സംസ്ഥാന സ്കൂൾ കായികമേളക്ക് നാളെ തുടക്കം
text_fieldsസംസ്ഥാന സ്കൂൾ കായികമേള
തിരുവനന്തപുരം: കേരളത്തിന്‍റെ യുവ കായികപ്രതിഭകൾ ചൊവ്വാഴ്ച മുതൽ കളത്തിലിറങ്ങും; പുതിയ സമയവും ദൂരവും കുറിക്കാൻ. ഒളിമ്പിക്സ് മാതൃകയിലുള്ള 67ാമത് സംസ്ഥാന സ്കൂൾ കായികമേള ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കായികതാരങ്ങളുടെ മാർച്ച് പാസ്റ്റോടെയാണ് തുടക്കം.
തുടർന്ന് ഫുട്‌ബാൾ താരം ഐ.എം. വിജയൻ മന്ത്രി വി. ശിവൻകുട്ടിക്കൊപ്പം ദീപശിഖ കൊളുത്തും. പ്രതിപക്ഷ നേതാവുൾപ്പെടെയുള്ളവർ പങ്കെടുക്കും. ക്രിക്കറ്റ് താരം സഞ്ജു സാംസണാണ് മേളയുടെ ബ്രാന്റ് അംബാസഡർ. നടി കീർത്തി സുരേഷ് ഗുഡ്‌വിൽ അംബാസഡറാണ്. ഉദ്ഘാടന ചടങ്ങിന് ശേഷം കേരളത്തിന്റെ സാംസ്‌കാരിക പൈതൃകവും പാരമ്പര്യവും വിളിച്ചോതുന്ന കലാപരിപാടികൾ അരങ്ങേറും.
ഏറ്റവും കൂടുതൽ പോയന്റ് നേടുന്ന ജില്ലക്ക് നൽകുന്ന മുഖ്യമന്ത്രിയുടെ പേരിലുള്ള സ്വർണക്കപ്പിന് ഞായറാഴ്‌ച വൈകീട്ട് തിരുവനന്തപുരം ജില്ല അതിർത്തിയിലെ തട്ടത്തുമല ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ മന്ത്രി വി. ശിവൻകുട്ടി, പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷ്, എം.എൽ.എമാർ ഉൾപ്പെടെയുള്ളവർ ചേർന്ന് സ്വീകരണമൊരുക്കി. ചൊവ്വാഴ്ച രാവിലെ 10ന് പട്ടം ഗേൾസ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽനിന്ന് സ്വർണക്കപ്പ് ഘോഷയാത്ര ഉദ്ഘാടന വേദിയായ യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിലേക്ക് എത്തും.
പതിനാറോളം ഉപകമ്മിറ്റികളുടെ നേതൃത്വത്തിൽ മേളയുടെ ഒരുക്കങ്ങളെല്ലാം പൂർത്തിയാവുകയാണെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. കായിക താരങ്ങളുടെ താമസത്തിനായി 74 സ്‌കൂളുകളിൽ സൗകര്യമൊരുക്കി. കുട്ടികളുടെ യാത്രക്കായി 142 ബസുകൾ സജ്ജമാക്കി. ഗ്രൗണ്ടുകളിലും താമസ സ്ഥലങ്ങളിലും സാനിറ്റൈസേഷൻ, ഇ-ടോയ്‌ലറ്റ് സംവിധാനങ്ങൾ ഒരുക്കി. നിരോധിത ഉൽപന്നങ്ങൾ വിൽക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഗ്രൗണ്ടുകളിലും താമസ സ്ഥലത്തും എക്സൈസിന്റെ പ്രത്യേക നിരീക്ഷണം ഉണ്ടായിരിക്കും. മെഡിക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചികിത്സ സൗകര്യവും ആംബുലൻസ് സർവിസും ഏർപ്പാടാക്കി.
‘പടുത്തുയർത്താം കായികലഹരി’ തീം സോങ് പ്രകാശനം ചെയ്‌തു
തിരുവനന്തപുരം: ഒളിമ്പിക്സ് മാതൃകയിൽ നടത്തുന്ന സംസ്ഥാന സ്കൂൾ കായികമേളയുടെ തീം സോങ് പുറത്തിറക്കി. മേളയുടെ ചരിത്രത്തിൽ ആദ്യമായാണ് തീം സോങ് തയാറാക്കുന്നത്. പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികൾ ഗാനരചനയും സംഗീതസംവിധാനവും ആലാപനവും നിർവഹിച്ച തീം സോങ് തിരുവനന്തപുരത്ത് പി.ആർ ചേംബറിൽ നടന്ന ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടി പ്രകാശനം ചെയ്‌തു.
പാലക്കാട് പൊറ്റശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥി വി. പ്രഫുൽദാസാണ് ‘പടുത്തുയർത്താം കായികലഹരി’ എന്നുതുടങ്ങുന്ന ഗാനം രചിച്ചത്. സംഗീതമൊരുക്കിയത് കോട്ടൺഹിൽ ഗവ. ഗേൾസ് എച്ച്.എസ്.എസിലെ ഒമ്പതാം ക്ലാസുകാരി ശിവങ്കരി പി. തങ്കച്ചിയും.
കോട്ടൺഹില്ലിലെ നവമി ആർ. വിഷ്ണു, അനഘ എസ്. നായർ, ലയ വില്യം, എ.പി. കീർത്തന, തൈക്കാട് ഗവ. മോഡൽ ബോയ്സ് എച്ച്.എസ്.എസിലെ കെ.ആർ. നന്ദകിഷോർ, പി. ഹരീഷ്, ആർ. അഥിത് എന്നിവർക്കൊപ്പം ശിവങ്കരിയും ഗാനം ആലപിച്ചിട്ടുണ്ട്. വീഡിയോ പ്രൊഡക്ഷൻ നിർവഹിച്ചത് കൈറ്റ് വിക്ടേഴ്സാണ്.
കഴിഞ്ഞ കായികമേളയിലെ മെഡൽ ലഭിക്കാതെ താരങ്ങൾ
മലപ്പുറം: ഒളിമ്പിക്സ് മാതൃകയിൽ കഴിഞ്ഞ വർഷം ആദ്യമായി സംഘടിപ്പിച്ച സംസ്ഥാന സ്കൂൾ കായികമേളയുടെ മെഡൽ ലഭിക്കാത്ത നിരാശയിൽ നിരവധി കായിക താരങ്ങൾ. എറണാകുളത്ത് നടന്ന മത്സരങ്ങൾക്ക് മുന്നോടിയായി നടന്ന ഗെയിംസ് ഇനങ്ങളിൽ പങ്കെടുത്ത് വിജയികളായ കുട്ടികൾക്കാണ് ഒരു വർഷം പിന്നിട്ടിട്ടും മെഡലുകൾ ലഭിക്കാത്തത്.
പരിശീലകരും കായികാധ്യാപക സംഘടനകളും ഇക്കാര്യം വിദ്യാഭ്യാസ മന്ത്രി, പൊതുവിദ്യാഭ്യാസ ഡയറക്ടർ, സ്പോട്സ് ഓർഗനൈസർ എന്നിവരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നെങ്കിലും പരിഹാരമായിട്ടില്ല. മെഡൽ ലഭിക്കാനുള്ള കുട്ടികളുടെ ലിസ്റ്റ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടർമാരിൽനിന്ന് കഴിഞ്ഞ വർഷം തന്നെ ശേഖരിച്ചിരുന്നു. ഓർഡർ നൽകിയപ്പോൾ എണ്ണത്തിലുണ്ടായ പിഴവാണ് കായികതാരങ്ങൾക്ക് മെഡൽ ലഭിക്കാതിരുന്നതിന് കാരണം.
ഹൈടെക്കാക്കാൻ കൈറ്റ്
തിരുവനന്തപുരം: കായികമേളയുടെ നടത്തിപ്പും കാഴ്ചയും ഹൈടെക്കാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിലെ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷൻ (കൈറ്റ്). മത്സരങ്ങളുടെ തത്സമയ ഫലങ്ങളും മീറ്റ് റെക്കോഡുകളും സർട്ടിഫിക്കറ്റുകളുമെല്ലാം പോർട്ടലിലുണ്ടാകും. ജില്ലയും സ്കൂളും തിരിച്ചും വിജയികളുടെ ചിത്രങ്ങളോടെയുമുള്ള ഫലം ലഭ്യമാകും. KITE VICTERS ആപ്പിലും victers.kite.kerala.gov.in സൈറ്റിലും കൈറ്റിന്റെ itsvicters യുട്യൂബ് ചാനലിലും ഇ-വിദ്യ കേരളം ചാനലിലും മേള തത്സമയം കാണാം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

