‘ഇത് സന്തോഷത്തിന്റെ കണ്ണീരാണ്, ദു:ഖത്തിന്റേതല്ല’; ഗ്രാന്റ്സ്ലാം കോർട്ടിൽ ഇനി സാനിയ ഇല്ല
text_fieldsമെൽബൺ: ആസ്ട്രേലിയൻ ഓപൺ ടെന്നിസ് മിക്സഡ് ഡബിൾസ് ഫൈനലിന് റോഡ് ലേവർ അരീന വേദിയാകുമ്പോൾ ഇന്ത്യൻ ആരാധകർക്ക് ഒറ്റ പ്രാർഥനയേ ഉണ്ടായിരുന്നുള്ളൂ. തങ്ങളുടെ പ്രിയതാരം സാനിയ മിർസ ഒരിക്കൽ കൂടി ഗ്രാന്റ്സ്ലാം കിരീടമണിയുന്നത് കൺനിറയെ കാണണം. എന്നാൽ, ആറ് തവണ ഗ്രാന്റ്സ്ലാം ജേതാവായി രാജ്യത്തിന്റെ അഭിമാനമായ സാനിയക്ക് തന്റെ അവസാന ഗ്രാന്റ്സ്ലാമിൽ രോഹൻ ബൊപ്പണ്ണക്കൊപ്പം വിജയത്തിലെത്താനായില്ല. രണ്ടുതവണ തന്നെ ജേതാവാക്കിയ ആസ്ട്രേലിയൻ മണ്ണ് ഇത്തവണയും തുണക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ബ്രസീലിൽനിന്നുള്ള ലൂയിസ സ്റ്റെഫാനി-റാഫേൽ മാറ്റോസ് സഖ്യത്തോട് 7-6 (7-2), 6-2 എന്ന സ്കോറിന് പരാജയപ്പെടുകയായിരുന്നു. മൂന്ന് തവണ വീതം ഡബിൾസ്, മിക്സഡ് ഡബിൾസ് ജേതാവായ താരം ആസ്ട്രേലിയൻ ഓപൺ തന്റെ അവസാന ഗ്രാന്റ്സ്ലാം മത്സരമാകുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. സീഡ് ചെയ്യപ്പെടാതെ എത്തിയ ഇന്ത്യൻ സഖ്യം സ്വപ്നതുല്യമായ കുതിപ്പാണ് ടൂർണമെന്റിൽ നടത്തിയത്. സാനിയയുടെ കരിയറിലെ 11ാം ഗ്രാന്റ്സ്ലാം ഫൈനലായിരുന്നു ഇത്. നേരത്തെ 2009ൽ മിക്സഡ് ഡബിൾസിൽ മഹേഷ് ഭൂപതിക്കൊപ്പവും 2016ൽ ഡബിൾസിൽ മാർട്ടിന ഹിംഗിസിനൊപ്പവും സാനിയ മെൽബണിൽ കിരീടമണിഞ്ഞിരുന്നു.
മത്സരശേഷം വികാരഭരിതയായ സാനിയ മാധ്യമപ്രവർത്തകരോട് കണ്ണീരോടെ പറഞ്ഞത് ഇങ്ങനെയായിരുന്നു. ‘‘ഞാൻ പ്രഫഷനൽ ടെന്നിസ് കളിച്ചുതുടങ്ങിയത് മെൽബണിലാണ്. അവിടെ തന്നെ അവസാനിപ്പിക്കുന്നതിലും നല്ല അവസരം കിട്ടാനില്ല. ഗ്രാൻസ്ലം ഫൈനൽ മകന്റെ മുന്നിൽ കളിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. 2005ൽ മെൽബണിൽ സറീന വില്യംസിനെതിരെ ആസ്‌ട്രേലിയൻ ഓപണിൽ കളിച്ചാണ് കരിയർ തുടങ്ങിയത്. അന്നെനിക്ക് 18 വയസായിരുന്നു’’, ഇത്രയും പറഞ്ഞശേഷം സാനിയയുടെ വാക്കുകൾ ഇടറുകയും കരയുകയും ചെയ്തു. ഞാൻ കരയുന്നെങ്കിൽ ഈ കാണുന്നത് സന്തോഷത്തിന്റെ കണ്ണീരാണ്, ദു:ഖത്തിന്റേതല്ല’’ സാനിയ പറഞ്ഞു. അൽപനേരം സംസാരം നിർത്തിയ സാനിയയെ വൻ കരഘോഷത്തോടെയാണ് കാണികൾ സ്വീകരിച്ചത്. പതിനാലാം വയസ്സിൽ തന്റെ ആദ്യ മിക്‌സഡ് ഡബിൾസ് പങ്കാളിയായിരുന്ന രോഹൻ ബൊപ്പണ്ണക്കൊപ്പം തന്നെയാണ് അവസാന മിക്‌സഡ് ഡബിൾസിനും അവസരം ലഭിച്ചത്.
സറീന വില്യംസിനെതിരെ കളിച്ചതാണ് എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും സവിശേഷമായ ഓർമയെന്ന് സെമിഫൈനൽ വിജയത്തിന് ശേഷം സാനിയ വെളിപ്പെടുത്തിയിരുന്നു. സറീന വിജയിച്ചെങ്കിലും, ഒരു ഇന്ത്യൻ പെൺകുട്ടിയെന്ന നിലയിൽ, ഗ്രാന്റ്സ്ലാമുകളിൽ കളിച്ച് വിജയിക്കാനാകുമെന്ന് വിശ്വസിക്കാൻ ആ മത്സരം കാരണമായെന്നും സാനിയ പറഞ്ഞു. അതേവർഷം ഹൈദരാബാദിൽ സിംഗിൾസിൽ ഡബ്ല്യു.ടി.എ കിരീടം സ്വന്തമാക്കിയാണ് കിരീടങ്ങളിലേക്ക് റാക്കറ്റേന്തിത്തുടങ്ങിയത്. ആ വർഷം യു.എസ് ഓപണിൽ നാലാം റൗണ്ടിലെത്തി സാനിയ ഏവരെയും വിസ്മയിപ്പിച്ചു. ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരിയായി അന്നവർ മാറി. 10 വർഷം മുമ്പ് ഡബിസിലേക്ക് മാത്രം മാറുന്നതിന് മുമ്പ് വരെ ഇന്ത്യയുടെ ഒന്നാം നമ്പർ വനിത താരമായി നിലകൊണ്ടു. 2007ൽ ലോക റാങ്കിങ്ങിൽ 27ാം സ്ഥാനത്തെത്തി സ്വപ്നതുല്യമായ നേട്ടം സ്വന്തമാക്കി.
ഡബിൾസിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചതോടെ 91 ആഴ്ച ലോക ഒന്നാം നമ്പർ വനിത താരമായി സാനിയ നിലയുറപ്പിച്ചു. ആറ് ഗ്രാന്റ്സ്ലാം അടക്കം 43 കിരീടങ്ങളാണ് ആ കരിയറിന് അലങ്കാരമായത്. പാകിസ്താൻ ക്രിക്കറ്റർ ഷുഐബ് മാലികുമായുള്ള വിവാഹവും ദേശീയ പതാകയെ അപമാനിച്ചെന്ന ആരോപണവും ഉയർത്തി സാനിയുടെ രാജ്യസ്നേഹം വരെ ചോദ്യം ചെയ്യപ്പെട്ടെങ്കിലും ടെന്നിസ് കോർട്ടിലെ തളരാത്ത പോരാളിയായി സാനിയ നിലകൊണ്ടു. മകൻ ഇഹ്സാന്റെ ജനനത്തോടെ ദീർഘകാലം കളത്തിൽനിന്ന് വിട്ടുനിന്ന സാനിയ അവിശ്വസനീയ തിരിച്ചുവരവിലൂടെ ഏവരെയും വിസ്മയിപ്പിച്ചു. ഇന്നലെ അവസാന മത്സരം കാണാൻ നാലു വയസ്സുകാരനായ മകനും എത്തിയിരുന്നു. ദുബൈയിൽ അടുത്ത മാസം നടക്കുന്ന ഡബ്ല്യു.ടി.എ 1000 ഇവന്റോടെ ടെന്നിസിന്റെ എല്ലാ ഫോർമാറ്റിൽനിന്നും 36കാരി വിരമിക്കും. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച വനിത ടെന്നിസ് താരത്തിന്റെ ഗ്രാന്റ്സ്ലാം പടയോട്ടത്തിന് ഇതോടെ തിരശ്ശീല വീഴും.