കൊറിയ ഓപൺ: സിന്ധു, ശ്രീകാന്ത് ക്വാർട്ടറിൽ; ലക്ഷ്യ പുറത്ത്
text_fieldsRepresentational Image
സോൾ: കൊറിയ ഓപൺ സൂപ്പർ 500 ടൂർണമെന്റിൽ ഇന്ത്യൻ താരങ്ങളായ പി.വി. സിന്ധുവും കിഡംബി ശ്രീകാന്തും ക്വാർട്ടറിൽ. ലോക ഏഴാം റാങ്കുകാരിയായ സിന്ധു ജപ്പാന്റെ അയ ഒഹോരിയെ 21-15 21-10നും ശ്രീകാന്ത് ഇസ്രായേൽ താരം മിഷ സിൽബർമാനെ 21-18 21-6നും വീഴ്ത്തി. മൂന്നാം സീഡായ സിന്ധുവിന് തായ്‍ലൻഡിന്റെ ബുസാനൻ ഓങ്ബാംറങ്ഫാനാണ് അവസാന എട്ടിലെ എതിരാളി. കഴിഞ്ഞ മാസം സ്വിസ് ഓപൺ ഫൈനലിൽ ബുസാനനെ കടന്നാണ് സിന്ധു കിരീടം ചൂടിയിരുന്നത്. ശ്രീകാന്തിന് മുൻ ലോക ഒന്നാം നമ്പർ താരം കൊറിയയുടെ സൺ വാൻ ഹോയാകും എതിരാളി.
ഡബ്ൾസിൽ സാത്വിക്സായ് രാജ് രങ്കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം സിംഗപുർ ജോടികളായ ഹീ യോങ് കായ് ടെറി- ലോഹ് കീൻ ഹീൻ എന്നിവരെ 21-15 21-19 ന് കീഴടക്കി ക്വാർട്ടറിലെത്തി. മറ്റു മത്സരങ്ങളിൽ ഇന്ത്യൻ പ്രതീക്ഷകളായിരുന്ന ലക്ഷ്യ സെൻ, മാളവിക ബൻസോദ് എന്നിവർ ദുർബലരായ എതിരാളികൾക്ക് മുന്നിൽ പരാജയം സമ്മതിച്ച് പുറത്തായി.