ശങ്കയില്ലാതെ മെഡൽ പോരാട്ടത്തിലേക്ക്
text_fieldsയൂജിന്‍: ലോക ചാമ്പ്യൻഷിപ് ലോങ്ജംപ് ഫൈനലിൽ മത്സരിച്ച ഒരേയൊരു ഇന്ത്യൻ താരം മലയാളി തന്നെയായ അഞ്ജു ബോബി ജോർജാണ്. പുരുഷന്മാർ പക്ഷേ, പൂജ്യം. ആ സാഹചര്യത്തിലാണ് ശ്രീശങ്കറിന്റെ ചാട്ടം ചരിത്രമാവുന്നത്. ഗ്രൂപ് 'ബി'യിലായിരുന്നു ശ്രീശങ്കർ. രണ്ടാമത്തെ ശ്രമത്തിൽ എത്തിയത് എട്ടു മീറ്ററിൽ. യോഗ്യത റൗണ്ടിൽ 8.15 മീറ്റർ ചാടുന്നവർക്കോ ഏറ്റവും മികച്ച 12 ചാട്ടക്കാർക്കോ ആണ് ഫൈനലിൽ അവസരം. 8.15 മീറ്റർ ചാടിയത് ജപ്പാന്റെ യുകി ഹാഷിയോകയും (8.18) അമേരിക്കയുടെ മാർക്വിസ് ഡെൻഡിയും (8.16) മാത്രം. 12ൽ എട്ടാമനായി ശ്രീശങ്കർ ഫൈനലിൽ. ഗ്രൂപ്പിൽ രണ്ടാമതുമാണ്.
മറ്റൊരു മലയാളി വൈ. മുഹമ്മദ് അനീസും ജെസ്വിൻ ആൽഡ്രിനും പുരുഷ ലോങ്ജംപിൽ മത്സരിച്ചിരുന്നു. ആൽഡ്രിന് 7.79 മീറ്ററും അനീസിന് 7.73 മീറ്ററുമാണ് മറികടക്കാനായത്. ഗ്രൂപ് 'എ'യിലുണ്ടായിരുന്ന ഇരുവരും ഇവിടെ യഥാക്രമം ഒമ്പതാമനുമായി. ഞായറാഴ്ച രാവിലെ ഇന്ത്യൻ സമയം 6.50നാണ് ലോങ്ജംപ് ഫൈനൽ. സീസണിൽ ഏറ്റവും മികച്ച രണ്ടാമത്തെ ദൂരം (8.36 മീ.) ശ്രീശങ്കറിന്റെ പേരിലാണ്.
ഏപ്രിലിൽ തേഞ്ഞിപ്പലത്ത് കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിലായിരുന്നു ദേശീയ റെക്കോഡായ ഈ പ്രകടനം. സ്വിറ്റ്സർലൻഡിന്റെ സിമോൺ ഇഹാമറാണ് (8.45) സീസണിൽ ഒന്നാമത്. 8.09 മീ. ചാടി സിമോൺ ഫൈനലിലുണ്ട്.യോഗ്യത റൗണ്ടിൽ ഒന്നാം സ്ഥാനക്കാരനായി ഫൈനലിലെത്തിയ യുകി ഹാഷിയോകയുടെ മികച്ച ദൂരവും ശ്രീശങ്കറിനെപ്പോലെ 8.36 മീറ്ററാണ്. ആഞ്ഞുപിടിച്ചാൽ ലോക ചാമ്പ്യൻഷിപ് മെഡലുമായി 23വയസ്സുകാരനായ ശ്രീക്ക് മടങ്ങാം.