ഇറ്റലിയുടെ ദേശീയ കോച്ചിന് ഇതു വീട്ടുകാര്യം
text_fieldsഇറ്റലി റഗ്ബി ദേശീയ പരിശീലകൻ ആൻഡ്രിയ മൊറൈറ്റി കുടുംബത്തോടൊപ്പം
കോഴിക്കോട്: ഇറ്റലിയുടെ ദേശീയ റഗ്ബി ടീം കോച്ചിന് കേരള ടീമിനെ പരിശീലിപ്പിക്കുകയെന്നത് വീട്ടുകാര്യം പോലെയാണ്. കോഴിക്കോട് മാനാഞ്ചിറ മൈതാനിയിൽ രാവിലെ കോച്ച് ആൻഡ്രിയ മോറൈറ്റി പരിശീലനത്തിനെത്തിയത് ചാലപ്പുറത്തെ ഭാര്യവീട്ടിൽ നിന്നാണ്. ചാലപ്പുറത്തെ ഡോ.യു.എസ്. മേനോന്‍റെയും സ്കോട്ട്ലൻഡുകാരിയായ മാർഗരറ്റ് മേനോന്‍റെയും മകൾ സുജാത ഷൈല മേനോനാണ് അദ്ദേഹത്തിന്‍റെ പ്രിയതമ.
കോഴിക്കോട്ടെ പ്രമുഖ ഭിഷഗ്വരനായിരുന്ന ഡോ.സി.കെ.മോനോന്‍റെ പേരക്കുട്ടിയായ സുജാത ഭർത്താവിനും മക്കളായ ആലസ്യോശരത്തിനും മത്തായോക്കുമൊപ്പം ഏതാനും ദിവസം തറവാട്ട് വീട്ടിൽ തങ്ങാനെത്തിയതാണ്. ഊണിലും ഉറക്കിലും റഗ്ബിയെപ്പറ്റി ചിന്തിക്കുന്ന ഭർത്താവിനെ അവർ കേരള റഗ്ബി അസോസിയേഷൻ സെക്രട്ടറി കൊല്ലത്തുകാരനായ ആർ. ജയകൃഷ്ണനുമായി ബന്ധപ്പെടുത്തി.
മാനാഞ്ചിറ സ്പോർട്സ് കൗൺസിൽ ഹാളിൽ ആൻഡ്രിയക്ക് റഗ്ബി അസോസിയേഷൻ ഉടൻ സ്വീകരണമൊരുക്കി. ഒപ്പം അന്താരാഷ്ട്ര തന്ത്രങ്ങളുടെ പാഠങ്ങൾ പകർന്ന് മാനാഞ്ചിറയിൽ സംസ്ഥാന ടീമംഗങ്ങൾക്ക് ഏകദിന ശിൽപശാലയും ഒരുക്കി.
ജപ്പാൻ എയർവെയ്സിൽ എയർഹോസ്റ്റസായ സുജാത ആൻഡ്രിയക്കൊപ്പം ഇറ്റലിയിലെ മാൻഡോവ നഗരത്തിലാണ് താമസം. കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം ആദ്യമാണ് കോഴിക്കോട്ട് വരുന്നത്. കോഴിക്കോട്ടെ അശോക ഹോസ്പിറ്റലിൽ അനസ്തേഷ്യ വിദഗ്ധനായിരുന്ന സുജാതയുടെ പിതാവ് സ്കോട്ട്ലൻഡിൽ പഠനത്തിനിടെയാണ് മാർഗരറ്റുമായി പരിചയത്തിലായത്. തിങ്കളാഴ്ച കുടുംബം മടങ്ങും.
'റഗ്ബിയിൽ മലയാളി നേട്ടമുണ്ടാക്കും'
താൻ പരിശീലിപ്പിക്കുന്ന ഇറ്റാലിയൻ ദേശീയ ടീം ലോക റഗ്ബി റാങ്കിങ്ങിൽ എട്ടാമതുള്ള വെയിൽസിനെ കഴിഞ്ഞ ദിവസം തോൽപിച്ച ആവേശത്തിലാണ് കോച്ച് ആൻഡ്രിയ മോറൈറ്റി. ഇറ്റലിക്ക് 14ാം റാങ്കാണ്. ഇന്ത്യൻ ടീമിൽ മലയാളിയെ എത്തിക്കുകയെന്ന സ്വപ്നം സംസ്ഥാന റഗ്ബി അസോസിയേഷൻ ഭാരവാഹികൾ സ്വീകരണച്ചടങ്ങിൽ പങ്കുവെച്ചു.
യൂറോപ്യൻ കളിക്കാരെപ്പോലെ തടിമിടുക്കില്ലെങ്കിലും തന്ത്രവും ചടുലതയും പകർന്ന് നൽകിയാൽ ഇന്ത്യക്കാർക്ക് നേട്ടമുണ്ടാക്കാമെന്ന് ആൻഡ്രിയ പറഞ്ഞു. ജപ്പാനും ഫിജിയും ശ്രീലങ്കയുമൊക്കെ ഈ വിധമാണ് നേട്ടമുണ്ടാക്കിയത്. എല്ലാ വർഷവും പരിശീലനം നൽകാൻ കേരളത്തിലെത്തുമെന്നും ഓൺലൈനായി ട്രെയിനർമാർക്ക് പ്രത്യേക പരിശീലനം നൽകുമെന്നും ഉറപ്പു നൽകി.
ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് ഒ. രാജഗോപാൽ, ടി.പി. ദാസൻ എന്നിവർ ഉപഹാരം നൽകി. ആർ. ജയകൃഷ്ണൻ, ടി.എം. അബ്ദുറഹിമാൻ, സലീം കെ.ഇടശ്ശേരി, ഡോ. റോയി ജോൺ, കെ.എം. ജോസഫ്, ഇ. കോയ, പി. പോക്കർ, എം. മുജീബുറഹ്മാൻ, കെ.വി. അബ്ദുൽ മജീദ് സംസാരിച്ചു.