കോവിഡിനെതിരെ വൻമതിൽ; ദ്രാവിഡിൽ നിന്ന്​ പഠിക്കാനേറെ

  • ദ്രാവിഡിൻെറ ചിത്രങ്ങളുമായുള്ള കൊറോണ ബോധവത്​കരണം വൈറൽ​

കോവിഡും ദ്രാവിഡും തമ്മിൽ ഒരു ബന്ധവുമില്ല. പേരിൽ അൽപം സാമ്യം ഉണ്ടെന്ന്​ മാത്രം. എന്നാൽ, കോവിഡിനെ അകറ്റാൻ ഇന്ത്യൻ ക്രിക്കറ്റിൻെറ വൻമതിൽ ആയിരുന്ന ദ്രാവിഡിൽ നിന്ന്​ ഏറെ പഠിക്കാനുണ്ടെന്ന്​​ പറയുകയാണ്​ ആക്ഷേപഹാസ്യ പോസ്​റ്റുകളിലൂടെ ട്വിറ്ററിൽ ശ്രദ്ധേയനായ സാഗർ.

കോവിഡ്​ എന്ന മഹാമാരിക്കെതിരെ വൻമതിൽ തീർക്കാനുള്ള നിർദേശങ്ങൾ ദ്രാവിഡിൻെറ ചിത്രങ്ങളിലൂടെ വിവരിക്കുന്ന സാഗറിൻെറ പോസ്​റ്റ്​ വൈറലായിരിക്കുകയാണ്​. sagarcasm എന്ന ട്വിറ്റർ അക്കൗണ്ടിലൂടെ സാഗർ അവതരിപ്പിച്ച ‘ദ്രാവിഡ്​ പോസ്​റ്ററുകൾ’ വ്യാപകമായി പ്രചരിപ്പിക്കുകയാണ്​ ക്രിക്കറ്റ്​ ആരാധകർ.

‘കൊറോണ വൈറസിനെ എങ്ങിനെ നേരിടാം: രാഹുൽ ദ്രാവിഡിൽ നിന്നുള്ള പാഠങ്ങൾ’ എന്ന തലക്കെട്ടിലൂടെയാണ്​ മുൻ ഇന്ത്യൻ നായകൻെറ ക്രിക്കറ്റ്​ ജീവിതത്തിലെ വിവിധ മുഹൂർത്തങ്ങൾ കോർത്തിണക്കി സാഗർ രംഗത്തെത്തിയിരിക്കുന്നത്​.

അപകടത്തെ ‘ലീവ്​ ചെയ്യാം’
കോവിഡ്​ പകരുന്നത്​ ഒഴിവാക്കാനുള്ള മികച്ച മാർഗം അകലം പാലിക്കുകയാണ്​ എന്നത്​ എല്ലാവർക്കും അറിയാം. കോവിഡ്​ രോഗലക്ഷണങ്ങൾ ഉള്ളവരുമായി ഇടപഴകു​േമ്പാൾ കുറഞ്ഞത്​ ഒരു മീറ്റർ അകലം പാലിക്കണമെന്ന്​ ലോകാരോഗ്യ സംഘടന നിർദേശിച്ചിട്ടുമുണ്ട്​.

ഈ ആശയം പറയുന്നതിന്​ സാഗർ ഉപയോഗിച്ചിരിക്കുന്നത്​ രാഹുൽ ദ്രാവിഡ്​ സ്വതസിദ്ധ ശൈലയിൽ ഫ്രണ്ട്​ ഫൂട്ടിൽ മുന്നോട്ടാഞ്ഞ്​ അപകടകരമായ പന്ത്​ കളിക്കാതെ വീടുന്ന (ലീവ്​ ചെയ്യുന്ന) ചിത്രം ആണ്​. 

ശുദ്ധമായ കരങ്ങൾ എന്നും സുരക്ഷിതം
കൈകൾ ഇടക്കിടെ കഴുകി വൃത്തിയാക്കുന്നതാണ്​ കോവിഡ്​ വ്യാപനം തടയാനുള്ള മറ്റൊരു പോംവഴി. ശുദ്ധവും സുരക്ഷിതവുമായ കരങ്ങൾ ഉണ്ടാവുകയെന്നത്​ പ്രധാനമാണെന്ന സന്ദേശം പകരാൻ സ്ലിപിൽ നിന്ന്​ ഡൈവ്​ ചെയ്​ത്​ പന്ത്​ സുരക്ഷിതമായി കൈയിലൊതുക്കുന്ന ദ്രാവിഡിൻെറ ചിത്രമാണ്​ സാഗർ ഉപയോഗിച്ചിരിക്കുന്നത്​. 

ഈ കാലവും കടന്നുപോകും
പകർച്ചവ്യാധികൾ, പ്രളയങ്ങൾ, ഭൂകമ്പങ്ങൾ എന്നിവയെല്ലാം ധീരമായി നേരിട്ട നമ്മൾ ഈ ദുഷ്​കര കാലവും കടന്നുപോകുമെന്ന്​ ഉറപ്പാണ്​. ‘ദുഷ്​കര കാലം നിലനിൽക്കില്ല, ദൃഢമനസ്സുള്ളവർ നിലനിൽക്കും’ എന്ന ആശയം പങ്കുവെക്കുന്നതിന്​  2011 ആഗസ്​റ്റിൽ ഇംഗ്ലണ്ടുമായി ഓവലിൽ നടന്ന ടെസ്​റ്റിൽ ഓപണറായി ഇറങ്ങിയ ദ്രാവിഡ്​ അവസാനം വരെ പുറത്താകാതെ നിന്ന ഇന്നിങ്​സ്​ ആണ്​ സാഗർ ഓർമിപ്പിക്കുന്നത്​.

നാലാം ടെസ്​റ്റിൽ ദ്രാവിഡ്​ പുറത്താകാതെ 146 റൺസാണ്​ നേടിയത്​. സെവാഗ്​, ലക്ഷ്​മൺ, ടെണ്ടുൽക്കർ, റെയ്​ന, ഇശാന്ത്​ ശർമ, ധോണി, അമിത്​ മിശ്ര, ഗൗതം ഗംഭീർ, ആർ.പി. സിങ്​, ശ്രീശാന്ത്​ എന്നിവർക്കൊപ്പമുള്ള ദ്രാവിഡിൻെറ പാർട്​ണർഷിപ്പ്​ ഗ്രാഫ്​ ആണ്​ സാഗർ ഉപയോഗിച്ചിരിക്കുന്നത്​. 

പരിഭ്രാന്തരാകേണ്ട, ക്ഷമയോടെ നേരിടാം
കോവിഡിനെ പേടിക്കുകയല്ല, ക്ഷമയോടെയും കരുതലോടെയും നേരിടുകയാണ്​ വേണ്ടതെന്ന്​ പറയാൻ സാഗർ ഉദാഹരണമാക്കിയിരിക്കുന്നത്​ 2001​ മാർച്ചിൽ ആസ്​ത്രേലിയക്കെതിരായി കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന ടെസ്​റ്റിൽ ഫോളോഓൺ ഭീഷണി ഒഴിവാക്കാൻ ദ്രാവിഡും വി.വി.എസ്​ ലക്ഷ്​മണും നടത്തിയ ഐതിഹാസിക ചെറുത്തുനിൽപ്പ്​ ആണ്​.

ടോസ്​ നേടി ബാറ്റിങ്​ എടുത്ത ആസ്​ത്രേലിയ 445 എന്ന കൂറ്റൻ സ്​കോർ ആണ്​ ഒന്നാം ഇന്നിങ്​സിൽ നേടിയത്​. ഇന്ത്യയുടെ ചെറുത്ത്​ നിൽപ്​ ഓസീസ്​ പേസർമാർ 171 റൺസിലൊതുക്കി. 274 റൺസ് പിന്നിലായി ഫോളോഓൺ വഴങ്ങി രണ്ടാമിന്നിങ്​സ്​ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ലക്ഷ്​മണിന്​ സ്​ഥാനക്കയറ്റം നൽകി മൂന്നാമനായി ഇറക്കി. ദ്രാവിഡിനെ ആറാമനാക്കാനായിരുന്നു നായകൻ സൗരവ്​ ഗാംഗുലി​യുടെ തീരുമാനം. മൂന്നാം നാൾ സ്​റ്റ​െമ്പടുക്കു​േമ്പാൾ നാല്​ വിക്കറ്റ്​ നഷ്​ടത്തിൽ 254 ആയിരുന്നു ഇന്ത്യൻ സ്​കോർ.  ​

109 റൺസുമായി ലക്ഷ്​മണും ഏഴ്​ റൺസുമായി ദ്രാവിഡും ക്രീസിൽ. 20 റൺസ്​ പിന്നിലായ ഇന്ത്യയെ പിറ്റേന്ന്​ ചുരുട്ടിക്കൂട്ടാമെന്ന ആസ്​ത്രേലിയയുടെ വ്യാമോഹം പാഴാകുന്നതാണ്​ പിന്നീട്​ കണ്ടത്​. അന്നെറിഞ്ഞ 90 ഓവറും പിടിച്ചുനിന്ന്​ ഇരുവരും നേടിയത്​ 335 റൺസാണ്​. ടെസ്​റ്റ്​ ക്രിക്കറ്റിൽ ഇന്ത്യക്കുവേണ്ടി ഏറ്റവും വലിയ വ്യക്​തിഗത സ്​കോർ നേടിയയാൾ എന്ന റെക്കോർഡ്​ സുനിൽ ഗവാസ്​കറിൽ നിന്ന്​ ലക്ഷ്​മണിലേക്ക്​ കൈമാറപ്പെട്ടത്​ അന്നാണ്​. നാലാം നാൾ ആസ്​ത്രേലിയയെ കടുത്ത സമ്മർദത്തിലാക്കി നാലിന്​ 589 എന്ന നിലക്കാണ്​ ഇന്ത്യൻ ബാറ്റിങ്​ അവസാനിച്ചത്​.

പിറ്റേന്ന്​ സ്​കോർ 281ൽ എത്തിനിൽക്കേ ലക്ഷ്​മൺ കൂടാരം കയറി. 180ൽ ദ്രാവിഡ്​ റൺഔട്ട്​ ആയി ആതിഥേയർ ഡിക്ലയർ ചെയ്​തപ്പോൾ ഏഴിന്​ 657 എന്നതായിരുന്നു ഇന്ത്യൻ സ്​കോർ. ഹാട്രിക്​ മാജിക്ക്​ കാട്ടി ഹർഭജൻ സിങ്​ 73 റൺസ്​ വഴങ്ങി ആറ്​ വിക്കറ്റ്​ വീഴ്​ത്തിയതോടെ 212 റൺസിന്​ ആസ്​ത്രേലിയ മുട്ടുമടക്കി. 171 റൺസിന്​ ഇന്ത്യ വിജയവും സ്വന്തമാക്കി. ഈ ചരിത്ര ഇന്നിങ്​സാണ്​ ‘പരിഭ്രാന്തി വേണ്ട. ക്ഷമയോടെ ഏത്​ മോശം അവസ്​ഥയും മറികടക്കാനാകും’ എന്ന സന്ദേശവുമായി സാഗർ പങ്കുവെച്ചിരിക്കുന്നത്​. 

എവിടെ നിന്നും ജോലി ചെയ്യണം 
കൊറോണ വ്യാപിച്ചതോടെ മിക്ക കമ്പനികളും ജീവനക്കാരെ വീട്ടിലിരുന്ന്​ ജോലി ചെയ്യാൻ പ്രേരിപ്പിക്കുകയാണ്​. ‘ആവശ്യം വന്നാൽ ഏത്​ സ്​ഥലത്തുനിന്നും ജോലി ചെയ്യാൻ തയാറായിരിക്കണം’ എന്ന ആശയവുമായി സാഗർ ഉപയോഗിച്ചിരിക്കുന്നത്​ അനിവാര്യ ഘട്ടങ്ങളിൽ വിക്കറ്റ്​ കീപ്പറുടെ ജോലിയും നിർവഹിച്ചിരുന്ന ദ്രാവിഡ്​ സ്​റ്റംപിനുപിന്നിൽ ഗ്ലൗസണിഞ്ഞു നിൽക്കുന്ന ചിത്രമാണ്​. 

വ്യക്തിയല്ല പ്രധാനം
കൊറോണയെ എതിരിടു​േമ്പാൾ വ്യക്​തിക്കല്ല സമൂഹത്തിനാണ്​ പ്രാധാന്യം നൽകേണ്ടത്​. ഇത്​ വ്യക്​തമാക്കാൻ താൽകാലിക നായകനായിരിക്കേ ദ്രാവിഡ്​ നടത്തിയ അപ്രതീക്ഷിത ഡിക്ലറേഷൻ തീരുമാനമാണ്​ സാഗർ ഉദാഹരണമാക്കിയത്​.

2004 മാർച്ചിൽ മുൾത്താൻ സ്​റ്റേഡിയത്തിൽ പാകിസ്​താനെതിരായ ടെസ്​റ്റിൽ സചിൻ ടെണ്ടുൽക്കർ 194ൽ എത്തി നിൽക്കു​േമ്പാൾ ദ്രാവിഡ്​ ഇന്നിങ്​സ്​ ഡിക്ലയർ ചെയ്യാനുള്ള സിഗ്​നൽ നൽകിയത്​ ഏവരെയും അമ്പരിപ്പിച്ചിരുന്നു. ദ്രാവിഡിന്​ ഏറെ വിമർശനം നേടിക്കൊടുത്ത തീരുമാനമായിരുന്നു അത്​.

‘അനുയോജ്യമായ സമയം ആണെന്ന്​ തോന്നിയാലുടൻ നിങ്ങളുടെ ടീമംഗത്തെ തിരികെ വിളിക്കണം. അവരുടെ സ്വകാര്യ നേട്ടങ്ങളെ കുറിച്ചുള്ള ആശങ്ക അതിന്​ തടസ്സമാക്കേണ്ടതില്ല’ എന്നാണ്​ ഈ സംഭവത്തിൻെറ ചിത്രം പങ്കുവെച്ച്​ സാഗർ വിശദീകരിക്കുന്നത്​. 

രോഗമല്ല, അറിവ്​ പകരുക 
കൊറോണക്കെതിരായ ചെറുത്തുനിൽപിന്​ നമുക്ക്​ അറിയാവുന്ന വിവരങ്ങൾ മറ്റുള്ളവർക്ക്​ പകർന്നു നൽകണമെന്ന്​ പറയാനും സാഗർ കൂട്ടുപിടിച്ചിരിക്കുന്നത്​ ദ്രാവിഡിനെയാണ്​. വിരമിച്ച ശേഷം പരിശീലക വേഷമണിഞ്ഞ ദ്രാവിഡിൻെറ നേതൃത്വത്തിൽ ഇന്ത്യൻ അണ്ടർ-19 ടീം നിർണായക നേട്ടങ്ങൾ കൈവരിച്ചിരുന്നു.

2016ൽ അണ്ടർ 19 ലോകകപ്പിൽ ഇന്ത്യൻ ടീം റണ്ണർ അപ്പ്​ ആയിരുന്നു. 2018ൽ ലോകകപ്പ്​ നേടുകയും ചെയ്​തു. ‘ഒരു​ കാര്യത്തിൽ നിങ്ങൾ അഗ്രഗണ്യനായാൽ മറ്റുള്ളവരെ പഠിപ്പിക്കാൻ തയാറാകണം’ എന്ന തലക്കെ​ട്ടോ​ടെ അണ്ടർ 19 ലോകകപ്പുമായി നായകൻ പൃഥ്വി ഷായും ദ്രാവിഡും നിൽക്കുന്ന ചിത്രമാണ്​ സാഗർ പങ്കുവെച്ചിരിക്കുന്നത്​. 

Loading...
COMMENTS