നീരജ് ചോപ്രക്ക് ആനന്ദ് മഹീന്ദ്ര എന്തു കൊടുക്കും? മറുപടിയിതാ
text_fieldsപി.വി. സിന്ധു ഒളിമ്പിക് ബാഡ്മിന്‍റണിൽ വെങ്കല മെഡൽ നേടിയപ്പോൾ താരത്തിന് മഹീന്ദ്രയുടെ ഓഫ് റോഡ് വാഹനമായ ഥാർ സമ്മാനമായി നൽകണമെന്ന് ആരാധകർ ആവശ്യപ്പെട്ടിരുന്നു. സിന്ധു ഥാർ അർഹിക്കുന്നുവെന്നും എന്നാൽ നേരത്തെ തന്നെ നൽകിയിട്ടുണ്ടെന്നുമായിരുന്നു വ്യവസായി ആനന്ദ് മഹീന്ദ്ര ഇതിന് മറുപടി നൽകിയത്.
കഴിഞ്ഞ പ്രാവശ്യത്തെ റിയോ ഒളിമ്പിക്സിൽ വെള്ളിമെഡൽ നേടിയപ്പോഴാണ് സിന്ധുവിന് ആനന്ദ് മഹീന്ദ്ര ഥാർ സമ്മാനമായി നൽകിയത്. ഗുസ്തിയിൽ മെഡൽ നേടിയ സാക്ഷി മാലികിനും മഹീന്ദ്രയുടെ സമ്മാനം ലഭിച്ചിരുന്നു.
ഇത്തവണ, ജാവലിൻ ത്രോയിൽ സ്വർണം നേടി ചരിത്രം കുറിച്ച നീരജ് ചോപ്രക്ക് മഹീന്ദ്രയുടെ ഏറ്റവും പുതിയ വാഹനമായ എക്സ്.യു.വി 700 നൽകണമെന്നാണ് ട്വിറ്ററിൽ ആരാധകർ ആവശ്യപ്പെട്ടത്. സുവർണ താരത്തിന് എക്സ്.യു.വി 700 സമ്മാനിക്കുന്നതിൽ അഭിമാനമുണ്ടെന്നായിരുന്നു ഇതിന് ആനന്ദ് മഹീന്ദ്ര നൽകിയ മറുപടി. നീരജ് ചോപ്രക്കായി ഒരെണ്ണം തയാറാക്കി വെക്കൂവെന്ന് മഹീന്ദ്രയിലെ ഉന്നത ജീവനക്കാർക്ക് നിർദേശവും നൽകി.
എക്സ്.യു.വി 700 നിരത്തിലിറക്കുമ്പോൾ ആദ്യ വാഹനം തന്നെ നീരജ് ചോപ്രക്ക് നൽകണമെന്നും അഭിപ്രായമുയർന്നു. ഇക്കാര്യവും പരിഗണിക്കാമെന്നാണ് ആനന്ദ് മഹീന്ദ്ര മറുപടി നൽകിയിരിക്കുന്നത്.