സിഡ്നി: 20 ഗ്രാന്റ് സ്ലാം കിരീടങ്ങളെന്ന ചരിത്രത്തിനൊപ്പം നിൽക്കുന്ന മറ്റു രണ്ടു താരങ്ങളില്ലാത്ത മെൽബൺ കോർട്ടിൽ ഒറ്റക്ക് കുതിച്ച് റാഫേൽ നദാൽ. പുതുവർഷത്തിൽ ഇതുവരെയും മികച്ച ഫോമുമായി കിരീട പ്രതീക്ഷ നിലനിർത്തുന്ന നദാൽ, യാനിക് ഹൻഫ്മാനെ 6-2, 6-3, 6-4ന് മറികടന്ന് മൂന്നാം റൗണ്ടിലെത്തി.
പരിക്കു വലച്ച കഴിഞ്ഞ രണ്ടു വർഷങ്ങളിൽ ഉഴറിയ താരം ഇത്തവണ ആസ്ട്രേലിയയിൽ കിരീടം തൊട്ടാൽ ഏറ്റവും കൂടുതൽ ഗ്രാന്റ് സ്ലാമുകളെന്ന പുതുയുഗപ്പിറവിയിലേക്കാകും റാക്കറ്റേന്തുക. അതേസമയം, ആദ്യ റൗണ്ടുകളിൽ ദുർബലരാണ് എതിരാളികളെന്നതിനാൽ വരുംമത്സരങ്ങളാകും താരത്തിന് ശരിക്കും നിർണായകമാകുക.
മറ്റു രണ്ടാം റൗണ്ട് മത്സരങ്ങളിൽ സ്വരേവ് 6-4, 6-4, 6-0 ന് മിൽമാനെയും മോൻഫിൽസ് 6-1, 6-0, 6-4ന് ബുബ്ലികിനെയും തോൽപിച്ചു. വനിതകളിൽ നവോമി ഒസാക 6-0,6-4ന് ബ്രംഗലെയെയും ബാർതി 6-1,6-1ന് ബ്രോൻസെറ്റിയെയും കടന്ന് മൂന്നാം റൗണ്ടിൽ ഇടമുറപ്പിച്ചു.