത്ത് സ്വന്തം തട്ടകമായ നൂകാംപിൽ ഐബറിനെതിരെ നാലുഗോളുകളുമായി നിറഞ്ഞാടിയപ്പോൾ മെസ്സി കുറിച്ചത് മറ്റൊരു ചരിത്രം. ഗോളുകളും അസിസ്റ്റുകളുമായി 1000 സംഭാവനകളാണ് ബാഴ്സക്കായി മെസ്സി നൽകിയത്.
ക്ലബ്ബുകൾക്കായി 836ഉം രാജ്യത്തിനായി 164ഉം മത്സരങ്ങളാണ് റോണോ പൂർത്തിയാക്കിയത്. ഇത്രയും കളികളിൽ നിന്ന് പേരിലാക്കിയത് 725 ഗോളുകളാണ്. സ്പാലിനെതിരെ ഇന്നലെ നേടിയ ഗോളോടെ തുടർച്ചയായ 11ാം മത്സരത്തിലും ഗോൾ നേടുന്ന അപൂർവ്വ റെക്കോർഡിനൊപ്പം
റോണോ എത്തി. മത്സരത്തിൽ യുവൻറസ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വിജയിച്ചിരുന്നു.

ബാഴ്സലോണക്കായി 696 ഗോളുകളും 306 അസിസ്റ്റുകളും അടക്കം 1000സംഭാവനകളാണ് ഇതുവരെ മെസ്സിയുടെ ബൂട്ടിൽ നിന്നും പിറന്നത്. മെസ്സി മെസ്സിയായ മത്സരത്തിൽ ഐബറിനെ ബാഴ്സ എതിരില്ലാത്ത അഞ്ചുഗോളുകൾക്ക് തകർത്തു വിട്ടിരുന്നു.
