മൂന്നാംസെറ്റിൽ മിന്നും വിജയം; ആസ്ട്രേലിയൻ ഓപണിൽ റിബകിനയുടെ മധുരപ്രതികാരം; ഫൈനലിൽ സബലേങ്കയെ വീഴ്ത്തി
text_fieldsഎലിന റിബകിന ആസ്ട്രേലിയൻ ഓപൺ കിരീടവുമായി
മെൽബൺ: ആസ്ട്രേലിയൻ ഓപൺ വനിതാ സിംഗ്ൾസിൽ കിരീടവിജയവുമായി കസാഖിസ്താന്റെ എലിന റിബകിന. മെൽബണിലെ റോഡ് ലാവർ അറീനയിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ലോക ഒന്നാം നമ്പർ താരവും നിലവിലെ യു.എസ് ഓപൺ ജേതവുമായ ബെലാറസിന്റെ അരിന സബലേങ്കയെ മൂന്ന് സെറ്റ് മത്സരത്തിൽ കീഴടക്കിയാണ് 26കാരിയായ കസാഖിസ്താൻ സുന്ദരി എലിന ആസ്ട്രേലിയൻ ഓപണിന്റെ പുതിയ അവകാശിയായി മാറിയത്. സ്കോർ: 6-4 4-6 6-4.
ആദ്യ സെറ്റിൽ മിന്നും പ്രകടനവുമായി ജയിച്ച എലിനയെ രണ്ടാം സെറ്റിൽ വീഴ്ത്തിയ സബലേങ്ക തിരികെയെത്തിയെങ്കിലും നാടകീയമായ മൂന്നാം സെറ്റ് കിരീട ജേതാവിനെ നിർണയിച്ചു. അഞ്ചാം സീഡ് കൂടിയായ കസാഖ് താരം മൂന്നാം സെറ്റിൽ 0-3ന് പിന്നിൽ നിന്ന ശേഷമായിരുന്നു ഉജ്ജ്വല പ്രകടനത്തിലൂടെ തിരികെയെത്തിയത്. സർവ് ബ്രേക്ക് ചെയ്ത് തിരിച്ചു കയറിയ റിബകിന, തുടർച്ചയായി മൂന്ന് പോയന്റുകളുമായി ഒപ്പമെത്തിയതിൽ അവസാനിപ്പിച്ചില്ല. തുടർ ബ്രേക്ക് പോയന്റുകളുമായി കുതിച്ച താരം മത്സരം 5-3 എന്ന നിലയിലേക്ക് ഉയർത്തി വ്യക്തമായ മേധാവിത്വം സ്ഥാപിച്ചു. ഒരു പോയന്റ് നേടിയതിനു പിന്നാലെ, അടുത്ത പോയന്റ് സ്വന്തമാക്കി, 6-4ന് സെറ്റും, കിരീടവും ജയിച്ചു.
കരിയറിലെ അഞ്ചാം സിംഗ്ൾസ് ഗ്രാൻഡ്സ്ലാസം കിരീടം എന്ന ലക്ഷ്യവുമായി മൂന്നാം സെറ്റിൽ ഉജ്വലമായി തുടങ്ങിയ സബലേങ്കയെ അവസാന ഗെയിമുകളിൽ ഉശിരൻ സർവും ബാക്ക് ഹാൻഡ് ഷോട്ടുകളുമായി കളം വാണ എലിന തരിപ്പണമാക്കുകയായിരുന്നു. 2023, 2024 വർഷങ്ങളിലെ ആസ്ട്രേലിയൻ ഓപൺ സിംഗ്ൾസ് ജേതാവായിരുന്ന സബലേങ്ക, സർവശക്തിയും ഉപയോഗിച്ച് പൊരുതിയെങ്കിലും എലിനയുടെ പോരാട്ടവീര്യത്തിന് ബ്രേക്കിടാൻ കഴിഞ്ഞില്ല.
2023ലെ ആസ്ട്രേലിയൻ ഓപണിന്റെ ആവർത്തനമായി മാറിയ ഇത്തവണത്തെ ഫൈനലിൽ എലിന റിബകിന കണക്കുതീർത്തുകൊണ്ട് കിരീട വിജയം ഉറപ്പിച്ചു.
2022ൽ വിംബിൾഡണിലൂടെ കരിയറിലെ ആദ്യ ഗ്രാൻഡ്സ്ലാം സിംഗ്ൾസ് കിരീടം ചൂടിയ റിബകിനയുടെ രണ്ടാം ഗ്രാൻഡ്സ്ലാം വിജയമാണിത്. സബലേങ്കക്ക് തുടർച്ചയായി നാലാം വർഷമാണ് ആസ്ട്രേലിയൻ ഓപണിലെ ഫൈനൽ പ്രവേശനം. ആദ്യ രണ്ടു തവണയും കിരീടം ചൂടിയപ്പോൾ, കഴിഞ്ഞ വർഷം മാഡിസൺ കിയുടെ മുന്നിൽ കീഴടങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

