ജോഫ്ര ആർച്ചർ: തീ പന്ത് തൊടുക്കുന്ന വില്ലാളി

ജോയൽ ജോർജ്
19:28 PM
23/08/2019

ആൻഡി റോബർട്ട്സും ലില്ലിയും വസീമും ലീയും കുലപതികളായിരുന്ന ആക്രമണ ബോളിങ്ങിൻെറ പുതിയ മുഖമാണ് ജോഫ്ര എന്ന ആർച്ചർ ഇംഗ്ലീഷ് പേസർ. എതിരാളിയുടെ സകല വീര്യത്തെയും അടക്കാനുള്ള, സകല വിശ്വാസത്തെയും തകർക്കാനുള്ള ശൗര്യം കൂടി ചേർത്താണ് ആർച്ചറുടെ ഓരോ പന്തും പിച്ചിൽ ബൗൺസ് ചെയ്യുന്നത്. ഇംഗ്ലണ്ട് ക്രിക്കറ്റ് അടുത്ത കാലത്ത് നടത്തിയ ഏറ്റവും നിർണായക നീക്കങ്ങളിൽ ഒന്നായിരുന്നു നിയമങ്ങൾ ഭേദഗതി വരുത്തി ഈ കരീബിയൻ കുതിരയെ സ്വന്തം തട്ടകത്തിലെത്തിച്ചത്. അതിന് ആർച്ചർ പകരം നൽകിയത് ഒരു ലോകകിരീടം തന്നെയായിരുന്നു. ക്രിക്കറ്റിൻെറ തലതൊട്ടപ്പന്മാർക്ക് ഇതുവരെ തൊടാൻ സാധിക്കാതെ പോയ ലോകകിരീടം.


കരീബിയൻ ദ്വീപായ ബാർബഡോസിൽ 1995 ഏപ്രിൽ ഒന്നിനാണ് ജോഫ്ര എന്ന ജോഫ്ര കയോക്ക് ആർച്ചറുടെ ജനനം. ഇംഗ്ലീഷ് കാരനായ പിതാവിനും ബജാൻകാരിയായ അമ്മയ്ക്കും ഒപ്പം ബാർബഡോസിലെ ബ്രിഡ്ജ് ടൗണിലായിരുന്നു ആർച്ചറുടെ ബാല്യം. ക്രിക്കറ്റ് രക്തത്തോട് അലിഞ്ഞ് ചേർന്ന ഏതൊരു വിൻഡീസ്കാരൻെറയും സ്വഭാവത്തിനൊപ്പം അടങ്ങാത്ത തൃഷ്ണയും ആർച്ചറെന്ന ബാല്യത്തിൽ ക്രിക്കറ്റിൻെറ വിത്തുകളിട്ടു. രാജ്യന്തര ക്രിക്കറ്റ് സ്വപ്നം കണ്ടു തന്നെയാണ് അയാൾ വളർന്നതും.

ആഗ്രഹത്തിൻെറ ആദ്യ പടിയെന്ന നിലയിൽ വെസ്റ്റ് ഇൻഡീസ് അണ്ടർ 19 ടീമിൽ അരങ്ങേറ്റം. വെസ്റ്റ് ഇൻഡീസ് വളർത്തിയെടുത്ത ബാറ്റിങ് ഓൾറൗണ്ടർമാരുടെ ഗണത്തിൽ തന്നെയായിരുന്നു ജോഫ്ര ആർച്ചറും. ബോളിങ് എൻഡിലും ബാറ്റിങ് എൻഡിലും തിളങ്ങാൻ സാധിക്കുന്ന താരം. 2014ൽ വിൻഡീസ് അണ്ടർ 19 ടീമിൻെറ ഭാഗമായ ആർച്ചർ കിട്ടിയ മൂന്ന് അവസരവും മുതലാക്കി. എന്നാൽ ലോകകപ്പ് ടീമിലേക്ക് ആർച്ചറെ വിൻഡീസ് ക്രിക്കറ്റ് അധികൃതർ പരിഗണിച്ചില്ല. പിന്നാലെ പരിക്കും വില്ലനായതോടെ ആർച്ചർ വിൻഡീസ് ക്രിക്കറ്റിലെ അപരിചിതനായി.

jofra-archer-15-7-19.jpg


ബ്രിട്ടീഷ് പൗരത്വം കൂടിയുള്ള ജോഫ്ര ആർച്ചർ ചുവട് മാറ്റി, പിതാവിനൊപ്പം ഇംഗ്ലണ്ടിലേക്ക്. ഇംഗ്ലണ്ട് ദേശീയ ടീമിനായി കുപ്പയമണിയുക എന്ന ആഗ്രഹമായി പിന്നീട്. ഇതിന് വഴികാട്ടിയായത് ഇംഗ്ലണ്ടിനായി കളിക്കുന്ന കരീബിയൻ വംശജൻ ക്രിസ് ജോർദ്ദാൻ. ബാർബഡോസിലെ നെറ്റ്സിൽ ആർച്ചറുടെ പന്തുകൾക്ക് മുന്നിൽ നിലച്ചുനിന്ന ജോർദ്ദാൻ, താരത്തെ സസക്സ് കൗണ്ടിക്ക് പരിചയപ്പെടുത്തി. സസക്സിൻ്റെ ട്രയൽസിൽ പങ്കെടുത്ത ജോഫ്രയെ അവർ ടീമിലെടുത്തു. ഇവിടെയും കിട്ടിയ അവസരം മുതലാക്കിയ ആർച്ചർ തീപാറും പന്തുകളുമായി ഇംഗ്ലണ്ടിലെ മൈതാനങ്ങൾക്ക് ചൂടുപകർന്നു. 2016ൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച  ആർച്ചർ 2017ല്‍ സസ്ക്സിനായി 61 വിക്കറ്റാണ് പിഴുതത്.

എന്നാൽ ഇംഗ്ലണ്ടിൻെറ ദേശീയ ടീമിലെത്തുക ആർച്ചറിന് അത്ര എളുപ്പമല്ലായിരുന്നു. മൈതാനത്ത് മിന്നും പ്രകടനം നടത്തിയ താരത്തെ അവിടെ തടഞ്ഞത് നിയമത്തിൻെറ നൂലമാലകളായിരുന്നു. ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡിൻെറ ചട്ടമനുസരിച്ച് ഏഴ് വർഷം ആ രാജ്യത്ത് താമസിച്ചാൽ മാത്രമേ ഇംഗ്ലണ്ടിനായി മത്സരിക്കാൻ സാധിക്കൂ. അതായത് 2015ൽ ഇംഗ്ലണ്ടിലെത്തിയ ആർച്ചർക്ക് 2022 വരെ ഇംഗ്ലീഷ് അരങ്ങേറ്റത്തിനായി കാത്തിരിക്കണം. എന്നാൽ ആർച്ചറുടെ കഴിവിൽ അത്രത്തോളം പ്രതീക്ഷ കാത്ത ഇംഗ്ലീഷ് ടീം, 2019 ൽ സ്വന്തം നാട്ടിൽ നടക്കുന്ന ലോകകപ്പ് മോഹിച്ച ഇംഗ്ലീഷ് ടീം ചട്ടങ്ങളിൽ ഭേദഗതി വരുത്തി. 2018 നവംബറിൽ ഏഴ് വർഷത്തിൽ നിന്ന് മൂന്ന് വർഷമായി കാലയളവ് ചുരുക്കി. ഇതോടെ ആർച്ചറെ ടീമിലെത്തിക്കാനുള്ള വഴി തുറന്നു.


ഈ കാലയളവിനുള്ളിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും ഫ്രാഞ്ചൈസി ക്രിക്കറ്റിലുമായി ആർച്ചർ തൻെറ കരിയർ വളർത്തിയെടുത്തിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിൻെറ ഭാഗമായ ആർച്ചർ 2018 സീസണിൽ മുബൈ ഇന്ത്യൻസിനെതിരെ ഐ.പി.എൽ അരങ്ങേറ്റം കുറിച്ചു. ആ മത്സരത്തിൽ മൂന്ന് വിക്കറ്റ് നേട്ടവുമായി കളിയിലെ താരമായും ആർച്ചർ തിരഞ്ഞെടുക്കപ്പെട്ടു. റെക്കോർഡ് തുകക്കായിരുന്നു ആർച്ചർ ഇന്ത്യൻ പ്രീമിയർ ലീഗിൽ എത്തിയത്. ഇംഗ്ലണ്ടിലെ വൈറ്റാലിറ്റി ബ്ലാസ്റ്റ് ലീഗിൽ അവസാന ഓവറിൽ ഹാട്രിക് നേടി കുട്ടിക്രിക്കറ്റിൽ തൻെറ റോളെന്തെന്നു താരം അടിവരയിട്ടു. ബംഗ്ലദേശിലെ ഖുൽന ടൈറ്റൻസ്, ഓസ്ട്രേലിയയിലെ ഹോബാർട്ട് ഹരിക്കേൻസ്, പാക്കിസ്ഥാനിലെ ക്വറ്റ ഗ്ലാഡിയേറ്റേഴ്സ് എന്നീ ടീമുകൾക്കു വേണ്ടിയും താരം കളിച്ചിട്ടുണ്ട്.


അയൽക്കാരായ അയലണ്ടിനെതിരെ 2019 മേയ് മൂന്നിനായിരുന്നു ഇംഗ്ലണ്ട് ദേശീയ ടീമിനായുള്ള ആർച്ചറുടെ അരങ്ങേറ്റം. ലോകകപ്പിന് മുന്നോടിയായി നടന്ന സന്നാഹ മത്സരങ്ങളിലും തിളങ്ങിയതോടെ സാധ്യത ടീമിൽ നിന്ന് അന്തിമ ടീമിലേക്ക് ഇംഗ്ലണ്ട് ബോർഡ് ആർച്ചർക്ക് പ്രവേശനം നൽകി. ലോകകപ്പ് ഫൈനലിലെ സൂപ്പർ ഓവർ ഉൾപ്പടെ നിർണായകമായ പല വിജയങ്ങളിലും ആർച്ചർ കാരണമായി. പാക്കിസ്താനെതിരായ മത്സരത്തിലൂടെ രാജ്യാന്തര ടി20 ക്രിക്കറ്റിലും ആർച്ചർ എത്തി.വിശ്വവിഖ്യാതമായ ആഷസ് ടെസ്റ്റ് പരമ്പരയിലാണ് ജോഫ്രാ ആർച്ചറുടെ ടെസ്റ്റ് അരങ്ങേറ്റം. ആഷസിലെ രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ട് ടീമിൻെറ ഭാഗമായ ആർച്ചർ അഞ്ച് വിക്കറ്റുകളും സ്വന്തമാക്കി. ആദ്യ മത്സരം നഷ്ടമായ ഇംഗ്ലണ്ട് രണ്ടാം മത്സരം സമനിലയിൽ അവസാനിപ്പിക്കുകയും ചെയ്തു.


രണ്ടാം മത്സരം രണ്ട് താരങ്ങളിലായി ചുരുങ്ങി എന്ന് പറയാം. മരണ ബൗൺസർ എറിഞ്ഞ ജോഫ്ര ആർച്ചറുടെയും ഏറുകൊണ്ട സ്റ്റീവ് സ്മിത്തിൻെറയും. രണ്ടാം ടെസ്റ്റിൻെറ നാലാം ദിനം ജോഫ്ര ആര്‍ച്ചറുടെ ബൗണ്‍സര്‍ കഴുത്തിലിടിച്ച് പരുക്കേറ്റ സ്മിത്ത് നിലതെറ്റി വീഴുകയായിരുന്നു. ആ പന്തിനേക്കാൾ താരം പഴിക്കേട്ടത് നിലത്തുവീണ സ്മിത്തിനെ ഒന്ന് ഗൗനിക്കുക പോലും ചെയ്യാതെ തിരിഞ്ഞുനടന്നുപോയ മനോഭാവത്തിനായിരുന്നു. സ്മിത്ത് നിലത്ത് വീണ് കിടക്കുമ്പോള്‍ നോക്കി ചിരിക്കുന്ന ആര്‍ച്ചറുടേയും ജോസ് ബട്‌ലറുടേയും ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാൽ ഇത് സ്മിത്ത് വീണു കിടക്കുന്ന സമയത്തെ ചിത്രം തന്നെയാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

മണിക്കൂറില്‍ 145 മുതല്‍ 150 കിലോമീറ്റര്‍ വരെ വേഗതയിൽ വരെ പന്തെറിയാൻ സാധിക്കുന്ന താരമാണ് ആർച്ചർ. ഒരു പേസറുടെ കൃത്യതക്കും വേഗതക്കുമൊപ്പം ആർച്ചറുടെ പ്രതിഭയുടെ മൂല്യം വർധിപ്പിക്കുന്നത് അനായാസം വഴങ്ങുന്ന കൈക്കുഴയാണ്. വേഗതയുടെ കാര്യത്തിൽ സമകാലിന താരങ്ങളിൽ മുൻനിരയിൽ തന്നെയാണ് ആർച്ചറും. 146.9 കിലോമീറ്റര്‍ വേഗത്തിലെത്തിയ പന്താണ് സ്മിത്തിനെ നിലത്ത് വീഴ്ത്തിയത്. സ്മിത്ത് മാത്രമല്ല മാർന്നസിനും കിട്ടി ആർച്ചറുടെ ബൗൺസർ ഹിറ്റ്.


ബാറ്റിങ്ങിലും തിളങ്ങാൻ സാധിക്കുന്ന ഓൾറൗണ്ടറാണ് ജോഫ്രാ ആർച്ചർ. നിർണായക ഘട്ടത്തിൽ ബൗണ്ടറികൾ കണ്ടെത്താൻ സാധിക്കുന്ന താരം. ബാറ്റിങ്ങിൽ കാര്യമായ ശ്രദ്ധിക്കുന്നില്ലെങ്കിലും വേണ്ടി വന്നാൽ തിളങ്ങാൻ ആർച്ചറിനാകും. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഉൾപ്പടെ നമ്മളിത് കണ്ടതാണ്. കഴിഞ്ഞ സീസണിൽ കൊൽക്കത്തക്കെതിരെ രാജസ്ഥാൻ റോയൽസ് നേടിയ ജയം മാത്രം മതി അതിന് ഉദാഹരണമായി.

എതിരാളികളുടെ ആരാച്ചാരാകാൻ കഴിയുന്ന ആർച്ചറുടെ ഈ മികവ് തന്നെയാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നതും. ആർച്ചറെ നേരിടുന്നത് ബോക്സിങ് റിങ്ങിലായിരിക്കുന്നത് പോലെയാണെന്നാണ് ഇംഗ്ലീഷ് ഇതിഹാസം മൈക്കിൾ വോൺ പറഞ്ഞത്. സ്മിത്തിനെ തിരിഞ്ഞ് നോക്കാതെ പോയ ആർച്ചർ വിമർശിക്കപ്പെടുമ്പോഴും മൈതാനത്ത് തീപന്ത് തുടുക്കുന്ന ഈ 'വില്ലാളി'യെ ക്രിക്കറ്റ് ലോകം അംഗീകരിച്ചു കഴിഞ്ഞു. ഇനി ഇതിഹാസത്തിലേക്കുള്ള വളർച്ചയാണ്. വരും നാളുകളിലും ക്രിക്കറ്റിൽ ഏറ്റവും അധികം ചർച്ച ചെയ്യപ്പെടുന്ന ബോളർ ആർച്ചറായിരിക്കും.

Loading...
COMMENTS