സ്വിസ് ഓപൺ; പ്രണോയ്, സിന്ധു ഫൈനലിൽ
text_fieldsബേസൽ: മലയാളി താരം എച്ച്.എസ്. പ്രണോയ് സ്വിസ് ഓപൺ ബാഡ്മിന്റൺ ടൂർണമെന്റിന്റെ ഫൈനലിൽ കടന്നു. ലോക അഞ്ചാം നമ്പർ ഇന്തോനേഷ്യയുടെ ആന്റണി ജിൻഡിങിനെ മൂന്നു സെറ്റ് പോരാട്ടത്തിൽ മലർത്തിയടിച്ചായിരുന്നു 26ാം നമ്പർ താരമായ പ്രണോയിയുടെ മുന്നേറ്റം. സ്കോർ: 21-19, 19-21, 21-18. അഞ്ചു വർഷത്തിനിടെ പ്രണോയിയുടെ ആദ്യ ഫൈനലാണിത്.
2017ൽ കിരീടം നേടിയ യു.എസ് ഓപണിലായിരുന്നു അവസാന ഫൈനൽ. ഒരു മണിക്കൂറും 11 മിനിറ്റും നീണ്ട കടുത്ത പോരാട്ടത്തിലായിരുന്നു തിരുവനന്തപുരംകാരന്റെ വിജയഭേരി. ഇന്ത്യയുടെ കെ. ശ്രീകാന്തും ഇന്തോനേഷ്യയുടെ ജോനാഥൻ ക്രിസ്റ്റിയും തമ്മിലുള്ള സെമി വിജയികളാവും പ്രണോയിയുടെ ഫൈനൽ എതിരാളി.
വനിതകളിൽ ഇന്ത്യയുടെ പി.വി. സിന്ധുവും ഫൈനലിലെത്തി. ലോക 29ാം നമ്പർ താരമായ തായ്ലൻഡിന്റെ സുപാനിദ കറ്റെതോങ്ങിനെതിരെ മൂന്നു സെറ്റിൽ ജയിച്ചാണ് ഏഴാം നമ്പർ താരമായ സിന്ധുവിന്റെ ഫൈനൽ പ്രവേശനം. സ്കോർ: 21-18, 15-21, 21-19. നാലാം സീഡ് തായ്ലൻഡിന്റെ ബുസാനൻ ഓങ്ബാംറുങ്ഫാൻ ആണ് കലാശക്കളിയിൽ സിന്ധുവിന്റെ എതിരാളി. എട്ടാം സീഡ് ക്രിസ്റ്റി ഗിൽമറിനെ 21-16, 21-18നാണ് ഓങ്ബാംറുങ്ഫാൻ തോൽപിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

