50 പിന്നിട്ടവർക്ക് കളിക്കാം; വ്യാപാരികളുടെ ഫുട്ബാൾ ടീമൊരുങ്ങുന്നു
text_fieldsകുന്നുംപുറത്ത് നടക്കുന്ന വ്യാപാരി ഫുട്ബാൾ പരിശീലനം
വേങ്ങര: 50 വയസ്സ് പിന്നിട്ട കളിക്കമ്പക്കാരായ വ്യാപാരികളുടെ ഫുട്ബാൾ ടീമൊരുങ്ങുന്നു. എ.ആർ നഗർ പഞ്ചായത്തിലെ കുന്നുംപുറത്താണ് പ്രായത്തിൽ അർധസെഞ്ച്വറി പിന്നിട്ട വ്യാപാരികളുടെ ടീം ഒരുങ്ങുന്നത്.
എല്ലാ ഞായറാഴ്ചയും രാവിലെ വ്യത്യസ്ത ടർഫ് കോർട്ടുകളിൽ പരിശീലനം നടത്തുന്ന വ്യാപാരികൾക്ക് പരിശീലനവും പിന്തുണയുമായി വ്യാപാരി യൂത്ത് വിങ് പ്രവർത്തകരാണ് കൂടെയുള്ളത്. സ്കൂൾ കാലഘട്ടം കഴിഞ്ഞതോടെ ഉപേക്ഷിക്കേണ്ടി വന്ന കളിക്കാലം വീണ്ടെടുക്കുകയാണ് പലരും. അമ്പതിനും എഴുപതിനുമിടയിൽ പ്രായമുള്ള ഇരുപതോളം പേരാണ് ഒാരോ ഞായറാഴ്ചയും ഫുട്ബാൾ കോർട്ടിൽ ഒത്തുചേരുന്നത്. കുട്ടിക്കാലത്തുപോലും ലഭിക്കാത്ത മാനസികോല്ലാസമാണ് കളിയിലൂടെ ലഭിക്കുന്നതെന്നും അലസമായ ഞായറാഴ്ചകൾക്ക് പകരം ഊർജസ്വലമായ വാരാന്ത്യമാണ് ഇപ്പോൾ കളിയിലൂടെ അനുഭവിക്കുന്നതെന്നും കൂട്ടത്തിൽ മുതിർന്ന എ.പി. ബാവ അഭിപ്രായപ്പെട്ടു.
50 പിന്നിട്ട് ജീവിതത്തിെൻറ സായാഹ്നം കച്ചവടത്തിനപ്പുറം കാൽപ്പന്തു കളിയിലും കഴിവ് തെളിയിച്ച വ്യാപാരികളെ അഭിനന്ദിക്കാൻ എ.ആർ. നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. ലിയാഖത്തലി കോർട്ടിലെത്തി. റഷീദ്, അഷ്കർ തറയിൽ എന്നിവർ കളി നിയന്ത്രിച്ചു. കെ.കെ. മൊയ്തീൻ കുട്ടി, മജീദ് കുന്നുമ്മൽ, ഹുസൈൻ ഹാജി, എസ്.കെ. സൈതലവി ഹാജി എന്നിവർ നേതൃത്വം നൽകി.