ട്രിൻചെ: കാൽപന്തുകളിയിലെ കാൽപനികൻ

ലോകകപ്പ് കളിക്കാത്ത ലോകത്തെ മികച്ച കാൽപന്തുകളിക്കാരൻ ആരാണ്? ഫുട്ബാൾ ലോകത്ത് എക്കാലത്തും ചർച്ച ചെയ്യപ്പെടുന്ന ഈ ചോദ്യത്തിന് ജോർജ് ബെസ്റ്റ്, ജോർജ് വിയ എന്നൊക്കെയാവും പൊതുവെയുള്ള ഉത്തരം. എന്നാൽ, സ്വന്തം രാജ്യത്തി​െൻറ ടീമിൽ പോലും കളിക്കാതിരുന്നിട്ടും ലോകത്തിലെ തന്നെ മികച്ച കളിക്കാരനായി വാഴ്ത്തപ്പെടുന്ന ഒരാളുണ്ട്. ലോകത്തെ മികച്ച താരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന സാക്ഷാൽ ഡീഗോ മറഡോണ ‘നിങ്ങൾ എന്നെക്കാളും മികച്ച കളിക്കാരനാണ്’എന്ന് വിളിച്ച താരം. തോമസ് ഫിലിപ്പെ കാർലോവിച് എന്ന ‘ട്രിൻചെ’. കഴിഞ്ഞദിവസം 74ാം വയസ്സിൽ അന്തരിച്ച ട്രിൻചെ പുറംലോകത്ത് അത്ര അറിയപ്പെട്ടിരുന്നില്ലെങ്കിലും അർജൻറീനയിൽ ഹീറോ പരിവേഷമായിരുന്നു താരത്തിന്. കാൽപനിക കാൽപന്തുകളിയുടെ ഉപാസകനായാണ് ട്രിൻചെ അർജൻറീനയിൽ വിശേഷിപ്പിക്കപ്പെട്ടിരുന്നത്.

70കളിൽ അർജൻറീനയിൽ കളിച്ചിരുന്ന ട്രിൻചെ ഒരിക്കലും ദേശീയ ടീമിനായി പന്തുതട്ടിയിട്ടില്ല. അർജൻറീന ടീമിലേക്ക് കോച്ച് സെസാർ ലൂയിസ് മെനോട്ടി ട്രിൻചെയെ തെരഞ്ഞെടുത്തെങ്കിലും സ്വന്തം നാടുവിട്ട് പോവാൻ ഒരിക്കലും തയാറല്ലാത്ത ട്രിൻചെ അത് നിരസിച്ചു. നാടിന് സമീപത്തെ നദിയിലെ വെള്ളം ഉയരാൻ സാധ്യതയുള്ളതിനാൽ തിരിച്ചുവരാൻ പ്രയാസമായിരിക്കും എന്നായിരുന്ന ട്രിൻചെ അതിനുപറഞ്ഞ കാരണം.

മറഡോണക്കൊപ്പം ട്രിൻചെ
 


അർജൻറീനയിലെ റൊസാരിയോ സമകാലീന ഫുട്ബാൾ പ്രേമികൾക്ക് സുപരിചിതമായ പ്രദേശമാണ്. ലയണൽ മെസ്സിയുടെ സ്വദേശം എന്ന ഖ്യാതിയുള്ള റൊസാരിയോ ആയിരുന്നു ട്രിൻചെയുടേയും ദേശം. മറ്റു ചില ക്ലബുകൾക്കും കളിച്ചിട്ടുണ്ടെങ്കിലും റൊസാരിയോയിലുള്ള റൊസാരിയോ സെൻട്രലും സെൻട്രൽ കോർഡോബയുമായിരുന്നു ട്രിൻചെയുടെ പ്രധാന തട്ടകങ്ങൾ. ത​​െൻറ വീടും നാടും നാട്ടുകാരെയും വിട്ടുപോവാനുള്ള മടിയാണ് ദേശീയ ടീമിൽനിന്നും വിദേശ ക്ലബുകളിൽനിന്നുമൊക്കെ വിളിയെത്തിയിട്ടും മൈൻഡ് ചെയ്യാതിരിക്കാനുള്ള കാരണമെന്ന് ട്രിൻചെ തന്നെ ഒരിക്കൽ പറഞ്ഞിരുന്നു. എ.സി. മിലാനിൽനിന്നും പെലെ വഴി ന്യൂയോർക്ക് കോസ്മോസിൽനിന്നുമൊക്കെ വിളിയെത്തിയിട്ടും ട്രിൻചെ കുലുങ്ങിയില്ല. ‘അതിലൊക്കെ എന്തിരിക്കുന്നു. എനിക്ക് ഫുട്ബാൾ കളിച്ചാൽ മതി. അത് റൊസാരിയോയിൽ തന്നെയാവുന്നതാണ്  സന്തോഷം’.


അർജൻറീനയിലെ തന്നെ ഫസ്​റ്റ്​ ഡിവിഷനിൽ ഒരിക്കൽ പോലും കളിച്ചിട്ടില്ലെങ്കിലും രാജ്യത്തെ ഫുട്ബാൾ വിദഗ്ധർക്കും സാധാരണ കളിപ്രേമികൾക്കും ഒരുപോലെ പ്രിയങ്കരനായിരുന്നു ട്രിൻചെ. ‘ഞാൻ കണ്ട എറ്റവും മികച്ച കളിക്കാരനായിരുന്നു ട്രിൻചെ’ -കോച്ച് ജോസ് പെക്കർമാ​െൻറ വാക്കുകൾ. ട്രിൻചെയുടെ കളി കാണാൻ വേണ്ടി അർജൻറീനയിലെ ലോവർ ലീഗ് മത്സരങ്ങൾക്കായി രാജ്യമൊന്നാകെ കറങ്ങിയിട്ടുണ്ടെന്ന് വിഖ്യാത കളിക്കാരനും പരിശീലകനുമായ മാഴ്സലോ ബിയൽസ. ‘ഇന്ന് നിലവിലില്ലാത്ത കാൽപനിക കാൽപന്തുകളിയുടെ തലതൊട്ടപ്പനായിരുന്നു ട്രിൻചെ’-1986 ലോകകപ്പ് ജയിച്ച ടീമംഗമായിരുന്ന ജോർജെ വാൽഡാനോ.

റൊസാരിയോയിലെ ഗാബിനോ സോസ സ്​റ്റേഡിയത്തിൽ പൊതുദർശനത്തിനുവെച്ച ട്രിൻചെയുടെ മൃതദേഹത്തിൽ ആദരാഞ്​ജലിയർപ്പിക്കുന്ന ബന്ധുക്കളും സുഹൃത്തുക്കളും
 


ഏറ്റവും മികച്ച വിശേഷണം ലഭിച്ചത് മറഡോണയിൽനിന്ന് തന്നെ. റൊസാരിയോയിലെ വിഖ്യാത ക്ലബ് ന്യൂവെൽസ് ഓൾഡ് ബോയ്സിനായി 1993ൽ കളിക്കാനെത്തിയ മറഡോണയോട്​ ലോകത്തെ മികച്ച കളിക്കാരൻ എന്നത് എങ്ങനെ ആസ്വദിക്കുന്നു എന്ന് ചോദിച്ചപ്പോൾ ‘ലോകത്തെ മികച്ച കളിക്കാരൻ റൊസരിയോയിൽ നേരത്തേ കളിച്ചുകഴിഞ്ഞതാണല്ലോ, അയാളുടെ പേരാണ് കാർലോവിച്’ എന്നായിരുന്നു ഡീഗോയുടെ മറുപടി. ഈവർഷം ഫെബ്രുവരിയിലായിരുന്നു ഇതിഹാസതാരങ്ങളുടെ കൂടിക്കാഴ്ച. റൊസാരിയോയിലെത്തിയ മറഡോണ ട്രിൻചെയെ തേടിയെത്തി. ‘നിങ്ങൾ എന്നെക്കാളും മികച്ച കളിക്കാരനാണ്’എന്നെഴുതിയ ടീഷർട്ടായിരുന്നു മറഡോണ ട്രിൻചെക്ക് സമ്മാനിച്ചത്.  

 

നട്മഗി​െൻറ ആശാൻ

കാൽപന്തുകളിക്കാരുടെ ആവേശമായ നട്മഗി​െൻറ (എതിരാളിയുടെ കാലുകൾക്കിടയിലൂടെ പന്ത് കടത്തിവിട്ട് വീണ്ടും കൈക്കലാക്കുന്ന വിദ്യ) തലതൊട്ടപ്പനായിരുന്നു ട്രിൻചെ. പൊതുവെ ലാറ്റിനമേരിക്കക്കാരുടെ ഇഷ്​ട കാൽപന്തു വിദ്യയായ ഇത് ഒരുനീക്കത്തിൽ രണ്ടുവട്ടം ചെയ്യുന്ന ഡബിൾ നട്മഗായിരുന്നു ട്രിൻചെയുടെ സ്പെഷലൈസേഷൻ. കളിക്കിടെ കാണികൾ ആവശ്യപ്പെട്ടതുപ്രകാരമാണ് ആദ്യമായി ഇതുപരീക്ഷിച്ചതെന്ന് ട്രിൻചെ ഒരിക്കൽ പറഞ്ഞിരുന്നു. പിന്നീട് ഇത് ട്രിൻചെ ഇടക്കിടെ പുറത്തെടുത്തു.


ട്രിൻചെക്ക് അർജൻറീനയിലാകെ ഹീറോ പരിവേഷം നേടിക്കൊടുത്ത കളിയായിരുന്നു 1974ൽ നടന്നത്. ലോകകപ്പിനൊരുങ്ങുന്ന അർജൻറീന ദേശീയ ടീം റൊസാരിയോയിൽ പരിശീലന മത്സരം കളിക്കാനെത്തുന്നു. റൊസാരിയോയിലെ വിവിധ ക്ലബുകളിലെ കളിക്കാരായിരുന്നു എതിർ ടീമിലുണ്ടായിരുന്നത്. ആദ്യ പകുതിയിൽ ദേശീയ ടീമിനെ നിഷ്പ്രഭരാക്കിയ ട്രിൻചെയും സംഘവും 3-0 ലീഡെടുത്തു. ദയനീയ തോൽവി ഒഴിവാക്കാൻ ഹാഫ്ടൈമിൽ ദേശീയ ടീം കോച്ച് ട്രിൻചെയെ രണ്ടാം പകുതിയിൽ ഇറക്കരുതെന്ന് അഭ്യർഥിച്ചു. തുടർന്ന് ട്രിൻചെയില്ലാതെ ഇറങ്ങിയ റൊസാരിയോ ഇലവനോട് 3-1നാണ് ദേശീയ ടീം മുട്ടുകുത്തിയത്. കഴിഞ്ഞയാഴ്ചയാണ് മോഷ്​ടാവി​​െൻറ ആക്രമണത്തിൽ ട്രിൻചെക്ക് തലക്ക് ഗുരുതരമായി പരിക്കേറ്റത്. രണ്ടുദിവസത്തിനുശേഷം അദ്ദേഹം മരണത്തിന് കീഴടങ്ങുകയും ചെയ്തു.

Loading...
COMMENTS