എന്തുകൊണ്ട് അർജന്റീന പ്രസിഡന്റ് ഫൈനൽ കാണാൻ പോകുന്നില്ല? കാരണം ഇതാണ്
text_fieldsബ്യൂണസ് ഐറിസ്: ഞായറാഴ്ച നടക്കുന്ന ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനെ നേരിടുന്ന അർജന്റീന ടീമിനെ പിന്തുണക്കാൻ പ്രസിഡന്റ് ഹാവിയർ മിലെയ് സ്റ്റേഡിയത്തിൽ എത്തില്ല. അന്ധവിശ്വാസമാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് മിലെയ് തുറന്നുസമ്മതിച്ചിട്ടുണ്ട്. ഫൈനൽ കാണാൻ ഗാലറിയിലെത്തുന്നതിന് പകരം ഒലിവോസിലെ ഔദ്യോഗിക വസതിയിലിരുന്നാകും അദ്ദേഹം കളി കാണുക. ടൂർണമെന്റിൽ അർജന്റീന കളിച്ച ഏഴ് മത്സരങ്ങളും അദ്ദേഹം ഇവിടെയിരുന്നാണ് കണ്ടത്. ടീമിന്റെ ഈ 'ലക്കി റൂട്ടീൻ' മാറ്റാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് മിലെയ് വ്യക്തമാക്കി. ടൂർണമെന്റിലുടനീളം താൻ ധരിച്ച അതേ കനത്ത ജാക്കറ്റ് ധരിച്ചാകും ഫൈനലും കാണുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഞായറാഴ്ച ന്യൂജേഴ്‌സിയിൽ നടക്കുന്ന കലാശപ്പോരാട്ടം കാണാൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോക്കുമൊപ്പം മിലെയ് എത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാൽ, താൻ സ്റ്റേഡിയത്തിലേക്കില്ലെന്ന് ബ്യൂണസ് ഐറിസിലെ പ്രാദേശിക റേഡിയോ സ്റ്റേഷനായ 'എൽ ഒബ്‌സർവേറ്ററി'യോട് അദ്ദേഹം വ്യക്തമാക്കി.
അന്ധവിശ്വാസം കാരണമാണോ വീട്ടിലിരിക്കുന്നത് എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മിലെയുടെ മറുപടി ഇങ്ങനെയായിരുന്നു: "അതെ, വീട്ടിൽ തണുപ്പായതുകൊണ്ട് ഞാൻ ഹീറ്റർ ഓൺ ചെയ്യാറില്ല. പകരം ഒരു ഓയിൽ കമ്പനിയുടെ ബ്രാൻഡഡ് ജാക്കറ്റാണ് ധരിക്കാറുള്ളത്. സ്വിറ്റ്സർലൻഡുമായുള്ള മത്സരത്തിനിടെ എനിക്ക് നല്ല ചൂട് അനുഭവപ്പെട്ടപ്പോൾ ഞാനത് ഊരിവെച്ചു. അപ്പോൾത്തന്നെ അവർ നമുക്കെതിരെ ഗോൾ അടിച്ചു. ഉടൻ തന്നെ ഞാനത് തിരികെ ധരിച്ചു, പിന്നീട് കളിക്കിടയിൽ ഒരിക്കലും അത് ഊരിയിട്ടില്ല."
അർജന്റീനയിൽ ഇത്തരം അന്ധവിശ്വാസങ്ങൾക്കും പരമ്പരാഗത ആചാരങ്ങൾക്കും 'കബാലാസ്' എന്നാണ് പറയുന്നത്. ടീം ജയിച്ചുതുടങ്ങിയാൽ കളി കാണുന്ന സ്ഥലം, ഇരിക്കുന്ന കസേര, കൂടെയുള്ള ആളുകൾ എന്നിവരെയൊന്നും ആരാധകർ മാറ്റാറില്ല. ടൂർണമെന്റ് തീരുന്നതുവരെ ജേഴ്‌സി അലക്കാത്തവരും ഒരേ വസ്ത്രം ധരിച്ച് കളി കാണുന്നവരും അർജന്റീനയിലുണ്ട്. എതിർ ടീമിലെ കളിക്കാരുടെ ചിത്രങ്ങളോ അവരുടെ പേരുകളെഴുതിയ കടലാസുകളോ ഫ്രീസറിൽ വെച്ച് തണുപ്പിച്ച് അവർക്ക് നിർഭാഗ്യം വരുത്താൻ ശ്രമിക്കുന്ന രീതിയും അവിടെ സജീവമാണ്.
അർജന്റീന പ്രസിഡന്റുമാർ ലോകകപ്പ് മത്സരങ്ങൾ നേരിട്ട് കാണാൻ പോകാത്തതിന് പിന്നിൽ വർഷങ്ങളുടെ പഴക്കമുള്ള മറ്റൊരു ചരിത്രമുണ്ട്. 1990-ലെ ലോകകപ്പിൽ അന്നത്തെ പ്രസിഡന്റ് കാർലോസ് മെനെം അർജന്റീനൻ ടീമിനെ സന്ദർശിച്ചതിന് തൊട്ടുപിന്നാലെ നടന്ന ഉദ്ഘാടന മത്സരത്തിൽ കാമറൂണിനോട് ടീം അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയിരുന്നു. ഇതോടെ മെനെമിനെ ആരാധകർ 'മുഫ' (നിർഭാഗ്യം കൊണ്ടുവരുന്നയാൾ) എന്ന് വിളിക്കാൻ തുടങ്ങി. അതിനുശേഷം ഇന്നുവരെ അർജന്റീനയിലെ ഒരു ഭരണാധികാരിയും സ്വന്തം ടീമിന്റെ ലോകകപ്പ് മത്സരങ്ങൾ നേരിട്ട് കാണാൻ സ്റ്റേഡിയത്തിലേക്ക് പോയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

