Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightഒരേയൊരു ഐ.എം വിജയൻ

ഒരേയൊരു ഐ.എം വിജയൻ

text_fields
bookmark_border
_vijayan
cancel

ഐ.എം വിജയൻ, ആ പേര് കേൾക്കാത്ത മലയാളി ഉണ്ടാവില്ല. ഇന്നും കളിക്കളങ്ങളെ ആവേശത്താൽ ഇളക്കി മറിക്കാൻ കഴിയുന്ന പ്രതി ഭ. തീക്ഷ്ണമാ‍യ ജീവിതാനുഭവങ്ങളെ പിറകോട്ടു തട്ടി ഇന്ത്യൻ ഫുട്ബാൾ ടീമിൻറെ നായകനിലേക്ക് വളർന്നയാൾ. കളി മൈതാനങ്ങള ിൽ കാലം മായ്ക്കാത്ത കാൽപ്പാടുകൾ പതിപ്പിച്ച് അന്താരാഷ്ട്ര ഫുട്ബാളിനോട് വിടപറഞ്ഞിട്ടും അയനിവളപ്പിൽ മണി വിജയൻ നമുക്കിടയിലുണ്ട്. സെവൻസ് പാടങ്ങളിലും പൂരപ്പറമ്പുകളിലും താരജാഡകളില്ലാതെ വിജയനെക്കാണാം. കളിക്കാരനായും പൊലീസു കാരനായും സിനിമാ നടനായും നിറഞ്ഞുനിൽക്കുന്ന പ്രിയ താരത്തിന് 51 വയസ്സ് തികഞ്ഞു. താരമായും പരിശീലകനായും ഇപ്പോഴും കേ രള പൊലീസ് ടീമിൽ നിറഞ്ഞു നിൽക്കുന്നു ഇതിഹാസം.

കോലോത്തും പാടത്തെ പട്ടിണിക്കോലങ്ങൾ

തൃശൂർ കോർപറേഷ ൻ സ്റ്റേഡിയത്തിന് സമീപത്തെ കോലോത്തുംപാടം കോളനിയിലേക്ക് തിരിഞ്ഞുനടക്കാം. അവിടുത്തെ ഓലക്കുടിലുകളിലൊന്നിൽ അയന ിവളപ്പിൽ മണിയെന്ന കൂലിപ്പണിക്കാരൻറെ രണ്ട് ആൺമക്കളിൽ ഇളയവനായാണ് ജനനം. പാട്ടുരായ്ക്കൽ ജങ്​ഷനിലെ കൃഷ്ണഭവൻ ഹോട് ടലിലെ തൊഴിലാളിയായിരുന്നു മണി. വിറക് വെട്ടിക്കൊടുക്കലായിരുന്നു പണി. എല്ലാ ദിവസവും പണിയുണ്ടാവില്ല. നാല് വയറുകൾ കഴിയാൻ അച്ഛൻറെ ജോലി പോരായിരുന്നു.
ജന്മിയുടെ ഭൂമിയിൽ കൃഷിപ്പണിയായിരുന്നു അമ്മ കൊച്ചമ്മുവിന് ആദ്യം. ജന്മി ഭ ൂമി വിറ്റപ്പോൾ ആക്രി പെറുക്കലായി. 'ഞങ്ങളെ വളർത്താൻ ഈ തൃശൂരങ്ങാടി മുഴുവൻ അമ്മ ആക്രി പെറുക്കി നടന്നിട്ടുണ്ടെന്ന ്' പറയുമ്പോൾ വിജയൻറെ കണ്ണുനിറയും. കുപ്പിയും പാട്ടയും പെറുക്കി പട്ടാളം മാർക്കറ്റിൽ കൊണ്ടുപോയി വിൽക്കും. ആ വരുമാനവും കൂടി ചേർത്താണ് പട്ടിണി മാറ്റിയത്. ഉച്ചക്ക് തേക്കിൻകാട് മൈതാനത്ത് അമ്മ ഇതെല്ലാം കെട്ടിപ്പെറുക്കിയിരിക്കുന്നുണ്ടാവും. എല്ലാം വിറ്റ് അമ്മയെത്താൻ രാത്രി എട്ടുമണിയാകും. പാലസ് ഗ്രൗണ്ടിലും പരിസരത്തുമൊക്കെയായി പന്തുകളിച്ച് നടക്കുന്നുണ്ടാവും വിജയൻ. പിന്നെ കൃഷ്ണഭവൻ ഹോട്ടലിനു മുന്നിൽ വിജയനും ജ്യേഷ്ഠൻ ബിജുവും ക്ഷീണിച്ചു അവശയായി വരുന്ന അമ്മയെ കാത്തിരിക്കും. ഭക്ഷണപ്പൊതിയുണ്ടാവും അമ്മയുടെ കൈയിൽ.

im-vijayan-23

റേഷൻ കടയിലേക്ക് അരി വാങ്ങാൻ പോയതായിരുന്നു അച്ഛൻ. വിജയൻ അന്ന് അഞ്ചാം ക്ലാസിൽ പഠിക്കുന്നു. കടക്കാരൻ പറഞ്ഞപ്പോഴാണ് കാർഡ് മാറിയെടുത്ത വിവരം അറിയുന്നത്. സൈക്കിളിൽ തിടുക്കപ്പെട്ട് വീട്ടിലേക്ക് മടങ്ങുമ്പോൾ ബസ്സിടിക്കുകയായിരുന്നു. തൃശൂർ ആശുപത്രിയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോവാൻ പറഞ്ഞു. പിറ്റേന്ന് രാത്രി മണി മരിച്ചു. വലിയ ഷോക്കായിരുന്നു ഇവർക്ക് അച്ഛൻറെ മരണം. അതോടെ കുടുംബഭാരം മുഴുവൻ അമ്മയുടെ ചുമലിലായി. വിജയനും ഏട്ടനും കൂലിപ്പണിക്ക് പോവാൻ തുടങ്ങി.

സി.എം.എസ് സ്കൂളിൽ അഞ്ചാം ക്ലാസിൽ അഞ്ച് കൊല്ലം തോറ്റിട്ടുണ്ട് വിജയൻ. പാഴ്ത്തുണി കൊണ്ട് പന്തുണ്ടാക്കി കോളനിയിലെ കുട്ടികൾക്കൊപ്പം കളി തുടങ്ങി. പഠിത്തത്തിൽ സീറോ ആയിരുന്നെങ്കിലും ഫുട്ബാൾ കളിച്ച് ഹീറോയായി. സി.എം.എസിലായിരിക്കെ ജില്ലാ, സംസ്ഥാന തല സ്കൂൾ മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. ജോസ് പറമ്പനാണ് വിജയനിലെ ഫുട്ബാൾ താരത്തെ ആദ്യം തിരിച്ചറിയുന്നത്. മൂന്ന് വർഷ ക്യാംപിൽ എന്നെ ചേർത്തത് അദ്ദേഹമാണ്. മുൻ അന്താരാഷ്ട്ര താരം ടി.കെ ചാത്തുണ്ണിയായിരുന്നു ക്യാംപിലെ കോച്ച്. 1987ൽ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾത്തന്നെ കേരള പൊലീസിൽ ജോലി കിട്ടി. ഡി.ജി.പി കെ.ജെ ജോസഫിനായിരുന്നു പൊലീസ് ടീമിൻറെ ചുമതല. അന്ന് പതിനേഴര വയസ്സാണ് പ്രായം. ആറ് മാസം ഗസ്റ്റ് കളിച്ചു. 18 തികഞ്ഞപ്പോൾ പൊലീസിലും ടീമിലും ഔദ്യോഗികമായി ചേർന്നു. അങ്ങിനെയാണ് ഐ.എം വിജയൻ പൊലീസ് ആവുന്നത്.

im-vijayan

കേരളം-കൊൽക്കത്ത-ഗോവ-ഇന്ത്യ

ഒരു കാലത്ത് വിജയനടക്കം ഇന്ത്യൻ ടീമിലെ പകുതി താരങ്ങളും പൊലീസിൽ നിന്നുള്ളവരായിരുന്നു. 1991ലാണ് കൊൽക്കത്തയിലേക്ക് വണ്ടി കയറുന്നത്. മോഹൻ ബഗാനായിരുന്നു അവിടെ ആദ്യ ടീം. പിറ്റേ വർഷം പൊലീസിൽ മടങ്ങിയെത്തി. 1993ൽ കുരികേശ് മാത്യൂ നയിച്ച കേരളം കൊച്ചിയിൽ സന്തോഷ് ട്രോഫി കിരീടം നേടുമ്പോൾ വിജയൻ ടീമിലുണ്ടായിരുന്നു.1993ൽ വീണ്ടും ബഗാനിൽപ്പോയി. പിന്നെ പഞ്ചാബിലെ ഫഗ്വാര ജെ.സി.ടി മിൽസിലേക്ക്. 1997ലാണ് കേരളത്തിലേക്ക് രണ്ടാം വരവ്. ഇക്കുറി എഫ്.സി കൊച്ചിനിൽ. 1998ൽ വീണ്ടും ബഗാനിലേക്ക്. ഒരു സീസണിന് ശേഷം എഫ്.സി കൊച്ചിലേക്ക് തന്നെ മടങ്ങി. അടുത്ത നാല് വർഷം ഈസ്റ്റ് ബംഗാളിലും ജെ.സി.ടിയിലുമായി ചെലവഴിച്ചു. 2004ൽ ഗോവ ചർച്ചിൽ ബ്രദേഴ്സി​െൻറ വിളിയെത്തി. പിറ്റേ വർഷം വീണ്ടും കൊൽക്കത്തയിൽ, ഈസ്റ്റ് ബംഗാളായിരുന്നു ടീം.

ഏത് ടീമിലാണെങ്കിലും ഐ.എം വിജയനെന്ന താരത്തെ മലയാളികൾ നെഞ്ചോട് ചേർത്തിരുന്നുവെന്ന് നാഗ്ജി കളിക്കാൻ കോഴിക്കോട് വന്നപ്പോൾ അനുഭവിച്ചറിഞ്ഞു. മോഹൻ ബഗാന് വേണ്ടി പൊലീസ് ടീമിനെതിരെ ഇറങ്ങിയപ്പോൾ ലഭിച്ച കൈയടികൾ ഇന്നും ഉള്ളിൽ മുഴങ്ങുന്നുണ്ടെന്ന് വിജയൻ. 1990ലാണ് ഇന്ത്യൻ ടീമിലെത്തുന്നത്. തുടർച്ചയായി 13 വർഷം കളിച്ചു. എത്രയോ ഇതിഹാസ താരങ്ങൾക്കൊപ്പം പന്ത് തട്ടി. ക്യാപ്റ്റനായി. ബൈച്യുങ്ങുമൊത്തുണ്ടാക്കിയ സ്ട്രൈക്കിങ് പാർട്ണർഷിപ്പ് ഇന്ത്യൻ ടീമിന് വലിയ ഗുണം ചെ‍യ്തു. 1999 സാഫ് ഗെയിംസിൽ ഭൂട്ടാനെതിരെ 12ാം സെക്കൻഡിൽ ഗോളടിച്ച് ലോക റെക്കോഡിട്ടത് ജീവിതത്തിലെ അഭിമാന മുഹൂർത്തങ്ങളിലൊന്നാണ്. 1993, 1997, 1999 മൂന്ന് വട്ടം ഇന്ത്യൻ ഫുട്‍ബാളറാവാൻ കഴിഞ്ഞു. അർജുന പുരസ്കാരം ലഭിച്ചു. 2003 ൽ രാജ്യത്തിന് വേണ്ടി അവസാനം കളിക്കുമ്പോൾ വയസ്സ് 34. ആഫ്രോ ഏഷ്യൻ ഗെയിംസിൽ ടോപ് സ്കോററായാണ് വിരമിച്ചത്. ഉസ്ബെക്കിസ്താനെതിരെയായിരുന്നു കരിയറിലെ ലാസ്റ്റ് മാച്ച്. ആ ജഴ്സിയും മെഡലും ചില്ലുകൂട്ടിൽ സൂക്ഷിച്ചിട്ടുണ്ട്. 80 ഓളം മത്സരങ്ങൾ, 40ലധികം അന്താരാഷ്ട്ര ഗോളുകൾ.

im-vijayan-ingratution



കഥ തുടരുന്നു

ജയരാജാണ് സിനിമയിലേക്ക് കൊണ്ടുവരുന്നത്. വിജയനെ പ്രധാന റോളിൽ അഭിനയിപ്പിച്ച് 'ശാന്തം' 2001ൽ റിലീസ് ചെയ്തു. വേലായുധൻ എന്നായിരുന്നു കഥാപാത്രത്തി​െൻറ പേര്. സിനിമക്ക് കുറേ അംഗീകാരങ്ങൾ ലഭിച്ചു. കലാഭവൻ മണിക്കൊപ്പമായിരുന്നു പിന്നെ. മലയാളത്തിലും തമിഴിലുമായി 15ഓളം സിനിമകൾ ചെയ്തു. ഇപ്പോഴും സിനിമകളിൽ അഭിനയിച്ചുകൊണ്ടിരിക്കുന്നു. വിജയനിലൂടെ കേരളത്തിൻറെയും ഇന്ത്യയുടെയും കാൽപ്പന്ത് ചരിത്രം രേഖപ്പെടുത്തി 1998ൽ ചെറിയാൻ ജോസഫ‌് ‘കാലോ ഹിരൻ' എന്ന ബയോഗ്രാഫിക്കൽ ഫിലിം ചെയ്തു. ബയോപിക്കും വരുന്നുണ്ട്. റിലീസാവാനിരിക്കുന്ന ആനപ്പറമ്പിലെ ലോകകപ്പ് എന്ന ചിത്രത്തിൽ പ്രധാന റോൾ ചെയ്തു.

25ാം വയസ്സിൽ വിജയൻറെ നല്ല പാതിയായി രാജി എന്ന പെൺകുട്ടി ജീവിതത്തിലേക്ക് വന്നു. ഇപ്പോള്‍ അര്‍ച്ചനയുടെയും ആരോമലിന്‍െറയും അഭിരാമിയുടെയും അച്ഛനമ്മമാരാണിവർ. അർച്ചന വിവാഹിതയും അമ്മയുമായി. പേരക്കുട്ടി അഥീവയുടെ കൊഞ്ചലും ചിരിയും കളിയുമൊക്കെയാണ് ഇപ്പോൾ വീട്ടിലെ ലോകം. 2015ൽ അമ്മ കൊച്ചമ്മുവും വിട്ടുപിരിഞ്ഞു. കഴിഞ്ഞ ഡിസംബറിൽ മറ്റൊരു തീരാനഷ്ടവും വിജയൻറെ ജീവിതത്തിലുണ്ടായി. ജ്യേഷ്ഠൻ ബിജു വാഹനാപകടത്തിൽ മരിച്ചു. ഇപ്പോൾ കേന്ദ്ര കായിക മന്ത്രാലയത്തി​െൻറ നിരീക്ഷകരിലൊരാളും സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗവുമാണ് വിജയൻ. തൃശൂർ ലാലൂരിൽ നിർമിക്കുന്ന സ്പോർട്സ് കൗൺസിലിന് വിജയൻറെ പേരിട്ട് അദ്ദേഹത്തെ ആദരിക്കുക‍യാണ് സർക്കാർ.

IM-Vijayan-4

51ലും മൈതാനത്തുണ്ട്

ജീവിതമെന്നാൽ ഫുട്ബാളാണ്. വിശപ്പായിരുന്നു ഏറ്റവും വലിയ പ്രശ്നം. 1982ല്‍ തൃശൂർ സ്റ്റേഡിയത്തില്‍ സന്തോഷ് ട്രോഫി മത്സരങ്ങൾ നടക്കുമ്പോള്‍ സ്റ്റേഡിയത്തില്‍ പത്തു പൈസ കമീഷനിൽ സോഡ വിറ്റ് നടക്കുകയായിരുന്നു. കാലം അറിയപ്പെടുന്ന ഫുട്ബാളറാക്കി. കളി മൈതാനങ്ങൾ കാൽക്കീഴിൽ വന്നു. ആരോഗ്യം അനുവദിക്കുന്നിടത്തോളം ഇനിയും കളിക്കുമെന്നാണ് വിജയൻ പറയുന്നത്. ഇപ്പോഴും പൊലീസ് ടീമിൻറെ ഭാഗമാണ്. പിള്ളേർക്ക് കളി പറഞ്ഞു കൊടുക്കൽ മാത്രമല്ല അവസരം കിട്ടുമ്പോഴെല്ലാം ഇറങ്ങും. മലപ്പുറത്ത് നടന്ന ദേശീയ പൊലീസ് ഫുട്ബാളിൽ കേരള പൊലീസിന് വേണ്ടി വിജയൻ മൈതാനത്തിറങ്ങിയിരുന്നു. പകുതി പോലും പ്രായമില്ലാത്ത ചെറുപ്പക്കാർ പലപ്പോഴും ഇതിഹാസതാരത്തിൻറെ പ്രതിഭക്ക് മുന്നിൽ നിഷ്പ്രഭരായ കാഴ്ച. കേരള പ്രീമിയർ ലീഗിലും പൊലീസിന് വേണ്ടി വിജയൻ കളത്തിലിറങ്ങി.

കാലിൽ ഫുട്ബാളുണ്ടെങ്കിൽ പ്രാ‍യം പ്രശ്നമല്ലെന്നാണ് അഭിപ്രായം. വാശിയും കളി ജയിക്കുമ്പോഴുള്ള ത്രില്ലും ഒട്ടും കുറഞ്ഞിട്ടില്ല. കേരളം മുഴുവന്‍ സെവന്‍സ് കളിച്ചിട്ടുണ്ട്. തൃശൂരിലെ പ്രമുഖ ടീമുകളായ ശാസ്ത മെഡിക്കൽസ്, ജയ ബേക്കറി, ആലുക്കാസ്, ജിംഖാന, മലപ്പുറത്തെ സൂപ്പർ സ്റ്റുഡിയോ, കുരിക്കൾ പൈപ്പ് ലൈൻസ് മഞ്ചേരി, കെ.ആർ.എസ് കോഴിക്കോട്, ഹണ്ടേഴ്സ് കൂത്തുപറമ്പ് തുടങ്ങി എത്രയോ ടീമുകളുടെ ജഴ്സിയണിഞ്ഞു. സെവന്‍സിനെയോ അതിൽ കളിക്കുന്നവരെയോ കുറ്റം പറയാൻ വിജയനില്ല.
കേരളത്തില്‍ എന്നും താരങ്ങൾ ഉണ്ടായിട്ടുള്ളത് സെവന്‍സിലൂടെയാണ്. പലരും ജീവിക്കുന്നതും ഇതുകൊണ്ടാണ്.

vijayan

ഇതുപോലൊരാൾ ഇനിയുണ്ടാവില്ല

ഫുട്ബാളും സിനിമയും കഴിഞ്ഞാൽ എൻറെ പേരിനെ ചുറ്റിപ്പറ്റി പറഞ്ഞു കേൾക്കുന്ന മറ്റൊരു സംഗതിയാണ് രാഷ്ട്രീയം. തെരഞ്ഞെടുപ്പ് കാലങ്ങളിൽ സ്ഥാനാർഥിയായേക്കുമെന്നെല്ലാം പത്രങ്ങൾ എഴുതാറുണ്ട്. ഐ.എം വിജയൻ എന്ന വലിയ കുഴപ്പമില്ലാത്തൊരു പേരുണ്ടിപ്പോൾ. അത് രാഷ്ട്രീയത്തിലിറങ്ങി കളയണ്ട എന്നാണ് തീരുമാനം. ഇപ്പോൾ നല്ലൊരു ജോലിയുണ്ട്. പൊലിസിൽ നിന്ന് റിട്ടയർ ചെയ്താലും ഫുട്ബാളിലും സിനിമയിലും തുടരും. അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് വിരമിച്ചിട്ട് 17 വർഷമായി. കരിയറിൽ ഇത് എക്സ്ട്രാ ടൈമാണ്. ഇപ്പോഴും 20 കാരൻറെ ചുറുചുറുക്കിൽ കളിക്കാൻ കഴിയുന്നു. കാലിനും കാലത്തിനുമപ്പുറം ഐ.എം വിജയൻ നന്ദി പറയുന്നത് ദൈവത്തിനാണ്. ഇതുപോലൊരാൾ ഇനിയുണ്ടാവില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:im vijayanmalayalam newssports newsWeb Special
News Summary - IM Vijayan birthday-Sports news
Next Story