എറണാകുളം ഗവ. ഗേൾസ് സ്കൂളിൽ കായികാധ്യാപകനില്ല; വെട്ടിലായി വിദ്യാർഥികൾ
text_fieldsപ്രതീകാത്മക ചിത്രം
കൊച്ചി: മൂന്നു വിദ്യാർഥിനികളുടെ കുറവുമൂലം എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ കായിക അധ്യാപക തസ്തിക നഷ്ടമായിട്ട് മാസങ്ങൾ. ഇതേതുടർന്ന് പരിശീലനം നടത്താനാകാതെ വെട്ടിലായിരിക്കുകയാണ് വിദ്യാർഥിനികൾ.സ്കൂളിൽ ഇത്തവണ കായിക അധ്യാപക: വിദ്യാർഥി അനുപാതം തെറ്റിയതിനെ തുടർന്നാണ് കായിക അധ്യാപകനെ സ്ഥലം മാറ്റിയത്.
എന്നാൽ, ഇതിന് ബദൽ സംവിധാനം ഒരുക്കാത്തതാണ് കുഴപ്പിക്കുന്നത്. സംസ്ഥാനതലത്തിൽവരെ മത്സരിച്ച ഖോ-ഖോ ടീമുൾപ്പെടെ സജീവമാണ് സ്കൂളിൽ. കൂടാതെ, ഈ വർഷം ബാസ്കറ്റ് ബാൾ ടീമും രൂപവത്കരിച്ചിട്ടുണ്ട്. എന്നാൽ, ഇവർക്കൊന്നും പരിശീലകനില്ലാത്തതിനാൽ ഉടൻ നടക്കാനിരിക്കുന്ന ഉപജില്ല, ജില്ല കായികമേളകളിൽ മികച്ച പ്രകടനം നടത്താൻ സാധിക്കില്ലെന്ന ആശങ്കയിലാണ് വിദ്യാർഥികളും രക്ഷിതാക്കളും.
അടുത്തിടെയാണ് ലക്ഷങ്ങൾ മുടക്കി കൊച്ചി കോർപറേഷന്റെ നേതൃത്വത്തിൽ സി.എസ്.ആർ ഫണ്ട് കണ്ടെത്തി ഗേൾസ് സ്കൂളിലെ ഗ്രൗണ്ട് നവീകരിച്ചത്. എന്നാൽ, തുടർപരിശീലനത്തിനുള്ള വഴിയാണ് വിദ്യാർഥികൾക്കു മുന്നിൽ അടഞ്ഞത്.
പി.ടി.എ ഇടപെട്ട് പലതവണ സർക്കാറിനും അധികൃതർക്കും കായിക അധ്യാപകനെ നിലനിർത്തണമെന്ന് അപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. പകരം സംവിധാനം ഏർപ്പെടുത്തരണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല. പി.ടി.എക്കു കീഴിൽ സ്പോർട്സ് കമ്മിറ്റി രൂപവത്കരിച്ച് ചലഞ്ചുകളിൽനിന്ന് സംഭരിച്ച തുക ഉപയോഗിച്ച് പരിശീലനം ആരംഭിക്കാൻ എക്സിക്യൂട്ടിവ് കമ്മിറ്റി തീരുമാനമെടുത്തിട്ടും നടപടിയായില്ലെന്ന് രക്ഷിതാക്കൾ ചൂണ്ടിക്കാണിക്കുന്നു.
എന്നാൽ, പി.ടി.എ എക്സിക്യൂട്ടിവ് യോഗത്തിൽ കായിക അധ്യാപകനെ നിയമിക്കാൻ തീരുമാനിച്ചതാണെങ്കിലും വേതനം സംബന്ധിച്ച് തീരുമാനമാകാത്തതിനാലാണ് നിയമനം നീളുന്നതെന്ന് സ്കൂൾ അധികൃതർ പറയുന്നു. സ്കൂളിന് കായിക അധ്യാപകൻ വേണം, പി.ടി.എ തലത്തിലേ ബദൽ സംവിധാനം ഒരുക്കാനാവൂ. ഇതിനുള്ള ഫണ്ട് കണ്ടെത്തേണ്ടതുണ്ടെന്നും ബന്ധപ്പെട്ടവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

