ഇഗയെ മറികടന്ന് സബലെങ്ക വീണ്ടും ഒന്നാം നമ്പർ
text_fieldsലണ്ടൻ: സീസണിലുടനീളം മിന്നുംഫോമുമായി തിളങ്ങിയ ബെലറൂസ് താരം അരിന സബലെങ്ക വനിത ടെന്നിസ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഇഗ സ്വിയാറ്റെകിനെ കടന്നാണ് താരം ഒന്നാമതെത്തിയത്.
വർഷാവസാനം വേൾഡ് ടൂർ ഫൈനൽസ് മത്സരം സൗദിയിൽ നടക്കാനിരിക്കെയാണ് പുതിയ സ്ഥാനക്കയറ്റം. ജനുവരിയിൽ ആസ്ട്രേലിയൻ ഓപൺ കിരീടത്തോടെ തുടങ്ങി സിൻസിനാറ്റി ഓപൺ, വുഹാൻ ഓപൺ കിരീടങ്ങളും കഴിഞ്ഞ മാസം യു.എസ് ഓപണും സ്വന്തമാക്കിയാണ് സബലെങ്കയുടെ കുതിപ്പ്.
ഒരു വർഷം ആറ് ഡബ്ല്യു.ടി.എ 500 ടൂർണമെന്റുകളിൽ ഒരു താരം കളിക്കണമെന്നുണ്ട്. ഫ്രഞ്ച് ഓപൺ ചാമ്പ്യനായ സ്വിയാറ്റെക് സീസണിൽ രണ്ടെണ്ണം മാത്രമാണ് കളിച്ചത്. ഇതേതുടർന്ന് പോയന്റ് നഷ്ടംകൂടി സബലെങ്കക്ക് തുണയായി. നിലവിൽ 9706 പോയന്റുള്ള സബലെങ്ക കഴിഞ്ഞ വർഷം എട്ടാഴ്ച ഒന്നാം സ്ഥാനത്തുണ്ടായിരുന്നു. സ്വിയാറ്റെകിന് നിലവിൽ 9665 ആണ് പോയന്റ്.

