അവസാന നാലിൽ ആരൊക്കെ..?

ടി.എ. ഷിഹാബ്
10:43 AM
24/06/2019
india-1

സെമിയുടെ പടിവാതിക്കൽ ന്യൂസിലൻഡും ആസ്ട്രേലിയയും, ഒരുജയമകലെ സെമി സ്വപ്നം കണ്ട് ഇന്ത്യ, കൈയാലപ്പുറത്തെ തേങ്ങപോലെ ഇംഗ്ലണ്ട്, കണക്കിലെ കളിയിൽ പ്രതീക്ഷയർപ്പിച്ച് പാകിസ്താനും ശ്രീലങ്കയും ബംഗ്ലാദേശും, നാട്ടിലേക്ക് ടിക്കറ്റെടുക്കാനൊരുങ്ങി വെസ്റ്റിൻഡീസും ദക്ഷിണാഫ്രിക്കയും അഫ്ഗാനിസ്താനും.... 12ാം ലോകകപ്പിന്‍റെ പ്രാഥമിക റൗണ്ട് അവസാനദിനങ്ങളിലേക്ക് കടക്കുമ്പോൾ കാര്യങ്ങളുടെ കിടപ്പ് ഇങ്ങനെയൊക്കെയാണ്. പ്രവചനങ്ങളും പ്രതീക്ഷകളും തെറ്റിക്കാത്ത ലോകകപ്പ് എന്ന് പറയാം.

ശ്രീലങ്ക ഇംഗ്ലണ്ടിനെ തോൽപിച്ചതും ബംഗ്ലാദേശ് ദക്ഷിണാഫ്രിക്കയെ തുരത്തിയതും അഫ്ഗാൻ ഇന്ത്യയെ വിറപ്പിച്ചതുമൊഴിച്ചാൽ വമ്പൻ അട്ടിമറികളോ അപ്രതീക്ഷിത മുന്നേറ്റങ്ങളോ ഇതുവരെ കണ്ടിട്ടില്ല. ഇനിയും അത് സംഭവിച്ചില്ലെങ്കിൽ എല്ലാവരും പ്രതീക്ഷിച്ചപോലെ ഇന്ത്യ, ആസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലൻഡ് ടീമുകളായിരിക്കും അവസാന നാലിൽ കൈകോർക്കുക. ഇനിയുള്ള മത്സരങ്ങളിലെ മഴ പോലും സെമിഫൈനലിസ്റ്റുകളെ നിർണയിച്ചേക്കാം. ഇന്ത്യക്ക് നാല് മത്സരവും ദക്ഷിണാഫ്രിക്കക്ക് രണ്ട് കളിയും മറ്റ് ടീമുകൾക്ക് മൂന്ന് മത്സരവും ബാക്കിനിൽക്കെ ടീമുകളുടെ ഇനിയുള്ള സാധ്യതകൾ എങ്ങിനെയാണെന്ന് നോക്കാം...

australia-1


ഒരു ജയം അകലെ ന്യൂസിലൻഡും ആസ്ട്രേലിയയും
ഒരു ജയമോ സമനിലയോ മഴയോ മതി ന്യൂസിലൻഡിന്  സെമി ഉറപ്പിക്കാൻ. എന്നാൽ, ശക്തരായ ഓസീസിനെയും ഇംഗ്ലണ്ടിനെയും പാകിസ്താനെതിരെയുമാണ് അവർക്ക് നേരിടാനുള്ളത്. നിലവിൽ 11 പോയിൻറുള്ള കിവീസിന് ഇനിയുള്ള മത്സരങ്ങൾ തോറ്റാലും സെമി സാധ്യതയുണ്ട്.

ശ്രീലങ്കയോ ബംഗ്ലാദേശോ പാകിസ്താനോ ഏതെങ്കിലും മത്സരത്തിൽ തോറ്റാലും കിവികൾ സെമിയിലെത്തും. ഇതുവരെ തോൽവിയറിയാതെ മുന്നേറുന്ന ന്യൂസിലൻഡ് പുറത്തായാൽ ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറിയായിരിക്കും അത്. ആദ്യ പകുതിയിൽ ദുർബല ടീമുകളെ കിട്ടിയതും ന്യൂസിലൻഡിന്‍റെ വഴി എളുപ്പമാക്കി. ശക്തരായ ഇന്ത്യക്കെതിരായ മത്സരം മഴയെടുക്കുകയും ചെയ്തു. ന്യൂസിലൻഡിന്‍റെ അതേ അവസ്ഥയിലാണ് ആസ്ട്രേലിയയും. ഇംഗ്ലണ്ടും ന്യൂസിലൻഡും ദക്ഷിണാഫ്രിക്കയുമാണ് അവരുടെ എതിരാളികൾ. ഏതെങ്കിലും ഒരു ജയം ഓസീസിനെ സെമിയിലെത്തിക്കും.

new-zealand-1


അനായാസം ഇന്ത്യ
ടൂർണമന്‍റ്  തുടങ്ങി ഒരാഴ്ച കഴിഞ്ഞാണ് ഇന്ത്യ കളത്തിലിറങ്ങിയത്. അതുകൊണ്ട് തന്നെ മറ്റ് ടീമുകളേക്കാൾ ഒരു മത്സരം കുറച്ചാണ് ഇന്ത്യ കളിച്ചിരിക്കുന്നത്. അഞ്ച് മത്സരത്തിൽ ഒമ്പത് പോയിൻറുള്ള ഇന്ത്യ പ്രാഥമിക റൗണ്ടിലെ ഒന്നാം സ്ഥാനക്കാരായി സെമിയിലെത്താൻ സാധ്യതയുണ്ട്. വെസ്റ്റിൻഡീസ്, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ശ്രീലങ്ക ടീമുകളെയാണ് ഇന്ത്യക്കിനി നേരിടാനുള്ളത്. ഇതിൽ ശ്രീലങ്കയേയോ ബംഗ്ലാദേശിനേയോ തോൽപിച്ചാൽ ഇന്ത്യക്ക് സെമി ഉറപ്പിക്കാം.

ഇതോടെ ലങ്കയും ബംഗ്ലാദേശും പുറത്താകുമെന്നതിനാൽ ഇന്ത്യക്ക് അനായാസം സെമിയിലേക്കെത്താനാകും. ഇംഗ്ലണ്ടിനെ തോൽപിച്ചാലും സെമി ഉറപ്പിക്കാൻ ഒരു കളി കൂടി ജയിക്കേണ്ടി വരും. നിലവിലെ ഫോമിൽ നാല് മത്സരങ്ങളിലും ഇന്ത്യക്കാണ് മുൻതൂക്കം. 

england-1


കരുത്തരെ പേടിച്ച് ഇംഗ്ലണ്ട്
ശ്രീലങ്കയോടും പാകിസ്താനോടുമേറ്റ അപ്രതീക്ഷിത തോൽവി ഇംഗ്ലീഷ് ക്രിക്കറ്റിനെ ഞെട്ടിച്ചുവെന്ന് വേണം പറയാൻ. അനായാസം സെമിയിലേക്ക് കുതിക്കുമെന്ന് കരുതിയ ഇംഗ്ലണ്ടിന്‍റെ നിലവിലെ അവസ്ഥ ത്തെ തേങ്ങ പോലെയാണ്. സെമി ഉറപ്പിക്കാൻ രണ്ട് ജയമെങ്കിലും വേണ്ട ഇംഗ്ലണ്ടിന് ഇനിയുള്ള എതിരാളികൾ ഇന്ത്യയും ആസ്ട്രേലിയയും ന്യൂസിലൻഡുമാണ്.

1992ന് ശേഷം ലോകകപ്പിൽ ഈ മൂന്ന് ടീമുകൾക്കെതിരെയും ഇംഗ്ലണ്ട് ജയിച്ചിട്ടില്ല. മാത്രമല്ല, ഈ ലോകകപ്പിലെ ഏറ്റവും മികച്ച ടീമുകളാണ് മൂന്നെണ്ണവും. ഇംഗ്ലണ്ട് രണ്ട് മത്സരം തോൽക്കുകയും ലങ്കയോ ബംഗ്ലാദേശോ പാകിസ്താനോ മൂന്ന് കളികളും ജയിക്കുകയും ചെയ്താൽ ആതിഥേയർക്ക് നാട്ടിൽ നാണംകെടേണ്ടി വരും. 

lanka-1


കൂട്ടിയും കിഴിച്ചും ലങ്കയും പാകിസ്താനും ബംഗ്ലാദേശും
തുല്യ ദുഖിതരാണ് ശ്രീലങ്കയും പാകിസ്താനും ബംഗ്ലാദേശും. സെമി ഉറപ്പിക്കണമെങ്കിൽ ഇനിയുള്ള മൂന്ന് മത്സരങ്ങളും ജയിക്കണം. മൂന്ന് കളിവീതം ബാക്കിയുള്ള മൂന്ന് ടീമുകൾക്കും പരമാവധി നേടാനാകുക 11 പൊയൻറാണ്. ന്യൂസിലൻഡും അഫ്ഗാനും ബംഗ്ലാദേശുമാണ് പാകിസ്താ​​െൻറ എതിരാളികൾ.

പ്രവചനാതീതമായ പാക് നിര ഈ മൂന്ന് മത്സരങ്ങളിലും ജയിച്ചാലും തോറ്റാലും അത്ഭുതപ്പെടേണ്ടതില്ല. പാകിസ്താനും ബംഗ്ലാദേശും തമ്മിലുള്ള കളിയിൽ തോൽക്കുന്നവർ പടിക്ക് പുറത്താവും. ബംഗ്ലാദേശിനും ശ്രീലങ്കക്കും ഇന്ത്യയെ തോൽപിക്കാൻ കഴിയുമോ എന്നും കണ്ടറിയണം. 


നിരാശരായി വെസ്റ്റിൻഡീസും ദക്ഷിണാഫ്രിക്കയും അഫ്ഗാനിസ്താനും
ദക്ഷിണാഫ്രിക്കയും അഫ്ഗാനിസ്താനും നാട്ടിലേക്ക് ടിക്കറ്റെടുത്ത് കഴിഞ്ഞു. നേരിയ പ്രതീക്ഷയുള്ളത് വെസ്റ്റിൻഡീസിന് മാത്രമാണ്. അതും സാങ്കേതികം മാത്രം. മൂന്ന് കളി ജയിച്ചാൽ മാത്രം പോര, മറ്റ് ടീമുകളുടെ ഫലവും അനുകൂലമാകണം. നിലവിലെ സാഹചര്യത്തിൽ അതിനുള്ള നേരിയ സാധ്യത മാത്രമാണുള്ളത്. ശ്രീലങ്കയും അഫ്ഗാനും ഇന്ത്യയുമാണ് വിൻഡീസി​​െൻറ എതിരാളികൾ. 

ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ നിരാശപ്പെടുത്തിയ ടീമാണ് ദക്ഷിണാഫ്രിക്ക. ഏഴ് മത്സരങ്ങളിൽ ഒരു ജയം മാത്രമാണുള്ളത്. ഇനിയുള്ള രണ്ട് കളികളിൽ ജയിച്ചാൽ മനസമാധാനം നേടാം എന്ന് മാത്രം. ഒരു ജയമെങ്കിലും നേടി ലോകകപ്പിൽ സാന്നിധ്യമറിയിക്കാനായിരിക്കും ഇനിയുള്ള മത്സരങ്ങളിൽ അഫ്ഗാ​​െൻറ ശ്രമം.  


 

Loading...
COMMENTS