ഇടനെഞ്ചുക്കുള്ളെ നീതാനേ...

ധനരാജ​െൻറ ചിത്രത്തിനരികെ ഭാര്യ അർച്ചനയും മകൾ ശിവാനിയും (ചിത്രം: മുസ്തഫ അബൂബക്കർ)

രാത്രി അമ്മയെ ചേർത്തുപിടിച്ച് ഉറങ്ങാൻ കിടക്കുമ്പോ, ഇടക്ക് ഉണരുമ്പോ, പുറത്ത് ബൈക്കി​​​െൻറ ശബ്​ദം കേൾക്കുമ്പോ ശിവാനി ചോദിക്കും, ‘അപ്പാ വന്തിട്ടാമ്മാ?’ അവളുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും മുന്നിൽ പലപ്പോഴും പതറിപ്പോകുമെങ്കിലും ‘ക്യാമ്പ്ക്ക് പോയിറുക്ക്’ എന്നുപറഞ്ഞ് അർച്ചന സമാധാനിപ്പിക്കും. ബൈക്കി​​​െൻറ മുന്നിലും തോളിലുമിരുത്തി ആനയും പൂരവും അങ്ങാടിയിലെയും നാട്ടിൻപുറത്തെയും കാഴ്ചകളും കൊണ്ടുപോയി കാണിക്കാൻ അപ്പാ ഇനി വരില്ലെന്ന് മനസ്സിലാവുന്ന പ്രായമല്ലല്ലോ രണ്ടര വയസ്സ്. ഒരു മാസം മുമ്പ്, കൃത്യമായി പറഞ്ഞാൽ ഡിസംബർ 29ന് വൈകീട്ട്​ പെരിന്തൽമണ്ണയിൽ കളിക്കായി സുഹൃത്തിനൊപ്പം പാലക്കാട്‌ കൊട്ടേക്കാട് തെക്കോണിയിലെ വീട്ടിൽനിന്നിറങ്ങുകയായിരുന്നു ധനരാജൻ.

അന്നും പതിവുപോലെ അപ്പാക്കൊപ്പം പോകാൻ ശിവാനി വാശിപിടിച്ചു. ബൈക്കിൽ കയറാൻ തുനിഞ്ഞപ്പോൾ, ‘കളിക്ക് പോയി കാശ് വാങ്കി ബൂട്ട് വാങ്കി വന്ത് ഉന്നെ നാളെ ക്യാമ്പ്ക്ക് സേർക്കലാം’ എന്നും പറഞ്ഞ് ഫുട്ബാൾ താരമാക്കണമെന്ന് ആഗ്രഹിച്ച അവളുടെ കവിളിൽ ഉമ്മവെക്കുന്ന രംഗമാണ് അർച്ചനയുടെ ഉള്ളിലിപ്പോഴും കത്തിയാളുന്നത്. ആ രാത്രി  കാദറലി സെവൻസ് ടൂർണമ​​െൻറിലെ എഫ്.സി പെരിന്തൽമണ്ണ-ശാസ്താ മെഡിക്കൽസ് തൃശൂർ മത്സരത്തി​​​െൻറ 20ാം മിനിറ്റിൽ ജീവിതത്തിൽനിന്ന് ചുവപ്പ് കാർഡ് കണ്ട് മടങ്ങി ആർ. ധനരാജനെന്ന കൊൽക്കത്തയിലെയും മലയാളത്തിലെയും ഫുട്ബാൾ പ്രേമികൾക്ക് സുപരിചിതനായ ഡിഫൻഡർ. മടിയിലിരിക്കാൻ കൂട്ടാക്കാതെ കോലായിലും മുറ്റത്തും ഓടിനടന്ന ശിവാനിക്കൊപ്പം കണ്ണയച്ച്, ഉലകത്തിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട അണ്ണനെക്കുറിച്ച് സംസാരിക്കുമ്പോൾ ഫുട്ബാളിനെപ്പറ്റി വലിയ ഗ്രാഹ്യമൊന്നുമില്ലാത്ത ജീവിതസഖി അർച്ചന കളിക്കളത്തിൽ അത്യപൂർവമായി മാത്രം കാർഡ് കണ്ട പ്രതിരോധ ഭടനെക്കുറിച്ച് ‘റൊമ്പ നല്ല ആള്’ എന്ന് ആവർത്തിച്ചുകൊണ്ടേയിരുന്നു. 

പ്രണയത്തിനില്ല പ്രതിരോധം 
പത്തുവർഷം മുമ്പാണ്. മധുര ഇ.എം.ജി യാദവ കോളജിൽ അർച്ചന ബി.എസ്​സി ഐ.ടി വിദ്യാർഥിനി. അച്ഛ​​​െൻറ പെങ്ങളുടെ മകനായ ധനരാജൻ വലിയ പന്തുകളിക്കാരനായി കൊൽക്കത്തയിൽ കഴിയുന്ന കാലം. ഫോണിൽ വിളിച്ച് സുഖവിവരങ്ങൾ തിരക്കുന്ന മുറച്ചെറുക്ക​​​െൻറ വിശേഷങ്ങൾ കൂട്ടുകാരോട് അഭിമാനത്തോട് പങ്കുവെക്കാറുണ്ട് അർച്ചന. ഒരു ദിവസം ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ അണ്ണൻ മനസ്സുതുറന്നു. മോഹൻബഗാൻ ഫുട്ബാൾ ടീമി​​​െൻറ അവിഭാജ്യ ഘടകമായ ഡിഫൻഡർ മുറപ്പെണ്ണിനോട് പ്രണയാഭ്യർഥന നടത്തുകയാണ്. ആ സമയത്ത് അർച്ചന അത് പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും ആഗ്രഹിച്ച വാക്കുകളായിരുന്നതിനാൽ പറഞ്ഞറ‍ിയിക്കാനാവാത്ത സന്തോഷം. എനിക്കും ഇഷ്​ടമാണെന്നും അതുക്കപ്പുറം വീട്ടുകാരുടെ സമ്മതത്തോടെ മതി കല്യാണമെന്നും മറുപടി നൽകി.

‘എത്ര സങ്കടങ്ങൾ ഉള്ളിലുണ്ടെങ്കിലും എപ്പോഴും ചിരിക്കുന്ന മുഖം. ആരെയും എങ്ങനെയും സഹായിക്കും. വാക്കുകൾകൊണ്ട് ആശ്വസിപ്പിക്കും. ആർക്കും ഇഷ്​ടം തോന്നും അണ്ണനോട്’ -ധനരാജനെ പ്രണയിക്കാൻ ഇതിനപ്പുറമൊരു കാരണമില്ലെന്ന് അർച്ചന. രണ്ടുപേരും അവരവരുടെ വീട്ടിൽ കാര്യം പറഞ്ഞു. സഹോദരിയുടെ മക്കളിൽ വിനയവും സൽസ്വഭാവവുംകൊണ്ട് ബന്ധുക്കൾക്കും ഏറെ വേണ്ടപ്പെട്ടവന്, നാടറിയുന്ന ഫുട്ബാളർക്ക് മകളെ കല്യാണം കഴിച്ചുകൊടുക്കുന്നതിൽ അർച്ചനയുടെ പിതാവ് ബാലകൃഷ്ണന് മറുത്തൊന്നും ചിന്തിക്കേണ്ടിവന്നില്ല. 2012 മേയ് 31ന് അർച്ചനയുടെ കഴുത്തിൽ ധനരാജൻ മിന്നുകെട്ടി. അനുഗ്രഹാശിസ്സുകൾ ചൊരിയാൻ പാലക്കാട് കൊട്ടേക്കാട് തെക്കോണിയിലെ വീട്ടിലേക്ക് വന്നവരുടെ കൂട്ടത്തിൽ സാക്ഷാൽ സുനിൽ ഛേത്രിയുമുണ്ടായിരുന്നു. മധുവിധു നാളുകളിൽത്തന്നെ ധനരാജൻ കൊൽക്കത്തയിലേക്ക് മടങ്ങി. കൂടെപ്പോകാൻ അർച്ചനക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും മറ്റു താരങ്ങൾക്കൊപ്പമാണ് താമസമെന്നതിനാൽ പിന്നീടാവാമെന്ന് വാക്ക് നൽകി.

മിന്നാമിനുങ്ങി​​​െൻറ തിടുക്കം
വർഷത്തിൽ ഒന്നോ രണ്ടോ മാസമാണ് ധനരാജൻ നാട്ടിലുണ്ടായിരുന്നത്. വന്നാൽ കൂടുതലൊന്നും പുറത്തുപോവാത്ത പ്രകൃതം. ഉള്ള സമ്പാദ്യവും ബാങ്ക് വായ്പയും കൊണ്ടുണ്ടാക്കിയ വീട്ടിലെ അടുക്കളയായിരുന്നു പ്രധാന ലോകം. അത്രയും രുചിയോടെ മീൻ കറിവെക്കുന്നൊരാളെ കണ്ടിട്ടില്ലെന്ന് അർച്ചന സാക്ഷ്യപ്പെടുത്തുന്നു. കുറേ ചിട്ടവട്ടങ്ങളുണ്ട്. മൺകലത്തിൽ അടുപ്പത്തുവെച്ച് കറിയുണ്ടാക്കണം, കുടിക്കാൻ കിണർ വെള്ളം കോരിയെടുക്കണം, ഭക്ഷണം കഴിക്കുമ്പോൾ ടി.വിയിൽ നോക്കിയിരിക്കാതെ പരസ്പരം വിളമ്പണം... അങ്ങനെയെങ്ങനെ.

 മുഹമ്മദൻസി​​​െൻറ ക്യാപ്റ്റനായിരിക്കെ ധനരാജൻ അർച്ചനയെയും ഒരിക്കൽ കൊൽക്കത്തയിലേക്ക് കൂട്ടി. ടീമിലെ ഗോൾ കീപ്പറും നാട്ടുകാരനുമായ പ്രമോദി​​​െൻറ കുടുംബവുമുണ്ടായിരുന്നു കൂടെ. ടാഗോർ പാർക്കിലെ വാടക വീട്ടിൽ ഒരു മാസം ഇവർ താമസിച്ചു. കളിക്കുപോകുമ്പോൾ പക്ഷേ, കൂടെ കൂട്ടിയില്ല. എതിർ ടീമിലെ താരങ്ങളുമായി തർക്കിക്കുന്നതും കൂട്ടിയിടിച്ച് വീഴുന്നത് കാണേണ്ടിവരുമെന്ന് പറഞ്ഞ് നിരുത്സാഹപ്പെടുത്തിയെന്ന് അർച്ചന. സന്തോഷ ജീവിതത്തി​​​െൻറ നാലാം വർഷമാണ് ശിവാനി വന്നത്. അർച്ചനക്ക് പൂർണ വിശ്രമം നിർദേശിച്ചു ഡോക്ടർ. അപ്പോഴേക്കും കൊൽക്കത്ത ജീവിതം അവസാനിപ്പിച്ചിരുന്നു ധനരാജൻ. ഭക്ഷണമുണ്ടാക്കുന്നതും തീർത്തും കിടപ്പിലായ അർച്ചനയെ പരിചരിക്കുന്നതുമെല്ലാം പ്രിയപ്പെട്ടവൻതന്നെ. വൈകുന്നേരങ്ങളിൽ സെവൻസ് മത്സരമുണ്ടെങ്കിൽ മാത്രം പുറത്തുപോകും. അർച്ചനയെ ആശുപത്രിയിലാക്കിയ വിവരമറിയുന്നത് മൈതാനത്തുവെച്ചാണ്. ഉടനെ പാഞ്ഞെത്തി. കാത്തിരുന്ന കൺമണി പിറന്നുവീണപ്പോൾ ശിവാനി എന്ന് പേരിട്ടു. വലുതാകുന്തോറും അവൾ പൂർണമായും അച്ഛൻകുട്ടിയായി. ഭക്ഷണം കഴിപ്പിക്കുന്നതും കുളിപ്പിച്ച് ഉടുപ്പിടീക്കുന്നതുമൊക്കെ അപ്പാ തന്നെ. തോളിൽ കിടത്തി കലാഭവൻ മണിയുടെ നാടൻപാട്ടുകൾ പാടി ശിവാനിയെ അപ്പാ വാവുറക്കി.  പോവാൻ തിടുക്കം കൂട്ടിയ മിന്നാമിനുങ്ങിനോട് ‘നീ തനിച്ചല്ലേ പേടിയാവില്ലേ കൂട്ടിന് ഞാനും വന്നോ​േട്ട’ എന്ന് ചോദിച്ചയാൾ പക്ഷേ, 40ാം വയസ്സിൽത്തന്നെ കെട്ടുപോവുമെന്ന് ആരും കരുതിയില്ല. 

ധന ദാ എന്ന ദരിദ്രൻ
തമിഴ് മലയാളി കുടുംബമാണ് ധനരാജ​​​െൻറത്. അമ്മ മാരിയമ്മയുടെ ബന്ധുക്കൾ തമിഴ്നാട്ടിലാണ്. അച്ഛൻ പാലക്കാട്ടുകാരനും. ഒമ്പത് മക്കളുണ്ട് ഇവർക്ക്. ആൺമക്കളിൽ നാലാമനും ഇളയവനുമാണ് ധനരാജൻ. മുമ്പ് താമസിച്ചിരുന്ന വീടിന് തൊട്ടടുത്തായിരുന്നു പാലക്കാട് സ്​റ്റേഡിയം. കുട്ടിക്കാലത്ത് ഇവിടെനിന്ന് സ്ഥിരമായി മത്സരങ്ങൾ കണ്ടപ്പോൾ ആഗ്രഹിച്ചത് ഫുട്ബാളറാവാൻ മാത്രം. പഠനം പത്താം ക്ലാസിൽ തീർന്നു. ചെറുപ്പത്തിൽതന്നെ അച്ഛൻ രാധാകൃഷ്ണൻ മരിച്ചു. ഒന്നര വർഷം മുമ്പ് ശിവാനിയുടെ ഒന്നാം പിറന്നാളി​​​െൻറ തലേന്നാൾ മാരിയമ്മയും വിടവാങ്ങി. അച്ഛന് ദൈവത്തി​​​െൻറ സ്ഥാനമാണ് ധനരാജൻ നൽകിയിരുന്നതെന്ന് സുഹൃത്തുക്കൾ. കളിക്കുവേണ്ടി എത്ര ദൂരെ പോവുമ്പോഴും കൈയിൽ അച്ഛ​​​െൻറ ഫോട്ടോ കരുതും. എല്ലാ ദിവസവും രാവിലെ കുളിച്ച് കുറിതൊട്ട് അത് മുന്നിൽവെച്ച് പ്രാർഥിക്കും. വലിയ കടബാധ്യതകളുണ്ടായിരുന്നിട്ടും തരാനുള്ളവരോട് ചോദിച്ച് ബുദ്ധിമുട്ടിച്ചില്ല. കളിക്കുന്ന ടീമിന് നൂറുശതമാനവും സമർപ്പിക്കും. കാശ് കൂട്ടിത്തരാമെന്ന് ആരെങ്കിലും വാഗ്ദാനം ചെയ്താൽ കരാർ റദ്ദാക്കി കൂടെപ്പോവില്ല.  പഞ്ചായത്ത് സ്​റ്റേഡിയത്തിൽ സ്വന്തമായി ഫുട്ബാൾ അക്കാദമി സ്ഥാപിക്കാനും അവിടെ കുട്ടികളെ സൗജന്യമായി പഠിപ്പിക്കാനും പദ്ധതിയിട്ടിരുന്നു കോച്ചിങ്ങിൽ ഡി ലൈസൻസ് സർട്ടിഫിക്കറ്റുകാരനായ ധനരാജൻ.

മുഹമ്മദൻസിന് ഡ്യൂറൻറ് കപ്പും ഐ.എഫ്.എ ഷീൽഡും ഒരുമിച്ചു നേടിക്കൊടുത്ത ക്യാപ്റ്റൻ സെവൻസ് മൈതാനത്ത് മരിച്ചുവീഴുമ്പോൾ നാലുമാസത്തെ ശമ്പളം കിട്ടാക്കടമായിക്കിടപ്പുണ്ടായിരുന്നു. ഇൗയടുത്ത് കൊൽക്കത്തയിൽനിന്ന് കുറച്ച് പണം വന്നു. ഇതി​​​െൻറ ഉറവിടം അന്വേഷിച്ചപ്പോഴാണ് അറിയുന്നത്, അവിടെ ധനരാജൻ ഉപയോഗിച്ചിരുന്ന ബൈക്ക് കൈവശമുണ്ടായിരുന്ന ബംഗാൾ സുഹൃത്ത് അത് വിറ്റ് കിട്ടിയ തുക കുടുംബത്തിന് അയച്ചുതന്നതാണെന്ന്​. തന്നെ വളർത്തിയത് കോച്ച് ചാത്തുണ്ണി സാറും പാലക്കാട്ടെ സുധാകരൻ സാറുമാണെന്ന് എപ്പോഴും പറയാറുണ്ട് അർച്ചനയോട്. ധനരാജൻ സമ്മാനമായി നൽകിയ വാച്ചുംകെട്ടിയാണ് ടി.കെ. ചാത്തുണ്ണി പ്രിയ ശിഷ്യനെ അവസാനമായി ഒരു നോക്കുകാണാനെത്തിയത്. കൊൽക്കത്തക്കാർക്ക് ധന ദാ ആയിരുന്നു. അവധി ദിവസങ്ങളിൽ രാവിലെ പ്രാക്ടീസ് കഴിഞ്ഞാൽ നേരെ പോവുക മീൻ മാർക്കറ്റിലേക്കാണ്. വലിയ മീനുകൾ വാങ്ങി റൂമിലെത്തി കുടമ്പുളിയിട്ട് വെക്കും. ധനരാജ​​​െൻറ കൈപ്പുണ്യത്തിൽ കേരളീയ ഭക്ഷണം കഴിക്കാൻ ആശിം ബിശ്വാസ് ഉൾപ്പെടെ കൊലകൊമ്പന്മാർ വരാറുണ്ട്. വിവാ കേരള, ചിരാഗ് യുനൈറ്റഡ്, മോഹൻ ബഗാൻ, ഈസ്​റ്റ്​ബംഗാൾ, മുഹമ്മദൻസ് തുടങ്ങിയ ടീമുകൾക്കുവേണ്ടി കളിച്ചിട്ടും ദരിദ്രനായാണ് ധനരാജൻ മരിച്ചത്. അർച്ചനയുടെ ആഭരണങ്ങൾ മുഴുവൻ പണയംവെച്ചിരുന്നു. ധനരാജ​​​െൻറ കുടുംബത്തെ സഹായിക്കാൻ നാട്ടിലും വിദേശത്തും നടന്ന ഫുട്ബാൾ മത്സരങ്ങളിൽനിന്ന് ലഭിച്ച പണംകൊണ്ട് കടം വീട്ടാനായി.

രണ്ടാം പകുതിയിൽ ‘സഡൻ ഡെത്ത്’
ചെറുപ്പം തൊട്ടേ അയൽവാസി രതീഷായിരുന്നു ധനരാജ​​​െൻറ സന്തത സഹചാരി. ഇദ്ദേഹത്തിനൊപ്പമാണ് സെവൻസ് കളിക്കാൻ പോകാറ്. അന്നും രതീഷായിരുന്നു കൂടെ. സീസണിൽ ധനരാജ​​​െൻറ ആദ്യ കളി. എഫ്.സി പെരിന്തൽമണ്ണ ടീമി​​െൻറ അരങ്ങേറ്റവും. തുടക്കത്തിൽ ഗോൾ വഴങ്ങിയതോടെ പ്രതിരോധനിരയിലെ കുന്തമുനയായ താരത്തിനുമേൽ സമ്മർദം കൂടി. കാണികൾ മുറുമുറുപ്പ് തുടങ്ങി. ഗോൾ മടക്കിയെങ്കിലും ടച്ച് കിട്ടാതെ കൂട്ടുകാരൻ വിഷമിക്കുന്നത് രതീഷ് വേദനയോടെ ഗാലറിയിലിരുന്ന് കണ്ടു. പന്ത് അപ്പുറത്തായിരിക്കെ ഒരു കാരണവുമില്ലാതെ ധനരാജൻ നിലത്ത് വീഴുകയായിരുന്നു. പിടച്ചിൽ കണ്ട് പന്തികേട് തോന്നി അടുത്തുചെന്ന് നോക്കി. ഉടനെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും എല്ലാം കഴിഞ്ഞിരുന്നു. ഒരു വർഷം മുമ്പ് തോളെല്ലിന് പരിക്കേറ്റതിനുശേഷം കാര്യമായ അസുഖങ്ങളൊന്നുമുണ്ടായിട്ടില്ല. ഹൃദയവാൽവ് പൊട്ടിയാണ് മരണമെന്ന് ഡോക്ടർമാർ വിധിയെഴുതി. 

ജീവിതത്തി​​​െൻറ രണ്ടാംപകുതി തുടങ്ങിയപ്പോഴേക്ക് പ്രിയ്യപ്പെട്ടവൻ കളമൊഴിഞ്ഞ യാഥാർഥ്യം അർച്ചനക്ക് ഇനിയും ഉൾക്കൊള്ളാനായിട്ടില്ല. ശിവാനിയെ കുറിച്ചായിരുന്നു എപ്പോഴും സംസാരം. അവളെ ചെറുതിലേ ഫുട്ബാൾ ക്യാമ്പിൽ ചേർക്കണമെന്ന് ആഗ്രഹിച്ചതാണ്. അപ്പായുടെ ബൈക്കി​​​െൻറ ശബ്​ദം ശിവാനിക്കറിയാം. അതുമായി വല്യച്ഛന്മാരോ സുഹൃത്തുക്കളോ വരുമ്പോൾ അപ്പായാണെന്ന് കരുതി അവളെപ്പോഴും കോലായിലേക്ക് ഓടിച്ചെല്ലും. പിന്നെ തിരിച്ചുവന്ന് ഫോട്ടോയിലേക്ക് മുഖം പൂഴ്ത്തും. അവർക്ക് രണ്ടുപേർക്കും മാത്രമറിയാവുന്ന ഭാഷ‍യിൽ എന്തൊക്കെയോ സംസാരിക്കും. ഇപ്പോൾ ആരോടും വല്ലാതെ കൂട്ടുകൂടാൻ പോകാറില്ല ശിവാനി. യാത്ര പറഞ്ഞിറങ്ങാൻ നേരം ‘ഇതെല്ലാം അപ്പാവുടെ ഫ്രണ്ട്സ്’ എന്ന് അർച്ചന പറഞ്ഞപ്പോൾ അവൾ ചെറുതായൊന്ന് ചിരിച്ചു, പിന്നെ കൈവീശി. റോഡിലൂടെ കടന്നുപോയ ബൈക്ക് കണ്ണിൽനിന്ന് മറയുന്നതുവരെ നോക്കി നിന്നു. ശിവാനിക്കിടാൻ കുഞ്ഞു ബൂട്ടുകളുമായി അണ്ണൻ വരുന്നതും കാത്ത് അർച്ചന മുറ്റത്തുതന്നെ നിൽപ്പുണ്ട്.

Loading...
COMMENTS