ദ്രാവിഡിന്റെ പ്രശംസ; അജ്മലിന് ഇത് അഭിമാന നിമിഷം
text_fieldsഅഫ്ഗാൻ താരം റാഷിദ് ഖാന് ഒപ്പം മുഹമ്മദ് അജ്മൽ
കായംകുളം: ഇന്ത്യൻ ടീമിന്റെ പ്രാക്ടീസ് സെഷനിൽ ബൗൾ ചെയ്യാൻ മുഹമ്മദ് അജ്മലിന് അവസരം ലഭിച്ചതിൽ ട്രാവൻകൂർ ക്രിക്കറ്റ് അക്കാദമിക്കും അഭിമാനം. കരുനാഗപ്പള്ളി മൈനാഗപ്പള്ളി സ്വദേശിയായ അജ്മൽ കഴിഞ്ഞ മൂന്ന് വർഷമായി ട്രാവൻകൂർ ക്രിക്കറ്റ് അക്കാദമിയിൽനിന്നാണ് പരിശീലനം നടത്തുന്നത്.
തുമ്പ സെന്റ് സേവ്യേഴ്സ് ഗ്രൗണ്ടിൽ നടക്കുന്ന ഇന്ത്യൻ പരിശീലന ക്യാമ്പിൽ സൂര്യകുമാർ യാദവിന് എതിരായാണ് കൂടുതൽ നേരം ബൗൾ ചെയ്യാൻ അവസരം ലഭിച്ചത്. ഈ സമയത്താണ് ഇന്ത്യൻ കോച്ച് രാഹുൽ ദ്രാവിഡിന് അജ്മലിന്റെ ബൗളിങ് ഇഷ്ടപ്പെടുകയും അഭിപ്രായം പറയുകയും ചെയ്തത്.
തൊട്ട് മുമ്പത്തെ ദിവസം അഫ്ഗാനെതിരെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ നെറ്റ്സിൽ ബൗൾ ചെയ്യാനുമായി. ഗൂഗ്ളിയെപ്പറ്റി ലോകോത്തര ലഗ് സ്പിന്നറായ അഫ്ഗാൻ താരം റാഷിദ് ഖാന്റെ ഉപദേശവും ലഭിച്ചു.
പുലർച്ച കരുനാഗപ്പള്ളിയിൽനിന്ന് സൈക്കിളിൽ കിലോമീറ്ററുകൾ താണ്ടിയാണ് അക്കാദമിയുടെ നെറ്റ്സിൽ പരിശീലനം നടത്താനായി എത്തിയിരുന്നത്. പിന്നീട് അക്കാദമി ഡയറക്ടർ സിനിൽ സബാദിന്റെ നിർദേശപ്രകാരം പരിശീലനം ട്രിവാൻഡ്രം മെഡിക്കൽ കോളജ് ഗ്രൗണ്ടിലേക്ക് മാറ്റി. ഇതാണ് ഇന്ത്യൻ ടീമിനൊപ്പം പരിശീലിക്കാൻ ഭാഗ്യം ലഭിക്കാൻ കാരണമായത്.
ഇന്ത്യൻ വനിത ടീമിന്റെ ഫീൽഡിങ് കോച്ചും ഐ.പി.എല്ലിൽ ഡൽഹി ടീമിന്റെ സഹപരിശീലകനുമായ ബിജു ജോർജിന്റെ കീഴിലാണ് അജ്മൽ പരിശീലനം നേടുന്നത്. ഐ.പി.എൽ ലക്ഷ്യമിടുന്ന അജ്മലിന് ദ്രാവിഡിന്റെയും റാഷിദ്ഖാന്റെയും പ്രശംസയും നിർദേശങ്ങളും ഏറെ പ്രചോദനമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

