കൈ കൊടുത്തില്ല; കലിപ്പ് മാറാതെ മേരി
text_fieldsന്യൂഡൽഹി: റിങ്ങിലെ ഇടിപ്പൂരത്തിനുശേഷം കലി മാറാതെ മേരികോം. മത്സരശേഷം, റഫറി വിജയിയായി പ്രഖ്യാപിച്ചതിനുപിന്നാലെ, എതിരാളി നിഖാത് സരീന് കൈ കൊടുക്കാതെ മേരികോം നടന്നുനീങ്ങി. സരീൻ കൈനീട്ടിയപ്പോൾ ശ്രദ്ധിക്കാതെയായിരുന്നു മേരിയുടെ നടത്തം. സംഭവം വിവാദമായതോടെ നടപടി ന്യായീകരിച്ച് മുൻ ലോകചാമ്പ്യൻ രംഗത്തെത്തി.
‘എന്തിന് കൈകൊടുക്കണം. സരീൻ മറ്റുള്ളവരിൽനിന്ന് ആദരവ് ആഗ്രഹിക്കുന്നുവെങ്കിൽ, ആദ്യം മറ്റുള്ളവരെ ആദരിക്കണം. ഈ സ്വഭാവക്കാരെ ഞാൻ ഇഷ്ടപ്പെടുന്നില്ല. കളത്തിനു പുറത്തല്ല, റിങ്ങിലാണ് മികവ് തെളിയിക്കേണ്ടത്’ -മത്സര ശേഷം മേരി തുറന്നടിച്ചു. അതേസമയം, മേരിയെപോലൊരു സീനിയർ താരത്തിൽ നിന്നുള്ള പെരുമാറ്റം വേദനിപ്പിച്ചുവെന്ന് സരീൻ പറഞ്ഞു. റിങ്ങിൽ അവർ മോശം ഭാഷ ഉപയോഗിച്ചതായും സരീൻ ആരോപിച്ചു.