25ാം കിരീടത്തിനരികിൽ വീണ്ടും വീണ് ദ്യോകോവിച്; ആസ്ട്രേലിയൻ ഓപണിൽ മുത്തമിട്ട് അൽകാരസ്
text_fieldsമെൽബൺ: 25ാം ഗ്രാൻഡ് സ്ലാമെന്ന ചരിത്രത്തിന് തൊട്ടരികെ നിന്ന സെർബിയൻ ഇതിഹാസം നൊവാക് ദ്യോകോവിചിന്റെ കാത്തിരിപ്പ് പിന്നെയും നീട്ടി കരിയർ ഗ്രാൻഡ് സ്ലാമിൽ മുത്തമിട്ട് കാർലോസ് അൽകാരസിന്റെ പടയോട്ടം. വെറ്ററൻ മികവിനെതിരെ ഇളമുറക്കരുത്ത് മുഖാമുഖം നിന്ന ആസ്ട്രേലിയൻ ഓപൺ കലാശപ്പോരിൽ മിന്നും ജയവുമായാണ് സ്പാനിഷ് താരം സ്വപ്നനേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായത്.
സ്കോർ 2-6 6-2 6-3 7-5. 10 തവണ കിരീടം ചൂടിയ മെൽബൺ പാർക്കിൽ കളിക്കൊപ്പം ഭാഗ്യവും ഒപ്പം നിന്നാണ് ദ്യോകോ അവസാന നാലുവരെ എത്തിയിരുന്നത്. സെമിയിൽ സാക്ഷാൽ ചാമ്പ്യൻ സിന്നറെ വീഴ്ത്തിയതോടെ ഏറെയായി അകന്നുനിന്ന ഗ്രാൻഡ് സ്ലാം ഇത്തവണ ദ്യോകോയെ തേടിയെത്തുമെന്ന പ്രതീതിയുണർന്നു. ഫൈനലിൽ ആദ്യ സെറ്റ് അനായാസം പിടിച്ച് പ്രതീക്ഷ ഇരട്ടിയാക്കിയെങ്കിലും 22 വയസ്സും 272 ദിവസവും പ്രായമുള്ള അൽകാരസിന്റെ കൈക്കരുത്ത് കളി മാറ്റുകയായിരുന്നു.
രണ്ടും മൂന്നും സെറ്റുകൾ വൻ മാർജിനിൽ സ്വന്തമാക്കിയ സ്പാനിഷ് താരത്തിനെതിരെ പോരു കനപ്പിച്ച ദ്യോകോ നാലാം സെറ്റിൽ ഒപ്പത്തിനൊപ്പംനിന്നെങ്കിലും അവസാനം തോൽവി സമ്മതിക്കുകയായിരുന്നു. അൽകാരസിനിത് ഏഴാം ഗ്രാൻഡ് സ്ലാമാണ്. ഇതുവരെയും പിടിതരാതെനിന്ന് ആസ്ട്രേലിയൻ ഓപണ് പുറമെ, ഫ്രഞ്ച്, വിംബ്ൾഡൺ, യു.എസ് ഓപണുകളും താരം സ്വന്തമാക്കിയിട്ടുണ്ട്. 2016ൽ ദ്യോകോവിച് പൂർത്തിയാക്കിയ ശേഷം ആദ്യമായാണ് ഒരു താരം കരിയർ ഗ്രാൻഡ് സ്ലാം പൂർത്തിയാക്കുന്നത്. തോൽവിയോടെ ഏറ്റവും കൂടുതൽ ഗ്രാൻഡ് സ്ലാമുകളെന്ന റെക്കോഡിൽ ദ്യോകോവിച് മാർഗരറ്റ് കോർട്ടിനൊപ്പം തുടരും. ഇരുവരും 24 വീതമാണ് നേടിയത്.
ഇത്തവണ ഫൈനൽ കാണാൻ അൽകാരസിന്റെ നാട്ടുകാരൻ കൂടിയായ ഇതിഹാസതാരം റാഫേൽ നദാലും എത്തിയിരുന്നു. മത്സരം ജയിച്ച അൽകാരസിനെ ദ്യോകോ ആവേശപൂർവം അനുമോദിക്കുന്ന കാഴ്ചയും വേറിട്ടതായി. താൻ ഇത്രയും എത്തുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് റണ്ണേഴ്സ് ട്രോഫി ഏറ്റുവാങ്ങിയ ദ്യോകോ പറഞ്ഞു. എന്നാൽ, തനിക്ക് മാത്രമല്ല, ലോകത്തുടനീളം അത്ലറ്റുകൾക്ക് ആവേശം പകരുന്നതാണ് ദ്യോകോയുടെ സാന്നിധ്യമെന്ന് വിജയിക്കുള്ള നോർമൻ ബ്രൂക്സ് ചലഞ്ച് കപ്പ് ഏറ്റുവാങ്ങിയ അൽകാരസ് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

