Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
ഓര്‍മകളില്‍ നിറയും കളിമൈതാനം
cancel

അത് ലറ്റിക് പരിശീലകനായി നിയമനം ലഭിച്ചപ്പോള്‍ കേരള സ്പോര്‍ട്സ് കൗണ്‍സില്‍ ആദ്യമായി എന്നെ നിയോഗിച്ചത് കോഴിക്കോട്ടേക്കായിരുന്നു. അന്ന് മാനാഞ്ചിറ മൈതാനമായിരുന്നു മലബാറിലെ  ഓട്ടക്കാരെയും ചാട്ടക്കാരെയും ഏറുകാരെയും വളര്‍ത്തിയെടുത്തിരുന്ന മികവിന്‍െറ കേന്ദ്രം. പ്രായം കുറഞ്ഞ പരിശീലകനായിരുന്നു അന്ന് ഞാന്‍. ഒപ്പമുള്ളത് പില്‍ക്കാലത്തു ദ്രോണാചാര്യന്‍ ആയിത്തീര്‍ന്ന ഒ.എം. നമ്പ്യാര്‍ എന്ന പ്രിയപ്പെട്ട നമ്പ്യാര്‍ സാര്‍. താമസം മാനാഞ്ചിറക്കരികിലെ  കിഡ്സണ്‍ ടൂറിസ്റ്റ് ഹോമിലായിരുന്നു. എന്നും വൈകീട്ട് മൂന്നരയാകുമ്പോള്‍  നമ്പ്യാര്‍ സാര്‍ ചെറിയ പെണ്‍കുട്ടിയുമായി മാനാഞ്ചിറയില്‍ എത്തും. പില്‍ക്കാലത്തു ഒളിമ്പ്യനും ഏഷ്യ കണ്ട ഏറ്റവും വലിയ അത്ലറ്റും  ആയിത്തീര്‍ന്ന സാക്ഷാല്‍ പി.ടി. ഉഷയായിരുന്നു നമ്പ്യാര്‍ സാറിനൊപ്പമുണ്ടായിരുന്ന കൊച്ചുമിടുക്കി. കൊയിലാണ്ടി ചെങ്ങോട്ടുകാവില്‍ കായിക അധ്യാപകനായിരുന്ന പദ്മനാഭന്‍ മാസ്റ്റര്‍ മക്കളായ ധനഞ്ജയ ദാസ്, ധര്‍മവൃതര്‍ എന്നിവരുമായി മുടങ്ങാതെ എത്തി.  മെഡിക്കല്‍ കോളജിന് സമീപം പൂവാട്ടുപറമ്പില്‍നിന്ന് തലയില്‍ ഒരു വട്ടക്കെട്ട് ഉണ്ടായിരുന്ന തുരുത്തിപ്പളളി മുഹമ്മദ്  എന്നയാള്‍ തീരെ ചെറിയ ഒരു മകളെയും കൂട്ടി വന്നിരുന്നു. ഉഷയുടെ എക്കാലത്തെയും അടുത്ത കൂട്ടുകാരിയായ ഈ കുട്ടിയും പിന്നീട് കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ ചരിത്രമായി. ഇതിനിടെയാണ് സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി ശങ്കരന്‍ നായരുടെ നിര്‍ദേശമത്തെുന്നത്. വേഗം കാലിക്കറ്റ് യൂനിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ ജിബോയ് തര്യന് മുന്നില്‍ റിപ്പോര്‍ട്ട് ചെയ്യുക, ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ അവിടെ  തുടരണം. പിന്നീട് കാലിക്കറ്റിന്‍െറ കായിക മികവിന്‍െറ  സുവര്‍ണ നാളുകളില്‍ ഞാനും പങ്കാളിയായി.

ഒന്നര വര്‍ഷം അതിഥി പരിശീലകനായി തുടര്‍ന്ന ശേഷമാണ് സര്‍വകലാശാലയുടെ അത്ലറ്റിക് കോച്ചായത്. അതിനു മുമ്പ് തന്നെ രാവും പകലും ചെലവഴിച്ചിരുന്ന ഇന്നത്തെ ഈ പ്രശസ്ത സ്റ്റേഡിയം എന്‍െറ എല്ലാമായിത്തീര്‍ന്നു. യൂനിവേഴ്സിറ്റിയുടെ പരിശീലകന്‍ ആയി എത്തിയപ്പോഴേക്കും ഉഷയും ആമിനയും ധനഞ്ജയ ദാസുമൊക്കെ പ്രീഡിഗ്രിക്കാരായി യൂനിവേഴ്സിറ്റിയില്‍ എത്തിയിരുന്നു.1979ലെ അഖിലേന്ത്യ അന്തര്‍ സര്‍വകലാശാല ജേതാക്കളായിട്ടായിരുന്നു അടുത്ത ഇന്‍റര്‍ യൂനിവേഴ്സിറ്റി മത്സരങ്ങള്‍ക്ക് പങ്കെടുത്തത്. പില്‍ക്കാലത്ത് ലോക അത്ലറ്റിക്സില്‍ത്തന്നെ സ്ഥാനമുറപ്പിച്ചിരുന്ന എം.ഡി. വത്സമ്മയും മേഴ്സി മാത്യുവും (മേഴ്സിക്കുട്ടന്‍ ) പ്രീഡിഗ്രി കഴിഞ്ഞതോടെ യൂനിവേഴ്സിറ്റിയോട് വിടപറഞ്ഞതു കാരണം  ടീമിനോടൊപ്പം ഉണ്ടായിരുന്നില്ല.  ഉഷയാകട്ടെ അസുഖമായതുകൊണ്ടു വന്നതുമില്ല. അന്ന് കിരീടം നഷ്ടമായി കാലിക്കറ്റിനു മടങ്ങേണ്ടിവന്നു.
തുടര്‍ന്ന് കാലിക്കറ്റിന്‍െറ നാളുകളായിരുന്നു. രാമചന്ദ്രന്‍, സുഭാഷ്ജോര്‍ജ്, ഇബ്രാഹീം ചീനിക്ക, ശശിധരന്‍,  ഫ്രാന്‍സിസ് ലൂയിസ് മേച്ചേരി, മുജീബുറഹ്മാന്‍, രാജന്‍ എന്നിവരൊക്കെ കാലിക്കറ്റിലെ ട്രാക്കില്‍ നിന്നും ഫീല്‍ഡില്‍ നിന്നും അന്താരാഷ്ട്ര തലത്തിലേക്ക് കുതിച്ചുയര്‍ന്നു. ഇന്ത്യന്‍ ടീമിലെ സ്ഥിര സാന്നിധ്യവും ആയി ഈ പുരുഷതാരങ്ങള്‍.

ഉഷക്ക് പിന്നാലെ  ലേഖ തോമസ്, റോസക്കുട്ടി, സാറാമ്മ, ആന്‍സി ജോസഫ്, രമണി, ബോബി അലോഷ്യസ് തുടങ്ങി എണ്ണിയാല്‍ ഒടുങ്ങാത്ത വനിതാ അത്ലറ്റുകളും ഞാന്‍ ഉണ്ടായിരുന്ന നാളുകളില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധികളായി. അതോടെ കേരളത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് കായികതാരങ്ങളുടെ ഒരു കുത്തൊഴുക്കായി.

ചീനിക്കയുടെ ഉയര്‍ച്ച
ഈ കളിക്കളത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ മായാതെ മനസ്സില്‍ തങ്ങി നില്‍ക്കുന്ന അനുഭവം ആണ് ഇബ്രാഹീം ചീനിക്ക എന്ന വയനാട്ടുകാരന്‍. ഉസ്മാന്‍കോയയുടെ ഫുട്ബാള്‍ ക്യാമ്പില്‍ സെലക്ഷന്‍ കിട്ടാതിരുന്ന കുഞ്ഞു ഇബ്രാഹീം ഒരിടത്തിരുന്നു ഉറക്കെ കരയുകയായിരുന്നു. നേരത്തെ അവന്‍െറ ഓട്ടം ഞാന്‍ ശ്രദ്ധിച്ചിരുന്നു. അത്ലറ്റിക് ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്‍പര്യം ഉണ്ടെങ്കില്‍ അവിടത്തെുടരുവാന്‍ അനുവദിക്കാമെന്ന് അറിയിച്ചു. പയ്യനാണെങ്കില്‍ ഫുട്ബാള്‍  വിട്ടൊരു കളിയുമില്ല. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ വയനാട്ടിലുള്ള മറ്റൊരു കായികതാരത്തിനൊപ്പം അവന്‍ എന്നെക്കാണാനത്തെി. അത്ലറ്റിക്  ക്യാമ്പില്‍ ഒരവസരം കൊടുക്കണം, കഴിയുമെങ്കില്‍ ഒഴിവു സമയത്തു പന്തുകളിക്കാന്‍ അനുവദിക്കണമെന്നുമായിരുന്നു ആവശ്യം.  അവിശ്വസനീയമായ ഒരു യാഥാര്‍ഥ്യത്തിന്‍െറ തുടക്കമായിരുന്നു അത്. ആ വര്‍ഷം ഇബ്രാഹീം യൂനിവേഴ്സിറ്റി ടീമില്‍ അംഗമായി. പിന്നീട് ഏഷ്യന്‍ അത്ലറ്റിക്സിനുള്ള ഇന്ത്യന്‍ ടീമില്‍ അംഗമായി. സോളില്‍ 800 മീറ്ററിന് മെഡല്‍ അടിച്ചെടുത്തു.  അക്കൊല്ലം തന്നെ ഇന്ത്യന്‍ റെയില്‍വേ തേടിപ്പിടിച്ചു ജോലിയും കൊടുത്തു. കഥയിലെ നായകനായ ഇബ്രാഹീം ചീനിക്ക ഇന്ന് കോഴിക്കോട് റെയില്‍വേയില്‍ ചീഫ് റിസര്‍വേഷന്‍ ഓഫിസറായുണ്ട്.

തുടര്‍ന്ന്  ഈ കളിക്കളത്തില്‍ പരിശീലിച്ചവര്‍ മാത്രമടങ്ങിയ കാലിക്കറ്റ് യൂനിവേഴ്സിറ്റി തുടര്‍ച്ചയായി എട്ടു തവണ അഖിലേന്ത്യ അന്തര്‍ സര്‍വകലാശാല അത്ലറ്റിക്സിലെ ജേതാക്കളായി. അക്കാരണം തന്നെയായിരുന്നു എനിക്ക് അന്നത്തെ ജി.ഡി.ആറില്‍ ബിരുദാനന്തര പഠനത്തിനും തുടര്‍ന്നു ഗവേഷണത്തിനും അവസരമൊരുക്കിയത്. ഇപ്പോള്‍ ഇന്ത്യയിലെതന്നെ ഏറ്റവും മനോഹരമായ ഒരു ട്രാക്ക് യാഥാര്‍ഥ്യമായിരിക്കുന്നു. അഭിമാനവും ആഹ്ളാദവും ആണ് മനസ്സില്‍.

Show Full Article
TAGS:kerala state athletic meet 
Next Story