Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightഇരുള്‍വനത്തിലെ ...

ഇരുള്‍വനത്തിലെ ഇടിമുഴക്കം

text_fields
bookmark_border
ഇരുള്‍വനത്തിലെ  ഇടിമുഴക്കം
cancel

അലി ഇതിഹാസമായിരുന്നു. ഇടിക്കൂട്ടിലും പുറത്തും. അമേരിക്കയുടെ
 അധീശത്വമോഹങ്ങള്‍ക്കെതിരെ നിലപാടെടുത്ത അമേരിക്കന്‍ പൗരന്‍, യുദ്ധത്തിനെതിരെ
സമാധാനപക്ഷത്ത് നിലകൊണ്ട മനുഷ്യസ്നേഹി, കറുത്ത വര്‍ഗത്തിന്‍െറ ഉയര്‍ച്ചക്ക് ലഭിച്ച
ഏറ്റവും തിളങ്ങുന്ന പ്രതീകം. അലിയുടെ കായികജീവിതത്തിലൂടെ ഒരു സഞ്ചാരം.

1967.അമേരിക്കന്‍ ഭരണകൂടം വിയറ്റ്നാമില്‍ ബോംബ് വര്‍ഷിക്കുന്ന കാലം. യുദ്ധം ചെയ്യാനായി, നിര്‍ബന്ധിത സൈനികസേവനത്തിനായി അവര്‍ അമേരിക്കന്‍ യുവത്വത്തെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. ചില യുവാക്കള്‍ സന്തോഷത്തോടെ യുദ്ധത്തിനിറങ്ങി. മറ്റു ചിലരാകട്ടെ മനമില്ലാമനസ്സോടെയും. കറുത്ത വര്‍ഗക്കാരനായ ഒരാള്‍ ലോകത്തിലെ ഏറ്റവും കരുത്തുറ്റ ഭരണകൂടത്തിന്‍െറ മുഖത്തുനോക്കി തുറന്നടിച്ചു: ‘‘വെളുത്ത വര്‍ഗക്കാരന്‍െറ അധീശത്വം നിലനിര്‍ത്താന്‍ മാത്രമായി പതിനായിരം മൈല്‍ സഞ്ചരിച്ച് ആളുകളെ കൊന്നൊടുക്കാനും ചുട്ടെരിക്കാനും എന്നെ കിട്ടില്ല. ഇത്തരം പാപപങ്കിലമായ അനീതികള്‍ അവസാനിക്കേണ്ട കാലവും ദിവസവുമാണിത്.’’ ഇടിമുഴക്കം കേട്ട പാമ്പുകളെപ്പോലെ അമേരിക്കന്‍ ഭരണാധികാരികള്‍ ആ കറുത്ത മനുഷ്യന് മുന്നില്‍ വിറകൊണ്ടു. എതിര്‍ശബ്ദം ഉയരുന്നത് വിയറ്റ്നാമില്‍നിന്നല്ല, കമ്യൂണിസ്റ്റ് ചേരിയില്‍നിന്നുമല്ല. അമേരിക്കന്‍ മണ്ണില്‍നിന്ന് അമേരിക്കന്‍ പ്രസിഡന്‍റിന്‍െറ മൂക്കിന് ചുവട്ടില്‍നിന്നുതന്നെയായിരുന്നു ആ കറുത്തവന്‍െറ ശബ്ദം. ലോക ബോക്സിങ് ചാമ്പ്യന്‍ മുഹമ്മദ് അലിയായിരുന്നു അത്. ഇടിമുഴക്കംകേട്ട പാമ്പുകളെപ്പോലെ ഭരണകൂടം വിറച്ചു എന്നത് രാമായണത്തില്‍നിന്നെടുത്ത ഉപമയാണ്. പക്ഷേ, അലിയുടെ കാര്യത്തില്‍ യോജിച്ച ഉപമതന്നെയാണത്. അലിയുടെ വാക്കുകള്‍ മാത്രമല്ല ഇടിക്കൂട്ടിലെ പ്രകടനവും ഇടിമുഴക്കത്തോട് ഉപമിക്കപ്പെട്ടിട്ടുണ്ട്. 1974ല്‍ ആഫ്രിക്കയിലെ സയറില്‍വെച്ച് അലി കരുത്തനായ ജോര്‍ജ് ഫോര്‍മാനെ എട്ടു റൗണ്ടില്‍ ഇടിച്ചുതാഴെയിട്ടു. അന്നത്തെ മത്സരത്തെ ആളുകള്‍ വിശേഷിപ്പിച്ചതും ഇതേ ഉപമയുടെ സഹായത്തോടെയാണ്. കാട്ടിലെ ഇടിമുഴക്കം (The rumble in the jungle) എന്ന പേരില്‍ ആ മത്സരം ചിരപ്രതിഷ്ഠിതമായി.

അമേരിക്കയുടെ അധീശത്വമോഹങ്ങള്‍ക്കെതിരെ നിലപാടെടുത്ത അമേരിക്കന്‍ പൗരന്‍, യുദ്ധത്തിനെതിരെ സമാധാനപക്ഷത്ത് നിലകൊണ്ട വ്യക്തി, കറുത്ത വര്‍ഗത്തിന്‍െറ ഉയര്‍ച്ചക്ക് ലഭിച്ച ഏറ്റവും തിളങ്ങുന്ന പ്രതീകം -അലിയുടെ രാഷ്ട്രീയനിലപാടുകള്‍ക്ക് ലോകം നൂറില്‍ നൂറ് മാര്‍ക്ക് നല്‍കുന്നു. എന്നാല്‍, ബോക്സിങ് താരമായ അലിക്ക് എത്രമാര്‍ക്ക് കൊടുക്കാം? ഈ ചോദ്യം ചോദിക്കാന്‍ മിക്ക സ്പോര്‍ട്സ് ലേഖകരും ആസ്വാദകരും മറന്നുപോയി എന്നതാണ് സത്യം. അലി തിളങ്ങിനിന്ന 1960-1985 കാലത്തെ പത്രറിപ്പോര്‍ട്ടുകള്‍ ഒന്നുകൂടി വായിക്കാന്‍ കഴിഞ്ഞാല്‍ ഇക്കാര്യം മനസ്സിലാവും. അലി അമേരിക്കന്‍ ഭരണകൂടത്തോട് ഏറ്റുമുട്ടിയതും അലിയുടെ വിടുവായത്തവുമൊക്കെയായിരുന്നു സ്പോര്‍ട്സ് പേജുകളില്‍ നിറഞ്ഞുനിന്നത്. അലിയുടെ ബോക്സിങ് ശൈലി എന്തായിരുന്നു, മറ്റുള്ളവരില്‍നിന്ന് ഭിന്നമായി അലിക്ക് പുതിയ തന്ത്രങ്ങള്‍ വല്ലതുമുണ്ടായിരുന്നോ, ബോക്സര്‍ എന്ന നിലക്ക് അദ്ദേഹം ആ കായികരംഗത്തിന് എന്ത് സംഭാവന നല്‍കി തുടങ്ങിയ ചോദ്യങ്ങള്‍ ആരും ചോദിച്ചുകണ്ടില്ല. അലിയുടെ ശൈലിയെക്കുറിച്ച് ഈ ഒരൊറ്റ വാക്യം മാത്രമേ മിക്കവാറും സ്പോര്‍ട്സ് ലേഖകന്മാര്‍ക്ക് അറിയാമായിരുന്നുള്ളൂ: ‘‘പൂമ്പാറ്റയെപ്പോലെ പാറിനടക്കുകയും കടന്നലിനെപ്പോലെ കുത്തുകയും ചെയ്ത ബോക്സറായിരുന്നു അലി.’’

വാസ്തവത്തില്‍ മുകളില്‍കൊടുത്ത കാര്യംപോലും പൂര്‍ണമായി സത്യമല്ല. പൂമ്പാറ്റയെപ്പോലെ പാറിനടന്ന്, താളം ചവിട്ടി, എതിരാളികളെ ഇടിക്കുന്ന അലിയുടെ ശൈലി അദ്ദേഹത്തിന്‍െറ ബോക്സിങ് ജീവിതത്തില്‍ ആദ്യകാലത്തുമാത്രം കണ്ട ശൈലിയാണ്. പില്‍ക്കാലത്തെ അദ്ദേഹത്തിന്‍െറ ശൈലി തീര്‍ത്തും വ്യത്യസ്തമായിരുന്നു. ആദ്യകാലത്ത് അദ്ദേഹത്തിന്‍െറ യഥാര്‍ഥ കൈമുതല്‍ സാധാരണ ബോക്സര്‍മാരില്‍ കാണാത്ത മെയ്വഴക്കവും വേഗതയുമാണെന്ന് പണ്ഡിതന്മാര്‍ വിലയിരുത്തുന്നു. സത്യത്തില്‍ അലി തന്‍െറ സമകാലിക ബോക്സര്‍മാരില്‍ ഏറ്റവും കരുത്തനായിരുന്നില്ല. ലിനോക്സ് ലൂയിസും കെന്‍ നോര്‍ട്ടനും ജോഫ്രേസിയറുമൊക്കെ അലിയെക്കാള്‍ എത്രയോ കൂടുതല്‍ പ്രഹരശേഷിയുള്ളവരായിരുന്നു. പടുകൂറ്റനായ അമേരിക്കന്‍ കാട്ടുപോത്തിനെ മസ്തകത്തിന് ഇടിച്ചുകൊല്ലാന്‍ തക്കവണ്ണം കരുത്ത് കെന്‍ നോര്‍ട്ടന് ഉണ്ടായിരുന്നുവത്രെ. പക്ഷേ, ആ മഹാബലികളോട് താരതമ്യംചെയ്യുമ്പോള്‍ അലി ദുര്‍ബലനാണെന്നുപോലും പറയേണ്ടിവരും. പക്ഷേ, മിന്നല്‍വേഗതയില്‍ ഒഴിഞ്ഞുമാറാന്‍ മെയ്വഴക്കമുള്ള അലിക്ക് കെന്‍ നോര്‍ട്ടനും കൂട്ടരും അത്രവലിയ ഭീഷണിയൊന്നും സൃഷ്ടിച്ചില്ല. അലിയുടെ ആദ്യകാല യുദ്ധങ്ങള്‍ യൂട്യൂബില്‍ കാണാന്‍ കഴിയും. മുഖം മറയ്ക്കാതെ കൈരണ്ടും താഴേക്കിട്ട് ബോക്സിങ് റിങ്ങില്‍ എതിരാളിയുടെ ചുറ്റും താളംചവിട്ടിനില്‍ക്കുന്ന അലി വിചിത്രമായ ശൈലിയാണ് പ്രദര്‍ശിപ്പിച്ചത്. കൈകൊണ്ട് മുഖം മറയ്ക്കാതെ ബോക്സിങ്ങിനിറങ്ങണമെങ്കില്‍ അസാമാന്യമായ ആത്മവിശ്വാസം വേണം. മിന്നല്‍വേഗത്തില്‍ എതിരാളികളുടെ ഇടികളില്‍നിന്ന് ഒഴിഞ്ഞുമാറാനും പ്രത്യാക്രമണം നടത്താനും തനിക്ക് കഴിയുമെന്ന ആത്മവിശ്വാസം അലിക്കുണ്ടായിരുന്നു.

അലിയുടെ ഇടികളും അത്രയൊന്നും സ്ഫോടനാത്മകമല്ല. പക്ഷേ, എതിരാളികള്‍ അഞ്ചു സെക്കന്‍ഡില്‍ ഒരിടി അലിയുടെ മുഖത്തിനുനേരെ തൊടുക്കുമെങ്കില്‍ അലി സെക്കന്‍ഡില്‍ മൂന്നോ നാലോ ഇടികളുടെ കോമ്പിനേഷനുകള്‍ എതിരാളികള്‍ക്കെതിരെ പ്രയോഗിക്കും. ഇടിയുടെ ഈ മാലപ്പടക്കത്തിനുമുന്നില്‍ എതിരാളികള്‍ അസ്തപ്രജ്ഞരായി. 1960ല്‍ ബ്രിയന്‍ ലണ്ടനെ നോക്കൗട്ട് ചെയ്ത് തോല്‍പിച്ച അലി ഇത്തരം മാലപ്പടക്കങ്ങളാണ് പരീക്ഷിച്ചത്. 1961ല്‍ ജിം റോബിന്‍സനും ടോണി എസ്പെര്‍റ്റിയും ലാമര്‍ ക്ളാര്‍ക്കും ഇത്തരത്തില്‍ അലിക്കുമുന്നില്‍ വീണുപോയവരാണ്.

1967 മുതല്‍ 1970 വരെ മൂന്ന് കൊല്ലത്തിലേറെക്കാലം അലി സസ്പെന്‍ഷനിലായിരുന്നു. വിയറ്റ്നാം യുദ്ധത്തിനെതിരെ നിലപാടെടുത്തതുതന്നെയായിരുന്നു ഇതിന് കാരണം. പിന്നീട് 1970 ഒക്ടോബറില്‍ ബോക്സിങ് രംഗത്തേക്ക് തിരിച്ചുവന്ന അലി മനസ്സിലാക്കി, തന്‍െറ ആ പഴയ വേഗത തനിക്ക് കുറെയൊക്കെ കൈമോശം വന്നുവെന്ന്. മുഖം വെട്ടിച്ച് എതിരാളികളുടെ ഇടിയില്‍നിന്ന് രക്ഷപ്പെടല്‍ ഇനി എളുപ്പമല്ല. മുന്നോട്ടും പിന്നോട്ടും ചുവടുവെച്ച് വട്ടംകറങ്ങലും എളുപ്പമല്ല. ദൗര്‍ബല്യങ്ങള്‍ എല്ലാം പഴയതുപോലെ നിലനില്‍ക്കുന്നുമുണ്ട്. ഈ വിഷമസന്ധിയില്‍ അലിക്ക് കൂട്ടായത് അദ്ദേഹത്തിന്‍െറ ബുദ്ധിയായിരുന്നു. ലോകത്ത് മറ്റാരും ധൈര്യപ്പെടാത്ത ഒരു പ്രത്യേക ശൈലി അക്കാലംതൊട്ട് അദ്ദേഹം പരീക്ഷിക്കാന്‍ തുടങ്ങി. ‘കയറിന്മേല്‍ ചാഞ്ചാട്ടം’ എന്ന് ഈ ശൈലിയെ വിശേഷിപ്പിക്കാം.


Rope-a-dope എന്ന് ഇംഗ്ളീഷില്‍ ഇതിന് പേരുവീണുകഴിഞ്ഞിട്ടുണ്ട്. എതിരാളി ഇടിക്കാനായി മുന്നോട്ടാഞ്ഞ് വരുമ്പോള്‍ ഒഴിഞ്ഞുമാറലായിരുന്നു പഴയ അലിയുടെ ശൈലി. എന്നാല്‍, മുഖംമറച്ച് ബോക്സിങ് റിങ്ങിന്‍െറ ചുറ്റുമുള്ള കയറില്‍ ചാഞ്ഞുനില്‍ക്കലാണ് പുതിയ ശൈലിയുടെ കാതല്‍. എതിരാളികളുടെ ഇടികള്‍ അലിയുടെ ശരീരത്തില്‍ പതിച്ചെങ്കിലും ആഘാതം മുഴുവന്‍ അലി കയറിലേക്ക് പകര്‍ന്നുനല്‍കി. സ്പ്രിങ്ങില്‍ ആടുമ്പോലെ അലി മുന്നോട്ടും പിന്നോട്ടും കയറില്‍ ചാരിനിന്ന് ചാഞ്ചാടുകയായിരുന്നു. ഒടുവില്‍ ഇടിച്ചിടിച്ച് എതിരാളി തളരും. ആ തളര്‍ച്ചയുടെ നിമിഷത്തില്‍ അലി തിരിച്ചടിച്ച് എതിരാളിയെ ഇടിച്ചിടും. 1974ല്‍ സയറില്‍ നടന്ന മത്സരത്തില്‍ അലി ജോര്‍ജ് ഫോര്‍മാനെ എട്ട് റൗണ്ടില്‍ നോക്കൗട്ട് ചെയ്തു. മത്സരം മുഴുവന്‍ ഫ്രേസിയര്‍ അലിയെ പ്രഹരിക്കുകയായിരുന്നു. പക്ഷേ, കയറില്‍ ചാഞ്ചാടിനിന്ന അലിയുടെ ശരീരത്തില്‍ ജീവന്‍ ബാക്കിയില്ല എന്ന് കാണികള്‍ക്ക് തോന്നിയ നിമിഷങ്ങള്‍. പക്ഷേ, അലി കാത്തിരിക്കുകയായിരുന്നു. അങ്ങനെ ഇടിയേറ്റ് ചതഞ്ഞ അലി തുടര്‍ച്ചയായി ഇടിച്ച ഫോര്‍മാനെ നോക്കൗട്ട് ചെയ്തു. ഈ മത്സരവും യൂട്യൂബില്‍ ലഭ്യമാണ്. അത് കാണുമ്പോള്‍ മനസ്സിലാവും അലി എത്രമാത്രം പ്രതിരോധത്തിലായിരുന്നുവെന്ന്.

അനുകരണീയമാണോ അലിയുടെ ശൈലി? ഒരിക്കലുമല്ല എന്നാണ് എന്‍െറ ഉത്തരം. കാരണം, അത് മറ്റൊരാള്‍ക്ക് അനുകരിക്കാന്‍ സാധ്യമല്ല എന്നതുകൊണ്ടുതന്നെ. ആത്യന്തികമായ വിലയിരുത്തലില്‍ അലിയെക്കുറിച്ച് ഇങ്ങനെ എഴുതേണ്ടിവരും: എഴുപത്തിയഞ്ച് ശതമാനം ബുദ്ധിശക്തിയും 25 ശതമാനം ശരീരശക്തിയും ഒരുമിച്ചുചേര്‍ത്ത് ബോക്സിങ് താരത്തെ ഉണ്ടാക്കിയാല്‍ അത് അലിയായിരിക്കും. ഇതിലെ 25 ശതമാനം ശരീരശേഷി എന്നതിനെ ഒന്നുകൂടി വിഭജിച്ചാല്‍ അതില്‍ 75 ശതമാനം ശരീരവേഗതയാണെന്ന് കാണാം. ബാക്കി 25 ശതമാനമേ കരുത്തിന് അവകാശപ്പെടാന്‍ കഴിയൂ.

ചുരുക്കത്തില്‍ ശരിയായ രാഷ്ട്രീയനിലപാടുകൊണ്ടുമാത്രം പ്രശസ്തനായ ബോക്സറായിരുന്നില്ല അലി. തന്‍െറ ദൗര്‍ബല്യങ്ങളെ മുഴുവന്‍ ഒളിപ്പിച്ചുവെക്കാനും കഴിവുകളെ പുറത്തെടുക്കാനുമുള്ള തന്ത്രങ്ങള്‍ മെനഞ്ഞെടുത്ത അതി ബുദ്ധിശാലിയായ ബോക്സര്‍ എന്ന രീതിയിലാണ് അദ്ദേഹം അറിയപ്പെടേണ്ടത്. കാലദൈര്‍ഘ്യത്തിലും അലി മറ്റുള്ളവരെ പിന്നിലാക്കുന്നു. തന്‍െറ 18ാം വയസ്സില്‍ അന്താരാഷ്ട്ര ഹെവിവെയ്റ്റ് ബോക്സിങ്ങിന്‍െറ വേദി പിടിച്ചടക്കിയ അലി 37ാം വയസ്സില്‍ ലിയോണ്‍ സ്പിങ്സിനെ നേരിടുന്നതുവരെ മത്സരരംഗത്തെ അതികായനായി തുടര്‍ന്നു. ഇത്രയും ദീര്‍ഘകാലം പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞവരില്‍ ലാറി ഹോംസിനെപ്പോലെ കുറച്ചുപേരെ ഉള്ളൂ.

പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്‍െറ പിടിയില്‍പെട്ട അലിക്ക് ഇപ്പോള്‍ ചലനശേഷി തീരെയില്ല. മിന്നല്‍പ്പിണര്‍പോലെ ബോക്സിങ് റിങ്ങില്‍ ചലിച്ച ആ ശരീരം ഇന്ന് നിശ്ചലമാണ്. ഒരുപാട് പേരെ രസിപ്പിച്ച, മാധ്യമങ്ങള്‍ക്ക് വിരുന്നായി മാറിയ, ചിലരെ മുഷിപ്പിച്ച അദ്ദേഹത്തിന്‍െറ വിടുവായത്തം നിറഞ്ഞ നാവും നിശ്ചലം. ഇരുള്‍വനത്തിലെ ഇടിമുഴക്കമായി ഒരു ഭരണകൂടത്തെയും ബോക്സിങ് റിങ്ങിലെ എതിരാളികളെയും ഞെട്ടിച്ച ആ തലച്ചോറിലെ ഓര്‍മകള്‍ മാത്രമാണ് അദ്ദേഹത്തിന് കൂട്ട്. ഓര്‍മകളിലെ പോരാളിയെ അദ്ദേഹം ഇന്നും കൈവിട്ടിട്ടില്ല. അതുകൊണ്ട് മരണംപോലും അദ്ദേഹത്തിന്‍െറ രോഗശയ്യയുടെ അല്‍പമകലെ പേടിച്ചുനില്‍ക്കുകയാണ്.

(2015 ജൂൺ 29ന്​ മാധ്യമം ആഴ്​ചപ്പതിപ്പിൽ ​​പ്രസിദ്ധീകരിച്ചത്​)
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Boxingmuhammad ali
Next Story